‘മൂക്കിൽനിന്ന് ചോരവന്നു, രക്തം ഛർദിച്ചു’, വെനസ്വേലയിൽ യുഎസ് പ്രയോഗിച്ചത് ‘ഡയറക്ട് എനർജി ആയുധമോ’?

#ന്യൂസ് ഡെസ്ക്
Image : X / @Defencematrix1
Image : X / @Defencematrix1

വാഷിങ്ടൺ: വെനസ്വേലയിൽ നടത്തിയ സൈനികനടപടിയിൽ യുഎസ് സൈന്യം അധികമാരും ഉപയോഗിക്കാത്ത ആയുധം പ്രയോഗിച്ചതായുള്ള റിപ്പോർട്ടുകൾ ശക്തമാകുന്നു. മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള ഓപ്പറേഷനിടെ തീവ്രമായ ശബ്ദതരംഗം പോലുള്ള ഒരായുധം വെനസ്വേലൻ സൈനികരെ  പ്രവർത്തനരഹിതരാക്കിയെന്ന് ദൃക്സാക്ഷിയായ വെനസ്വേലൻ സൈന്യത്തിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. വെള്ളിയാഴ്ച എക്സ് പ്ലാറ്റ്ഫോമിൽ മൈക്ക് നെറ്റർ പങ്കുവെച്ച മാധ്യമ അഭിമുഖ ഭാഗം വെനസ്വേലൻ സുരക്ഷാ ഉദ്യോഗസ്ഥർ നിമിഷങ്ങൾക്കുള്ളിൽ കീഴടങ്ങിയതിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ഈ എക്സ് പോസ്റ്റ് യുഎസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി റീ പോസ്റ്റ് ചെയ്തിട്ടുണ്ട്.

യുഎസ് സൈന്യം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് റഡാർ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കുകയും പ്രദേശത്താകമാനം ഡ്രോണുകൾ വിന്യസിച്ച് വെനസ്വേലൻ സൈന്യത്തിന് പ്രതിരോധിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാക്കുകയും ചെയ്തു എന്നും ലവനസ്വേലൻ സുരക്ഷാഉദ്യോഗസ്ഥനായ മൈക്ക് നെറ്ററിന്റെ പോസ്റ്റിൽ പറയുന്നു. "ഞങ്ങൾ ജാഗ്രതയിലായിരുന്നു, എന്നാൽ പെട്ടെന്ന് ഒരു വിശദീകരണവുമില്ലാതെ ഞങ്ങളുടെ എല്ലാ റഡാർ സംവിധാനങ്ങളും പ്രവർത്തനരഹിതമായി, തുടർന്ന് കണ്ടത് ഞങ്ങളുടെ സ്ഥാനങ്ങൾക്ക് മുകളിലൂടെ പറക്കുന്ന ധാരാളം ഡ്രോണുകളാണ്. എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു." അദ്ദേഹം പറഞ്ഞു.

"അവർ സാങ്കേതികമായി വളരെ പുരോഗമിച്ചവരായിരുന്നു, ഞങ്ങൾ മുമ്പ് പോരാടിയ യുദ്ധങ്ങളുമായി അവയ്ക്ക് സാമ്യമില്ലായിരുന്നു. ഇതൊരു യുദ്ധമല്ല, കൂട്ടക്കൊലയാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റുമുട്ടൽ ഏകപക്ഷീയമായിരുന്നെന്നും ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചു. യുഎസ് സൈന്യത്തിന്റെ വേഗതയും കൃത്യതയും കാരണം വെനസ്വേലൻ സൈന്യത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. "ഞങ്ങൾ നൂറുകണക്കിന് ആളുകളുണ്ടായിരുന്നു, പക്ഷെ ഞങ്ങൾക്ക് യാതൊരു അവസരവുമുണ്ടായിരുന്നില്ല," അദ്ദേഹം പറഞ്ഞു. "അവർ വളരെ കൃത്യതയോടെയും വേഗതയോടെയുമാണ് വെടിയുതിർത്തത്; ഓരോ സൈനികനും മിനിറ്റിൽ 300 റൗണ്ട് വെടിയുതിർത്തതായി തോന്നി."

അതിനുശേഷം ഒരു ദുരൂഹമായ ഉപകരണം ഉപയോഗിച്ച നിമിഷം അദ്ദേഹം വിവരിച്ചു. "ഒരു ഘട്ടത്തിൽ, അവർ എന്തോ വിക്ഷേപിച്ചു; അത് എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല," അദ്ദേഹം പറഞ്ഞു. "അത് വളരെ തീവ്രമായ ഒരു ശബ്ദ തരംഗം പോലെയായിരുന്നു. പെട്ടെന്ന്, എന്റെ തല അകത്തുനിന്നും പൊട്ടിത്തെറിക്കുന്നതായി തോന്നി. ഞങ്ങൾ എല്ലാവരുടെയും മൂക്കിൽ നിന്ന് രക്തസ്രാവം തുടങ്ങി. ചിലർ രക്തം ഛർദ്ദിച്ചു. നിലത്ത് വീണ് ചലിക്കാൻ കഴിയാതെയായി. ആ ശബ്ദായുധം ഉപയോഗിച്ചതിന് ശേഷം ഞങ്ങൾക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിഞ്ഞില്ല”, അദ്ദേഹം വിശദീകരിച്ചു.

പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഈ വിവരണം റീപോസ്റ്റ് ചെയ്തത് അവകാശവാദങ്ങൾ സ്ഥിരീകരിക്കുന്നതിന് തുല്യമാണോ എന്ന കാര്യത്തിൽ വൈറ്റ് ഹൗസ് പ്രതികരിച്ചില്ല. ജനുവരി 3-ലെ ഓപ്പറേഷനിൽ ഏകദേശം 100 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി വെനസ്വേലയുടെ ആഭ്യന്തര മന്ത്രാലയം പറഞ്ഞിട്ടുണ്ട്. മരണങ്ങൾ ഏതെങ്കിലും ആയുധവുമായി ബന്ധപ്പെട്ടിരുന്നോ എന്ന് വ്യക്തമല്ല.

ഈ വിവരണം മൈക്രോവേവുകൾ അല്ലെങ്കിൽ ലേസറുകൾ പോലുള്ള ഊർജം ഉപയോഗിച്ച് ലക്ഷ്യങ്ങളെ പ്രവർത്തനരഹിതമാക്കുന്ന ഡയറക്ട് എനർജി ആയുധങ്ങളുമായി സാമ്യമുള്ളതാണെന്ന് ഒരു മുൻ യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. "സൈന്യത്തിന്റെ പക്കൽ കാലങ്ങളായി ഇത്തരം സംവിധാനങ്ങളുടെ പതിപ്പുകൾ ഉണ്ട്," ആ ഉദ്യോഗസ്ഥൻ പറഞ്ഞു. "അത്തരം ചില സംവിധാനങ്ങൾക്ക് രക്തസ്രാവം, വേദന, പൊള്ളൽ, പ്രവർത്തനരഹിതരാകൽ എന്നിവ ഉണ്ടാക്കാൻ കഴിയും."

2020-ൽ ലഡാക്കിൽ നടന്ന അതിർത്തി സംഘർഷത്തിനിടെ ഇന്ത്യൻ സൈനികർക്കെതിരെ ചൈന മൈക്രോവേവ് ആയുധം ഉപയോഗിച്ചതായി മുൻപ് ആരോപിക്കപ്പെട്ടിരുന്നു, എന്നാൽ ബെയ്ജിങ് ആരോപണം നിഷേധിച്ചു.

Content Highlights: Eyewitnesses report US forces used a powerful sonic weapon, incapacitating Venezuelan security forces during an operation to capture ex-president Maduro. White House repost sparks questions.