കപ്പലടുത്തു, 5000 US പട്ടാളക്കാർ പട്ടായയിൽ;വേശ്യാവൃത്തിക്ക് വിലക്ക്, കഞ്ചാവ് നിരോധനം;വൻ മുന്നൊരുക്കം

#ന്യൂസ് ഡെസ്ക്
തായ്ലൻഡിലെ പട്ടായയിൽ 'യു.എസ്.എസ്. അബ്രഹാം ലിങ്കൺ' വിമാനവാഹിനിക്കപ്പലിലെ അമേരിക്കൻ സൈനികരുടെ വരവ് സ്വാഗതം ചെയ്തുകൊണ്ടുള്ള എൽ.ഇ.ഡി. ബോർഡ് | Photo: ANTHONY WALLACE / AFP
തായ്ലൻഡിലെ പട്ടായയിൽ 'യു.എസ്.എസ്. അബ്രഹാം ലിങ്കൺ' വിമാനവാഹിനിക്കപ്പലിലെ അമേരിക്കൻ സൈനികരുടെ വരവ് സ്വാഗതം ചെയ്തുകൊണ്ടുള്ള എൽ.ഇ.ഡി. ബോർഡ് | Photo: ANTHONY WALLACE / AFP

പട്ടായ (തായ്‌ലൻഡ്): ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒൻപത് മാസത്തോളം കടലിൽ ചെലവഴിച്ച യു.എസ്.എസ്. അബ്രഹാം ലിങ്കൺ യുദ്ധക്കപ്പലിലെ നാവികർ ഒടുവിൽ തായ്‌ലൻഡിൽ ഇറങ്ങി. ഒൻപതുമാസത്തെ കഠിനദൗത്യത്തിന് ശേഷമാണ് കടുത്ത മാനസിക സമ്മർദ്ദങ്ങളും ഭക്ഷണ ക്ഷാമവും നേരിട്ട അയ്യായിരത്തോളം നാവികർ കരതൊട്ടത്. നാവികരെ വലിയ ആവേശത്തോടെയാണ് പ്രദേശവാസികൾ സ്വീകരിച്ചത്.

കഴിഞ്ഞവർഷം നവംബർ 21-നാണ് കപ്പൽ സാൻ ഡിയാഗോയിൽനിന്ന് യാത്രതിരിച്ചത്. പിന്നീട് പസഫിക് മേഖലയിൽനിന്ന് മിഡിൽ ഈസ്റ്റിലേക്ക് കപ്പൽ വഴിതിരിച്ചുവിടുകയായിരുന്നു. ഫെബ്രുവരി 28 മുതൽ യു.എസും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത ആക്രമണങ്ങളെ തുടർന്ന് ലിങ്കൺ യുദ്ധമുഖത്ത് സജീവമായിരുന്നു. കഴിഞ്ഞ ആറ് മാസമായി ദിവസേന 12 മുതൽ 14 മണിക്കൂർവരെ അവധിയില്ലാതെയാണ് കപ്പലിലെ സൈനികർ ജോലിചെയ്തത്.

ഈ കാലയളവിൽ രാജ്യാന്തര കപ്പൽ ഗതാഗതത്തിനും യു.എസ്. സേനയ്ക്കും ഭീഷണിയായ ഇരുനൂറിലധികം ഡ്രോണുകൾ കപ്പലിലെ സൈനികർ വെടിവെച്ചിട്ടതായി യു.എസ്. സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്തി. തുടർച്ചയായി 264 ദിവസമാണ് കപ്പൽ കടലിൽ കഴിഞ്ഞത്. ആകെ 286 ദിവസമാണ് കപ്പൽ ദൗത്യത്തിലുണ്ടായിരുന്നതെന്ന് ബാങ്കോക്കിലെ യു.എസ്. എംബസി വ്യക്തമാക്കി.

ദീർഘകാലവിന്യാസം കപ്പലിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാക്കുകയും നാവികരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചില നാവികർ കടലിൽച്ചാടി ആത്മഹത്യക്കു ശ്രമിച്ചെന്നും വാർത്തകൾ പുറത്തു വന്നു. ഇത്തരം ആശങ്കകൾ ശക്തമായതോടെയാണ് എബ്രാഹം ലിങ്കണെ മേഖലയിൽനിന്ന് പിൻവലിച്ചത്. യു.എസിലേക്കുള്ള മടക്കയാത്രയിൽ കപ്പലിലെ സൈനികർക്ക് മാനസികോല്ലാസം നൽകുന്നതിനാണ് പട്ടായ ട്രിപ്പ് ഒരുക്കിയത്.

തായ്‌ലൻഡിലെ പട്ടായ നഗരത്തിലാണ് സൈനികർക്ക് ഇപ്പോൾ വിശ്രമം അനുവദിച്ചിരിക്കുന്നത്. തായ്‌ലൻഡിലെ വിശ്രമവേളയിലാണെങ്കിലും യുഎസ്എസ് ലിങ്കണിലെ നാവികർക്ക് കർശനമായ ചില നിയന്ത്രണങ്ങളുണ്ട്. കപ്പലിലെ കമാൻഡിങ് ഓഫീസറുടെ നിർദ്ദേശപ്രകാരം നാവികർക്ക് അവരുടെ ഹോട്ടലുകളിൽ തിരിച്ചെത്താൻ കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. നാവികർ ലൈംഗികത്തൊഴിലാളികളെ സമീപിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതും കർശനമായി വിലക്കിയിരിക്കുന്നു.

എല്ലാ നാവികർക്കും ഒരേസമയം കരയിലേക്ക് പോകാൻ അനുവാദമില്ല. ഷിഫ്റ്റ് അടിസ്ഥാനത്തിൽ മാത്രമേ അവർക്ക് കപ്പലിൽനിന്ന് പുറത്തിറങ്ങാൻ കഴിയൂ. തായ്‌ലൻഡിൽ ആയിരിക്കുമ്പോഴും നാവികരിൽ പലരും തങ്ങളുടെ സമയത്തിന്റെ ഒരുഭാഗം കപ്പലിലെ സുരക്ഷാ ഡ്യൂട്ടികൾക്കായി മാറ്റിവെക്കേണ്ടതുണ്ട്. കപ്പലിൽ ആളുകൾ കയറുന്നതും ഇറങ്ങുന്നതും നിയന്ത്രിക്കുന്ന കാവൽ ജോലി, സുരക്ഷാ പട്രോളിങ്, കപ്പലിലെ വൈദ്യുതിയും വെള്ളവും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുള്ള എൻജിനീയറിങ് ജോലികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അതേസമയം, നീണ്ടനാളത്തെ സേവനവും കുറഞ്ഞ വിശ്രമവേളകളും സൈനികരുടെ മാനസികാവസ്ഥയെ ബാധിക്കുന്നതായും ഭാവിയിൽ കപ്പലിൽ ജോലി തുടരാൻ ആളുകൾ മടിക്കുമെന്നും ചില മുതിർന്ന നാവികർ ആശങ്ക പ്രകടിപ്പിച്ചു.

എന്നാൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ദൗത്യകാലയളവ് ‘ഒട്ടും ദൈർഘ്യമേറിയതല്ല’ എന്നാണ് അഭിപ്രായപ്പെട്ടത്. കപ്പൽ വൈകാതെതന്നെ യു.എസിലേക്ക് തിരിക്കുമെന്നും യാത്രാമധ്യേ ചിലയിടങ്ങളിൽ നിർത്തിയേക്കാമെന്നും കപ്പൽ കമാൻഡിങ് ഓഫീസർ ക്യാപ്റ്റൻ ഡാൻ കീലർ വ്യക്തമാക്കി.