ജീവന്മരണ പോരാട്ടം, 50 മണിക്കൂർ നീണ്ട അതിജീവനം, വിമാനം തകർന്ന് ഇറാനിൽ കുടുങ്ങിയ യുഎസ് സൈനികൻ രക്ഷപ്പെട്ടതിങ്ങനെ

വാഷിങ്ടൺ: വിമാനം തകർന്നുവീണതിനെ തുടർന്ന് 50 മണിക്കൂറോളം ഇറാന്റെ അതിർത്തിക്കുള്ളിൽ പരിക്കുകളുമായി അതിജീവിച്ച യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥനെ സാഹസിക ദൗത്യത്തിലൂടെയാണ് അമേരിക്ക രക്ഷപ്പെടുത്തിയത്. എഫ്-15ഇ ഫൈറ്റർ ജെറ്റിലെ വെപ്പൺസ് സിസ്റ്റംസ് ഓഫീസറെയാണ് ശത്രുരാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ നിന്ന് അതീവദുഷ്‌കരമായ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയത്. സിബിഎസ് ന്യൂസിന്റെ '60 മിനിറ്റ്‌സ്' പരിപാടിയിലൂടെയാണ് ഈ അപൂർവ അതിജീവനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
ഏപ്രിൽ രണ്ടിന് ഇറാന്റെ ഡ്രോൺ-മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പറന്ന എഫ്-15ഇ വിമാനം ഇസ്ഫഹാനു സമീപ വച്ച് ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകരുകയായിരുന്നു. അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന പൈലറ്റായ 'ആൽഫ'യും കേണൽ 'ബ്രാവോ'യും ഇജക്ടിങ് എന്ന അടിയന്തരനടപടിയിലൂടെ പുറത്തുകടന്നു. എന്നാൽ പാരച്യൂട്ടിന് തകരാർ സംഭവിച്ചതിനാൽ ബ്രാവോ താഴേക്ക് പതിച്ചു. വീഴ്ചയിൽ അദ്ദേഹത്തിന്റെ നട്ടെല്ലിനും കൈയ്ക്കും തോളിനും ഗുരുതരമായി പരിക്കേറ്റു. പരിക്കുകൾ അവഗണിച്ച് അപകടസ്ഥലത്തുനിന്ന് എട്ട് കിലോമീറ്ററോളം മാറി 7000 അടി ഉയരമുള്ള മലനിരകളിലേക്ക് ബ്രാവോ ഇഴഞ്ഞു നീങ്ങി ഒളിച്ചിരുന്നു. ഇറാനിയൻ സൈന്യം അദ്ദേഹത്തെ തിരഞ്ഞ് ഏതാനും നൂറ് മീറ്റർ അടുത്തുവരെ എത്തിയെങ്കിലും കണ്ടെത്താനായില്ല.
ആക്രമണം നടന്ന് ഏതാനും മണിക്കൂറുകൾക്കകം പൈലറ്റായ ആൽഫയെ യുഎസ് സൈന്യം രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ബ്രാവോയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സിഐഎ നടത്തിയ രഹസ്യാന്വേഷണ നീക്കങ്ങളുടെയും സഹായത്തോടെ ബ്രാവോയുടെ സ്ഥാനം കണ്ടെത്തുകയായിരുന്നു. നൂറോളം സൈനികർ നേരിട്ടും നൂറിലധികം പേർ വ്യോമമാർഗവും പങ്കാളികളായിക്കൊണ്ടാണ് ബ്രാവോയെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയത്. പ്രതിരോധം തീർക്കാനായി ആയിരക്കണക്കിന് സൈനികരും ദൗത്യത്തിൽ പങ്കാളികളായി.
രക്ഷാപ്രവർത്തനത്തിനിടെ മരുഭൂമിയിലെ മണലിൽ ഉറച്ചുപോയ രണ്ട് യുഎസ് വിമാനങ്ങൾ രഹസ്യ വിവരങ്ങൾ ചോരാതിരിക്കാനായി യുഎസ് സൈന്യം തന്നെ തകർത്തു. ഒടുവിൽ വിമാനം തകർന്ന് 50 മണിക്കൂറുകൾക്ക് ശേഷം ഈസ്റ്റർ ദിവസം രാവിലെ ബ്രാവോയെ സുരക്ഷിതമായി അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തുകയായിരുന്നു.
ഒപ്പമുള്ളവരെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന അമേരിക്കയുടെ വാഗ്ദാനവും പരിശീലനവും കൂട്ടായ്മയുമാണ് ഈ രക്ഷാപ്രവർത്തനത്തിന് കരുത്തായതെന്ന് രക്ഷപ്പെട്ടതിനുശേഷം ബ്രാവോ പ്രതികരിച്ചു. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും സാഹസികമായ രക്ഷാപ്രവർത്തനങ്ങളിൽ ഒന്നാണിതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: A US F-15E fighter jet was shot down near Isfahan, Iran, on April 2., Weapon Systems Officer Colonel Bravo survived with severe injuries and hid in mountainous terrain for 50 hours., A massive, highly complex US rescue operation involving hundreds of personnel successfully extracted him., US President Donald Trump hailed it as one of the most daring rescue missions in US history.