ഇസ്രയേലിന് 15.1 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ അടിയന്തര അനുമതി നൽകി യുഎസ്

യുഎസ് വിമാനവാഹിനി കപ്പലായ ജെറാള്‍ഡ് ആര്‍. ഫോര്‍ഡില്‍നിന്നുള്ള ദൃശ്യം |ഫോട്ടോ:https://x.com/CENTCOM
യുഎസ് വിമാനവാഹിനി കപ്പലായ ജെറാള്‍ഡ് ആര്‍. ഫോര്‍ഡില്‍നിന്നുള്ള ദൃശ്യം |ഫോട്ടോ:https://x.com/CENTCOM

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ, ഇസ്രയേലിന് 15.1 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അടിയന്തര അംഗീകാരം നൽകി.

ആയുധ കയറ്റുമതി നിയന്ത്രണ നിയമപ്രകാരമുള്ള സാധാരണ നടപടികൾ ഒഴിവാക്കി, ഒരു അടിയന്തര തീരുമാന പ്രകാരമാണ് ഈ വിൽപ്പനക്ക് അംഗീകാരം നൽകിയത്.

നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ' നേരിടാനും, സ്വന്തം പ്രതിരോധം ശക്തിപ്പെടുത്താനും, പ്രാദേശിക ശത്രുക്കളെ തടയാനും ഈ കൈമാറ്റം ഇസ്രയേലിനെ സഹായിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ പ്രമുഖ പ്രതിരോധ കരാറുകാരുമായി ആയുധ ഉത്പാദനം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതിന് പിന്നാലെയാണ് ഈ അംഗീകാരം.

നിലവിലെ സൈനിക നീക്കങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ആയുധങ്ങളുടെ ഉത്പാദനം നാലിരട്ടിയാക്കാൻ പ്രതിരോധ രംഗത്തെ വ്യവസായികൾ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമ്മതിക്കുകയും ചെയ്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതിനിടെ ഇറാനുമായുള്ള യുദ്ധം ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഐക്യം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പെന്റഗൺ വക്താവ് പാർനെൽ പറഞ്ഞു. പശ്ചിമേഷ്യയെ യുദ്ധം അസ്ഥിരപ്പെടുത്തിയെന്ന ആരോപണം തള്ളിക്കൊണ്ടാണ് യുഎസ് ഇത്തരത്തിലുള്ള വാദം ഉയർത്തിയത്.

'ചില വ്യാജവാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുപോലെ, ഓപ്പറേഷൻ എപിക് ഫ്യൂറി ഈ മേഖലയെ ഒരു ആശയക്കുഴപ്പത്തിലേക്ക് തള്ളിവിട്ടിട്ടില്ല' പാർനെൽ എക്‌സിൽ കുറിച്ചു. 'യഥാർത്ഥത്തിൽ, ഇത് നമ്മുടെ പ്രധാന ഗൾഫ് പങ്കാളികൾക്കിടയിൽ അഭൂതപൂർവമായ ഐക്യം രൂപപ്പെടുത്തിയിട്ടുണ്ട്' പെന്റഗൺ വക്താവ് കൂട്ടിച്ചേർത്തു.

Content Highlights: US State Department approved an emergency $151.8 million arms sale to Israel., The move bypasses standard congressional review to address immediate security threats