അന്യായമായി 43 വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇന്ത്യന്‍ വംശജനെ നാടുകടത്തുന്നത് തടഞ്ഞ് യുഎസ് കോടതികള്‍

ന്യൂയോര്‍ക്ക്: കൊലപാതകക്കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ട് നാല് പതിറ്റാണ്ടോളം ജയിലില്‍ കഴിഞ്ഞ ശേഷം ഈ വര്‍ഷം ആദ്യം ശിക്ഷാവിധി റദ്ദാക്കപ്പെട്ട ഇന്ത്യന്‍ വംശജനായ സുബ്രഹ്‌മണ്യം വേദം (64) എന്നയാളെ നാടുകടത്തരുതെന്ന് കുടിയേറ്റ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി രണ്ട് യുഎസ് കോടതികള്‍.
ഇന്ത്യയില്‍നിന്ന് മാതാപിതാക്കളോടൊപ്പം നിയമപരമായി യുഎസില്‍ എത്തുമ്പോള്‍ വേദത്തിന് ഒമ്പത് മാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. പെന്‍ സ്റ്റേറ്റില്‍ അധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.
വേദത്തിന്റെ കേസ് പുനഃപരിശോധിക്കണമോ എന്ന കാര്യത്തില്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ അപ്പീല്‍സ് തീരുമാനമെടുക്കുന്നതുവരെ, അദ്ദേഹത്തെ നാടുകടത്തുന്നത് ഇമിഗ്രേഷന്‍ ജഡ്ജി സ്റ്റേ ചെയ്തു. തീരുമാനം വരാൻ മാസങ്ങളെടുത്തേക്കാം. പെന്‍സില്‍വാനിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍നിന്നു സ്റ്റേ ലഭിച്ചിരുന്നു. എന്നാല്‍ ഇമിഗ്രേഷന്‍ കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ കേസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കാമെന്ന് വേദത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു.
ബന്ധുക്കള്‍ക്കിടയില്‍ 'സുബ്ബു' എന്നറിയപ്പെടുന്ന വേദം യുഎസിലെ നിയമപരമായ സ്ഥിരതാമസക്കാരനാണ്. 1982-ല്‍ കൊലപാതകക്കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ പൗരത്വത്തിനുള്ള അപേക്ഷ സ്വീകരിക്കപ്പെട്ടിരുന്നു. 1980-ല്‍ സുഹൃത്തായ തോമസ് കിന്‍സറെ കൊലപ്പെടുത്തിയെന്നാണ് വേദത്തിനെതിരായ ആരോപണം.
കിന്‍സറെ അവസാനമായി കണ്ടത് വേദത്തിനൊപ്പം ആയിരുന്നു എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. കൃത്യമായ സാക്ഷികളോ മറ്റ് തെളിവുകളോ ഇല്ലായിരുന്നിട്ടും വേദത്തെ രണ്ട് തവണ കൊലപാതകക്കുറ്റത്തിന് ശിക്ഷിച്ചു. പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്താതിരുന്ന പുതിയ തെളിവുകള്‍ വേദത്തിന്റെ അഭിഭാഷകര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ ശിക്ഷാവിധി റദ്ദാക്കിയത്.
നാല് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുറ്റവിമുക്തനായി ഒക്ടോബര്‍ മൂന്നിന് പെന്‍സില്‍വാനിയ ജയിലില്‍നിന്ന് മോചിതനായപ്പോൾ അദ്ദേഹത്തെ ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നാടുകടത്താനുള്ള എയര്‍സ്ട്രിപ്പ് സൗകര്യമുള്ള ലൂസിയാനയിലെ അലക്‌സാണ്ട്രിയയിലുള്ള താല്‍ക്കാലിക തടങ്കല്‍ കേന്ദ്രത്തിലാണ് വേദം ഇപ്പോള്‍ കഴിയുന്നത്.
കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ സെന്‍ട്രല്‍ പെന്‍സില്‍വാനിയയില്‍നിന്ന് അങ്ങോട്ട് മാറ്റിയതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
ഏകദേശം 20 വയസ്സുള്ളപ്പോള്‍ എല്‍എസ്ഡി കൈമാറ്റം ചെയ്‌തെന്ന കുറ്റത്തിന് അദ്ദേഹം നല്‍കിയ 'നോ-കോണ്ടെസ്റ്റ്' അപേക്ഷയുടെ പേരിലാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) വേദത്തെ നാടുകടത്താന്‍ ശ്രമിക്കുന്നത്. അതേസമയം, അന്യായമായി ജയിലില്‍ ചെലവഴിച്ച നാല് പതിറ്റാണ്ടുകാലം, ഈ മയക്കുമരുന്ന് കേസിനെക്കാള്‍ പരിഗണിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിക്കുന്നു.
ശിക്ഷാകാലയളവില്‍ ബിരുദങ്ങള്‍ നേടുകയും സഹതടവുകാരെ പഠിപ്പിക്കുകയും ചെയ്തിരുന്നു സുബ്ബു. കൊലപാതകക്കേസിലെ വിധി റദ്ദാക്കിയത് മയക്കുമരുന്ന് കേസിലെ ശിക്ഷയെ ഇല്ലാതാക്കുന്നില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വക്താവ് പറഞ്ഞു.
സുബ്ബുവിന്റെ ഇമിഗ്രേഷന്‍ കേസ് പുനഃരാരംഭിക്കാനുള്ള ശ്രമം പരിഗണനയിലിരിക്കെ, അദ്ദേഹത്തെ നാടുകടത്തുന്നത് അനാവശ്യമാണെന്ന് രണ്ട് ജഡ്ജിമാര്‍ സമ്മതിച്ചതില്‍ കുടുംബത്തിന് ആശ്വാസമുണ്ടെന്ന് വേദത്തിന്റെ സഹോദരി സരസ്വതി വേദം പറഞ്ഞു.
'ചെയ്യാത്ത കുറ്റത്തിന് 43 വര്‍ഷം ജയിലില്‍ കഴിയുകയും ഒമ്പത് മാസം പ്രായം മുതല്‍ യുഎസില്‍ ജീവിക്കുകയും ചെയ്ത ഒരു മനുഷ്യനോട് കാണിക്കുന്ന, ന്യായീകരിക്കാനാവാത്ത മറ്റൊരു അനീതിയായിരിക്കും സുബ്ബുവിനെ നാടുകടത്തുന്നതെന്ന് ബോര്‍ഡ് ഓഫ് ഇമിഗ്രേഷന്‍ അപ്പീല്‍സ് ഒടുവില്‍ അംഗീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.' സഹോദരി പറഞ്ഞു.
Content Highlights: Two US courts have halted the deportation of Subramanyam Vedam, an Indian-origin man wrongfully jailed for 43 years. His murder conviction was overturned, but ICE seeks deportation over an old drug charge.