പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ വേട്ടയാടാന്‍ ഇന്ത്യയ്‌ക്കൊപ്പം; പിന്തുണയറിയിച്ച് തുള്‍സി ഗബ്ബാര്‍ഡ്

വാഷിങ്ടണ്‍: 26 പേരുടെ ജീവനപഹരിച്ച പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരഞ്ഞുപിടിക്കാനുള്ള ഇന്ത്യയുടെ ഉദ്യമത്തില്‍ അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് യു.എസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദികളെ ഉറപ്പായും നിയമത്തിനു മുന്നിൽ എത്തിക്കേണ്ടതുണ്ടെന്നും തുള്‍സി ഗബ്ബാര്‍ഡ് പറഞ്ഞു.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് തുള്‍സി ഗബ്ബാര്‍ഡിന്റെ പ്രതികരണം. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പരസ്യപ്രതികരണത്തിന് മുതിര്‍ന്ന ഉന്നതവ്യക്തികളില്‍ ഒരാളാണ് തുള്‍സി ഗബ്ബാര്‍ഡ്. പഹല്‍ഗാമില്‍ ഹിന്ദുക്കളെ ലക്ഷ്യമിടുകയും 26 പേരെ കൊലപ്പെടുത്തുകയും ചെയ്ത ഇസ്ലാമിക ഭീകരാക്രമണത്തില്‍ ഇന്ത്യയ്‌ക്കൊപ്പം എല്ലാഅര്‍ഥത്തിലും അമേരിക്ക നിലകൊള്ളുന്നതായി അവര്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു
"പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഇന്ത്യന്‍ ജനതയ്ക്കുമൊപ്പം എന്റെ പ്രാര്‍ഥനയും സഹാനുഭൂതിയുമുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, ഈ നീചപ്രവൃത്തിയ്ക്ക് ഉത്തരവാദികളായവരെ വേട്ടയാടാന്‍ എല്ലാ പിന്തുണയുമുണ്ടാകും", തുള്‍സി പോസ്റ്റില്‍ പറഞ്ഞു.
ഭീകരാക്രമണത്തെ നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ ശക്തമായി അപലപിച്ചിരുന്നു. പ്രധാനമന്ത്രി മോദിയെ ഫോണില്‍ ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും ട്രംപ് അറിയിക്കുകയും ചെയ്തിരുന്നു. അമേരിക്ക ഇന്ത്യയ്‌ക്കൊപ്പമാണെന്നും ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുന്നതായും പ്രസിഡന്റ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയും വ്യക്തമാക്കിയിരുന്നു.
Content Highlights: Tulsi Gabbard pledges US support to India`s efforts to bring the perpetrators of Pahalgham Attack