‘കാലാവസ്ഥാ വ്യതിയാനം വെറും തട്ടിപ്പ്’; ശൈത്യതരംഗം രൂക്ഷമാകുന്നതിനിടെ ആഗോളതാപനത്തെ പരിഹസിച്ച് ട്രംപ്

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | Photo: AFP
ഡൊണാൾഡ് ട്രംപ് | Photo: AFP

വാഷിങ്ടൺ: അമേരിക്കയിലെ നാൽപ്പതോളം സംസ്ഥാനങ്ങളിൽ അതിശക്തമായ ശൈത്യതരംഗം തുടരുന്നതിനിടെ ആഗോളതാപനത്തെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിൽ ആഗോളതാപനത്തിന് എന്തുപറ്റി എന്ന് വിശദീകരിക്കാൻ പരിസ്ഥിതി പ്രവർത്തകരോട് ട്രംപ് ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തെ വെറും 'തട്ടിപ്പ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകളെ 'രാഷ്ട്രീയ അജണ്ട' എന്നും പരിസ്ഥിതി പ്രവർത്തകരെ 'പരിസ്ഥിതി കലാപകാരികൾ' എന്നും വിളിച്ച് പരിഹസിച്ചു.

അതേസമയം, അതികഠിനമായ മഞ്ഞുവീഴ്ചയും ശൈത്യവും അമേരിക്കയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഏകദേശം 16 കോടി ജനങ്ങൾ ശൈത്യതരംഗത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്നതായാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഡാലസ്, അറ്റ്‌ലാന്റ, ഒക്ലഹോമ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലേതുൾപ്പടെ രാജ്യത്തുടനീളം 1500-ലധികം വിമാന സർവീസുകൾ തടസപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

പരിസ്ഥിതി സൗഹൃദ നയങ്ങളോട് വിമുഖത കാണിക്കുന്ന ട്രംപ്, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം വർധിപ്പിക്കണമെന്ന നിലപാടുകാരനാണ്. ഇതിന്റെ ഭാഗമായി പെട്രോളിയം, ഗ്യാസ് ഖനനം പ്രോത്സാഹിപ്പിക്കുന്നതിന് 'ഡ്രിൽ ബേബി ഡ്രിൽ' എന്ന മുദ്രാവാക്യവും ട്രംപ് മുന്നോട്ടുവെച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള ആഗോള ഉടമ്പടിയായ പാരീസ് കരാറിൽനിന്നും 2025-ൽ അമേരിക്ക പിന്മാറിയിരുന്നു.

Content Highlights: US President Donald Trump mocks global warming during a severe cold wave hitting 40 states. He called climate change a `hoax` and scientists` concerns a `political agenda`.