യുഎസ്എസ് ജെറാൾഡ് വിമാനവാഹിനിക്കപ്പലിലെ തീപ്പിടിത്തം നീണ്ടത് 30 മണിക്കൂറിലധികം

യുഎസ്എസ് ജെറാള്‍ഡ് ഫോഡ് |ഫോട്ടോ:https://x.com/NavalInstitute
യുഎസ്എസ് ജെറാള്‍ഡ് ഫോഡ് |ഫോട്ടോ:https://x.com/NavalInstitute

ന്യൂയോർക്ക്: ഇറാനുമായുള്ള യുദ്ധത്തിന്റെ ഭാഗമായി യുഎസ് ചെങ്കടലിൽ വിന്യസിച്ച യുഎസ്എസ് ജെറാൾഡ് ഫോഡിലെ തീപ്പിടിത്തം 30 മണിക്കൂറിലേറെ നീണ്ടുനിന്നു. യുഎസ് മാധ്യമമായ ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട തീപ്പിടിത്തം മൂലം കപ്പലിലുണ്ടായിരുന്ന ഡസൻ കണക്കിന് സൈനികർക്ക് പുക ശ്വസിച്ചതിനെ തുടർന്ന് പ്രശ്‌നങ്ങളുണ്ടായാതായും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലിലെ തീപ്പിടിത്തം കഴിഞ്ഞയാഴ്ച നാവികസേന സ്ഥിരീകരിച്ചിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട തീപ്പിടിത്തമല്ലന്നും തീ നിയന്ത്രണവിധേയമാണെന്നും യുഎസ് നാവികസേന അറിയിക്കുകയുണ്ടായി. രണ്ട് നാവികർക്ക് ജീവന് അപായമില്ലാത്ത പരിക്കുകൾ പറ്റിയെന്നും അറിയിച്ചിരുന്നു.

കപ്പലിലെ യുദ്ധവിമാനങ്ങളുടെ പ്രവർത്തനങ്ങളെ തീപ്പിടിത്തം ബാധിച്ചിട്ടില്ലെന്നും ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കി.

കപ്പലിലുള്ള 4,500 ഓളം ജീവനക്കാർക്കും എയർ വിങ്ങിനും നിലവിലുള്ള സാഹചര്യങ്ങൾ അത്ര മികച്ചതല്ലെന്നാണ് റിപ്പോർട്ട്.

തീപിടുത്തത്തിൽ ഏകദേശം 600 നാവികരുടെ കിടക്കകൾ കത്തിനശിച്ചു. ലോൺട്രി ഏരിയയിലാണ് പ്രധാനമായും തീപ്പിടിത്തമുണ്ടായത് എന്നതുകൊണ്ട് തന്നെ വസ്ത്രങ്ങൾ അലക്കുന്നതിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ന്യൂയോർക്ക് ടൈംസ് പറയുന്നു.

കപ്പലിലെ ടോയ്ലറ്റുകളിലെ പ്രശ്‌നങ്ങളും രൂക്ഷമാണ്. തുടർച്ചയായി പത്ത് മാസമായി യുഎസ്എസ് ജെറാൾഡ് ഫോഡ് വിന്യസിക്കപ്പെട്ടിട്ട്.

കഴിഞ്ഞ ജൂണിൽ വിർജീനിയിൽനിന്ന് പുറപ്പെട്ട ഈ വിമാനവാഹിനി കപ്പൽ അറ്റ്‌ലാന്റിക് കടന്ന് മെഡിറ്ററേനിയനിലേക്കും, വെനസ്വേലയിലെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ വീണ്ടും അറ്റ്‌ലാന്റിക് കടന്ന് കരീബിയനിലേക്കും, ഇപ്പോൾ വീണ്ടും പശ്ചിമേഷ്യയിലേക്കും എത്തിയിരിക്കുകയാണ്.

നിലവിലെ വിന്യാസം ഏപ്രിൽ പകുതിയോടെ വരെ നീണ്ടുനിന്നാൽ, വിയറ്റ്‌നാം യുദ്ധത്തിനുശേഷം ഒരു യുഎസ് വിമാനവാഹിനിക്കപ്പലിന്റെ ഏറ്റവും ദൈർഘ്യമേറിയ വിന്യാസമായി ഇത് കണക്കാക്കപ്പെടുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Content Highlights: Over 30-hour fire incident on the USS Gerald R. Ford., Significant damage to crew quarters and laundry facilities., Impact on 4,500 crew members' living conditions