‘എപിക് ഫ്യൂറി’ക്കൊരുങ്ങി യുഎസ്, യുദ്ധവിമാനങ്ങളുമായി ഇസ്രയേൽ; 'ഫാദർ ഓഫ് ഓൾ ബോംബ്' പുറത്തെടുക്കുമെന്ന് ഇറാൻ

വാഷിങ്ടൺ/ ടെൽ അവീവ്: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ ഇതുവരെയുള്ളതിൽവച്ച് ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്ന സൂചന നൽകി അമേരിക്കയും ഇസ്രയേലും നീക്കങ്ങൾ ശക്തമാക്കി. ചർച്ച തടസ്സപ്പെടുകയും ഇരുവിഭാഗങ്ങളും ഭീഷണികൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, വരുംദിവസങ്ങളിൽ ആക്രമണങ്ങൾ പുനരാരംഭിച്ചേക്കാമെന്ന് സൂചനയുണ്ട്.
നിലവിൽ രണ്ട് വിമാനവാഹിനി കപ്പലുകളാണ് പശ്ചിമേഷ്യയിൽ യു.എസ്. വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് തിയോഡോർ റൂസ്വെൽറ്റിനെ (USS Theodore Roosevelt) അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുണ്ട്. ഇതോടെ ,നവംബർ ആദ്യത്തോടെ ഇരുപതിനായിരത്തിലധികം നാവികരും മറൈനുകളും നൂറുകണക്കിന് യുദ്ധവിമാനങ്ങളും മേഖലയിൽ സജ്ജമാകും. കൂടാതെ, ഇറാന്റെ ആണവനിലയങ്ങളെ ലക്ഷ്യമിട്ട് 'മദർ ഓഫ് ഓൾ ബോംബ്' (GBU-43/B MOAB) പ്രയോഗിച്ചേക്കുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുകയാണ് എന്നാണ്.
അമേരിക്കയുടെ ആക്രമണം മുൻകൂട്ടി കണ്ട് ഇറാനും തയ്യാറെടുക്കുകയാണ്. ഇറാൻ ഒറ്റയടിക്ക് 30 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചുകൊണ്ട് രാജ്യവ്യാപകമായി സൈനിക പരിശീലനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അമേരിക്കൻ ആക്രമണമുണ്ടായാൽ എണ്ണ ശുദ്ധീകരണശാലകൾ, കടലടിത്തട്ടിലെ കേബിളുകൾ, ഡാറ്റാ സെന്ററുകൾ എന്നിവ ലക്ഷ്യമിടുമെന്ന് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സൻ റെസായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, 'ഫാദർ ഓഫ് ഓൾ ബോംബ്' (FOAB) എന്ന പുതിയ ആയുധം തയ്യാറായി വരുന്നുവെന്ന് ഇറാൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലെ അമേരിക്കൻ പൗരന്മാർക്ക് യു.എസ്. എംബസികൾ സുരക്ഷാ മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും മടങ്ങാൻ ഒക്ടോബർ 21-ന് യു.എസ്. ആവശ്യപ്പെട്ടു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂതി നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതിനെ തുടർന്ന്, സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയും സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഒക്ടോബർ 31 വരെ ഇന്ത്യൻ എയർലൈനുകൾ സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കുകയും മക്കയിലും മദീനയിലുമുള്ള 4,000 തീർഥാടകരെ ഒഴിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇതിനിടെ, ഡസൻകണക്കിന് ഇസ്രയേലി യുദ്ധവിമാനങ്ങൾ സിറിയൻ, ഇറാഖി വ്യോമപാതയിലൂടെ ഇറാന്റെ അതിർത്തിക്ക് സമീപം നിരീക്ഷണ പറക്കൽ നടത്തിയത് സംഘർഷസാധ്യത വർധിപ്പിക്കുന്നു. ഇസ്രയേലും ഇത്തവണ ഇറാനെതിരായ ആക്രമണത്തിൽ പങ്കാളിയാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കാനിരിക്കുന്ന അമേരിക്കൻ, ഇസ്രയേൽ തിരഞ്ഞെടുപ്പുകൾ സൈനിക നടപടിയുടെ സമയത്തെ സ്വാധീനിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം തുറന്നുകൊടുക്കാനും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുകൊടുക്കാനും ഇറാൻ വിസമ്മതിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് ഇസ്രയേലും അമേരിക്കയും ആരോപിക്കുന്നത്. എന്നാൽ, നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തുള്ള കീഴടങ്ങലിനില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയിട്ടുള്ളത്.
Content Highlights: Us and Iran tensions rise as military actions intensify, with MOAB and FOAB weapons potentially in play, signaling possible conflict escalation.