‘യുഎസിന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ...’; കരാർ ഒപ്പുവെക്കുന്നതിൽ ഇറാന് ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നിർണായക ഘട്ടത്തിലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സമാധാന കരാറിലേക്ക് തങ്ങൾ അടുക്കുകയാണെന്നും ലാറ ട്രംപുമായി നടത്തിയ ഫോക്സ് ന്യൂസ് അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമിക്കില്ലെന്ന കാര്യത്തിൽ ഉറപ്പ് ലഭിച്ചാൽ മാത്രമേ കരാറിൽ ഒപ്പുവെക്കുകയുള്ളൂവെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇറാൻ ഇക്കാര്യത്തിൽ സമ്മതം മൂളിയിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. ചർച്ചകളിൽ ധൃതി കാണിക്കുന്നത് നല്ലതല്ലെന്നും എന്നാൽ, അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ‘മറ്റൊരു രീതിയിൽ’ ഇത് അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.
ഇറാന്റെ നാവികസേനയെയും വ്യോമസേനയെയും യുഎസ് പൂർണമായും തകർത്തെങ്കിലും, അവരുടെ സൈന്യത്തിലെ ഒരു വിഭാഗത്തെ ബാക്കിവെച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ സൈനിക നേതൃത്വത്തിൽ ഒരു വിഭാഗം മിതവാദികളാണെന്ന് കരുതുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇറാഖ് യുദ്ധത്തിൽ സംഭവിച്ചത് പോലെ ഒരു രാജ്യത്തിന്റെ ഘടന മുഴുവനായി തകർക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
അതേയമയം, വൈറ്റ് ഹൗസിൽ വെള്ളിയാഴ്ച നടന്ന രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ ഇറാൻ കരാർ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായില്ല. അമേരിക്കയുടെ താൽപ്പര്യങ്ങൾ ഇറാൻ പൂർണമായി അംഗീകരിച്ചാൽ മാത്രമേ കരാറിൽ ഒപ്പുവെക്കുകയുള്ളൂ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Trump confirms progress in US-Iran diplomatic negotiations., Nuclear non-proliferation remains the primary condition for a deal., US strategy focuses on avoiding total state collapse while neutralizing military threats., White House discussions ongoing with no final agreement reached yet.