ആളുകൾ കൊല്ലപ്പെടുന്നു, റഷ്യയുമായി ഒത്തുതീർപ്പിലെത്തണം; സെലൻസ്‌കിയെ ഉപദേശിച്ച് ട്രംപ്

#ന്യൂസ് ഡെസ്ക്
വൊളോദിമിര്‍ സെലൻസ്‌കി, ഡൊണാൾഡ് ട്രംപ് | AFP
വൊളോദിമിര്‍ സെലൻസ്‌കി, ഡൊണാൾഡ് ട്രംപ് | AFP

വാഷിങ്ടൺ: റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച് ഒത്തുതീർപ്പിലെത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു ട്രംപ്.

യുദ്ധത്തിൽ വലിയ രീതിയിലുള്ള ജീവഹാനിയാണ് സംഭവിക്കുന്നതെന്നും കഴിഞ്ഞ മാസംമാത്രം 25,000 പേരും അതിനു മുൻപുള്ള മാസങ്ങളിൽ 32,000 പേരും (പ്രധാനമായും സൈനികർ) കൊല്ലപ്പെട്ടതായും ട്രംപ് ചൂണ്ടിക്കാട്ടി. റഷ്യയും യുക്രെയ്നും യുദ്ധം അവസാനിപ്പിക്കാൻ ഒരു ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇരുപക്ഷവും യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, കീവിലെ പാർപ്പിട സമുച്ചയത്തിനുനേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സെലെൻസ്കി ആരോപിച്ചു. റഷ്യ ആക്രമണങ്ങൾ തീവ്രമാക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം വിദേശ പൗരന്മാരെ വഞ്ചനയിലൂടെയും ചതിയിലൂടെയും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു.

റഷ്യ തങ്ങളുടെ യുദ്ധത്തിനായി ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ പൗരന്മാരെ ഉപയോഗിക്കുകയാണെന്ന് സെലെൻസ്കി ആരോപിച്ചു. ഇന്ത്യ, നേപ്പാൾ, ഘാന, യമൻ, കെനിയ, ക്യൂബ, ബെലാറസ്, സുഡാൻ, ദക്ഷിണാഫ്രിക്ക തുടങ്ങി 47 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയാണ് റഷ്യ യുദ്ധമുഖത്ത് ഉപയോഗിക്കുന്നത്. വ്യാജ വാഗ്ദാനങ്ങളിൽ അകപ്പെട്ട് റഷ്യയിലെത്തുന്ന വിദേശ പൗരന്മാർ യുദ്ധക്കളത്തിൽ മരിച്ചുവീഴുകയാണെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.