പാക്- താലിബാന്‍ ചര്‍ച്ച പരാജയപ്പെട്ടതിന് കാരണം ഇന്ത്യയല്ല; പിന്നില്‍ യു.എസ് ഡ്രോണ്‍ ആക്രമണങ്ങള്‍

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടവും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നില്‍ പാകിസ്താനില്‍ നിന്നുള്ള യുഎസ് ഡ്രോണുകളുടെ സാന്നിധ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍. തുർക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇസ്താംബൂളില്‍  നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന് കാരണം യുഎസ് ഡ്രോണുകളെ തടയാന്‍ പാകിസ്താന്‍ തയ്യാറാകാത്തതു കൊണ്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചക്കിടെ താലിബാന്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യമായിരുന്നു ഇത്. പാകിസ്താനിലേക്ക് അഫ്ഗാനില്‍ നിന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ തടയാന്‍ സഹായിക്കണമെങ്കില്‍ അഫ്ഗാന്‍ വ്യോമാതിര്‍ത്തി ലംഘിക്കുന്ന യുഎസ് ഡ്രോണുകളെ പാകിസ്താന്‍ തടയണമെന്നതായിരുന്നു താലിബാന്റെ ആവശ്യം.

എന്നാല്‍, യുഎസ് ഡ്രോണുകളെ തടയണമെന്ന ആവശ്യം പാകിസ്താന്‍ നിരാകരിച്ചുവെന്ന് അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താനില്‍ നിരീക്ഷണം നടത്താനും ആക്രമണങ്ങള്‍ നടത്താനും ഒരു വിദേശരാജ്യവുമായി കരാറുണ്ടെന്ന് പാകിസ്താന്‍ ചര്‍ച്ചയ്ക്കിടെ സമ്മതിച്ചിരുന്നു. ഈ വിദേശ രാജ്യം യു.എസ് ആണെന്ന് പിന്നീട് വ്യക്തമായി. ഇത് അവസാനിപ്പിക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു.

യുഎസുമായി ഡ്രോണ്‍ ആക്രമണങ്ങള്‍ അനുവദിക്കുന്ന കരാര്‍ തങ്ങള്‍ക്കുണ്ടെന്നും അത് ലംഘിക്കാന്‍ കഴിയില്ലെന്നും പാകിസ്താന്‍ വാദിച്ചു. പിന്നീട് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാമെന്ന് പാക് പ്രതിനിധികള്‍ പറഞ്ഞെങ്കിലും പാകിസ്താനില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് പ്രതിനിധികള്‍ നിലപാട് മാറ്റിയെന്നും ടോളോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് ഡ്രോണുകളില്‍ തങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നും ഐഎസിനെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്നും അവര്‍ അറിയിച്ചു.

ഇതോടെ ചര്‍ച്ച തുടര്‍ന്നുകൊണ്ടുപോകാന്‍ താലിബാന്‍ താത്പര്യപ്പെട്ടില്ല. പാക് പ്രതിനിധികളുടെ നിലപാട് മാറ്റത്തില്‍ മധ്യസ്ഥരായിരുന്ന തുര്‍ക്കിയും ഖത്തറും അത്ഭുതപ്പെട്ടുവെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്. എന്നാല്‍, ചര്‍ച്ച പരാജയപ്പെടാനുള്ള കാരണം ഇന്ത്യയാണെന്നാണ് പാകിസ്താന്‍ ആരോപിച്ചത്. താലിബാന്‍ ഭരണകൂടത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ പാകിസ്താന് സ്വന്തം ആയുധശേഖരത്തിന്റെ ഒരുഭാഗംപോലും ഉപയോഗിക്കേണ്ടി വരില്ലെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlights: US drone presence reportedly caused the failure of Taliban-Pakistan ceasefire talks in Istanbul. Pakistan`s refusal to block US drones led to the breakdown.