'മിഡിൽ ഈസ്റ്റിലെ വഴക്കാളി, കരാറിലെത്താൻ വൈകുന്നതിന് ഇറാൻ വലിയ വിലനൽകേണ്ടിവരും’; ഭീഷണിയുമായി ട്രംപ്

#ന്യൂസ് ഡെസ്‌ക്
ഡൊണാൾഡ് ട്രംപ് | Photo: AFP
ഡൊണാൾഡ് ട്രംപ് | Photo: AFP

വാഷിങ്ടൺ: അമേരിക്കയുമായി കരാറിൽ എത്തിച്ചേരാൻ ഇറാൻ വൈകുന്നതിൽ രൂക്ഷപ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരേ കൂടുതൽ സൈനികനടപടികൾ ഉടനുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. ഇറാനെതിരായ യുഎസിന്റെ സൈനികനടപടിക്ക് തൊട്ടുപിറ്റേന്നാണ് ട്രംപിന്റെ പ്രതികരണം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്ന സാഹചര്യത്തിൽ, ഇറാനിലെ ഊർജനിലയങ്ങൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾക്കുമേൽ പുതിയ ആക്രമണം നടത്താനുള്ള ഉത്തരവ് ട്രംപ് ഉടൻ പുറപ്പെടുവിച്ചേക്കുമെന്നാണ് വിവരം.

തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ സമാധാന കരാറിൽ എത്തിച്ചേരുന്നതിൽ ഇറാൻ വരുത്തുന്ന കാലതാമസത്തെ ട്രംപ് വിമർശിക്കുന്നുണ്ട്. അതിനുള്ള പ്രത്യാഘാതം അവർ അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇറാന്റെ സൈന്യം ആകെ താറുമാറായിക്കഴിഞ്ഞു. അവരുടെ നാവിക, വ്യോമസേനകൾ ഇപ്പോൾ നിലവിൽപോലുമില്ല. അവരെ സമ്പൂർണമായി പരാജയപ്പെടുത്തിയിരിക്കുകയാണ്, ട്രംപ് അവകാശപ്പെട്ടു.

നയതന്ത്രത്തിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ഇറാൻ പരാജയപ്പെട്ടതായും ട്രംപ് ആരോപിച്ചു. അവർക്ക് ഏറെ ഗുണകരമാകുന്ന ഒരു കരാറിനുവേണ്ടിയുള്ള ചർച്ചകൾ നടത്താൻ അവർ ഒരുപാട് സമയമെടുത്തു. ഇനി അവർ അതിന് വില കൊടുക്കേണ്ടിവരും, ട്രംപ് കുറിപ്പിൽ കൂട്ടിച്ചേർത്തു.

ഇറാനെ ‘മിഡിൽ ഈസ്റ്റിലെ വഴക്കാളി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അവരുടെ സൈനികശേഷി ദുർബലപ്പെട്ടതായി അവകാശപ്പെടുകയും ചെയ്തു. ‘മിഡിൽ ഈസ്റ്റിലെ വഴക്കാളി മരിച്ചു’, എന്നായിരുന്നു ട്രംപിന്റെ പരാമർശം.

Content Highlights: Trump threatens further military action against Iran's infrastructure., Iran accused of delaying critical 2026 diplomatic negotiations., Trump claims Iran's military capabilities have been severely weakened., Escalating tensions follow recent US military strikes in the region.