ബലൂചിസ്ഥാൻ ലിബറേഷൻ ആർമിക്ക് ഉപരോധമേര്‍പ്പെടുത്താനുള്ള ചൈന-പാക് നീക്കം തടഞ്ഞ് യുഎസും സഖ്യകക്ഷികളും

ജനീവ: ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ), ചാവേർ സംഘടനയായ മജീദ് ബ്രിഗേഡ് എന്നിവയ്ക്ക് ഉപരോധം ഏർപ്പെടുത്താനുള്ള പാകിസ്താന്റെയും ചൈനയുടെയും സംയുക്ത ശ്രമത്തിന് ഐക്യരാഷ്ട്രസഭയിൽ (യുഎൻ) പ്രതിരോധം. യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഉപരോധ നടപടിക്കെതിരെ രംഗത്തെത്തിയത്. ഈ സംഘടനകളെ വിദേശ ഭീകരസംഘടനകളായി ഒരു മാസം മുൻപ് യുഎസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ സംഘടനകൾക്ക് ഭീകരസംഘടകളായ അൽ ഖായിദയുമായോ ഐഎസ്ഐഎലുമായോ ബന്ധിപ്പാക്കാൻ മതിയായ തെളിവുകളില്ലെന്ന് യുഎസും സഖ്യകക്ഷികളും ചൂണ്ടിക്കാട്ടി.
യുഎൻ 1267 പ്രകാരമാണ് സംഘടനകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള നീക്കം പാകിസ്താന്റെയും ചൈനയുടെയും ഭാഗത്തുനിന്നുണ്ടായത്. യുഎൻ സുരക്ഷാ സമിതിയുടെ 1267-ാം പ്രമേയമാണ് യുഎൻ 1267 എന്നറിയപ്പെടുന്നത്. അൽ ഖായിദ, താലിബാൻ, ഐഎസ്ഐഎൽ എന്നിവയുമായി ബന്ധമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും യാത്രാ വിലക്ക്, ആസ്തി മരവിപ്പിക്കൽ, ആയുധ ഉപരോധം തുടങ്ങിയ ഉപരോധങ്ങൾ ഈ പ്രമേയപ്രകാരം ഏർപ്പെടുത്തുന്നു.
നേരത്തെ, ബിഎൽഎയ്ക്കും മജീദ് ബ്രിഗേഡിനും ഉപരോധം ഏർപ്പെടുത്താൻ പാകിസ്താനും ചൈനയും സുരക്ഷാ സമിതിയിൽ സംയുക്തമായി അപേക്ഷ സമർപ്പിച്ചിരുന്നു. ബുധനാഴ്ച, ഐഎസ്ഐഎൽ-കെ, അൽ-ഖായിദ, തെഹരീക്- എ-താലിബാൻ പാകിസ്താൻ, ബിഎൽഎ, മജീദ് ബ്രിഗേഡ് എന്നിവയുൾപ്പെടെയുള്ള ഭീകരസംഘടനകൾ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുകയും അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെന്ന് യുഎന്നിലെ പാകിസ്താന്റെ സ്ഥിരം പ്രതിനിധി, അംബാസഡർ അസിം ഇഫ്തിഖർ അഹമ്മദ് ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: US, UK, & France oppose Pakistan, China`s bid to sanction BLA & Majeed