‘ഹൃദ്യമായ അഭിനന്ദനം’; ഇന്ത്യ-യുഎസ് ചരിത്രബന്ധം ഓർമിപ്പിച്ച് ട്രംപിന്റെ റിപ്പബ്ലിക് ദിന സന്ദേശം

വാഷിങ്ടൺ: ലോകത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്നനിലയിൽ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശംസകൾ നേർന്നു. വ്യാപാര, തീരുവ നയങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ട്രംപിന്റെ സന്ദേശം.
' 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയിലെ സർക്കാരിനും ജനങ്ങൾക്കും അമേരിക്കയിലെ ജനങ്ങളുടെ പേരിൽ എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ലോകത്തെ ഏറ്റവും പഴക്കംചെന്നതും വലുതുമായ രണ്ട് ജനാധിപത്യരാജ്യങ്ങൾ എന്ന നിലയിൽ അമേരിക്കയും ഇന്ത്യയും ചരിത്രപരമായ ബന്ധം പങ്കുവെക്കുന്നു.' ട്രംപ് പറഞ്ഞു.
ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ തിങ്കളാഴ്ച രാവിലെ റിപ്പബ്ലിക് ദിനാശംസകൾ നേർന്നിരുന്നു. ആദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും, ഇന്ത്യൻ ആകാശത്ത് പറക്കുന്ന യുഎസ് നിർമ്മിത വിമാനങ്ങൾ അമേരിക്ക-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തിന്റെ വളർച്ചയുടെ ശക്തമായ പ്രതീകമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ ‘എക്‌സി’ൽ കുറിച്ചു.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയ്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റയും ഇന്ത്യയുടെ 2026 ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുത്തിരുന്നു. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡ് തിങ്കളാഴ്ച കർത്തവ്യ പഥിൽ രാജ്യത്തിന്റെ സൈനിക ശക്തിയുടെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും ഗംഭീരമായ പ്രദർശനത്തോടെ സമാപിച്ചു.
Content Highlights: US President Trump Extends Republic Day Greetings: Acknowledging Historic US-India Democratic Bond