'ഇന്ത്യയുടെ പ്രധാന എണ്ണ ഉറവിടം വിച്ഛേദിച്ചേക്കാം'- ലേഖനം പങ്കുവെച്ച് ട്രംപ്, ഇറാനെ മെരുക്കാൻ ഉപരോധം

വാഷിങ്ടൺ: ഇറാൻ വഴങ്ങുന്നില്ലെങ്കിൽ നാവിക ഉപരോധം അടക്കമുള്ള തന്റെ മുന്നിലുള്ള സാധ്യതകൾ ചൂണ്ടിക്കാണിച്ചുള്ള ലേഖനം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയേയും ചൈനയേയും സമ്മർദ്ദത്തിലാക്കുമെന്ന് പരാമർശിച്ചുള്ള ലേഖനം ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പങ്കുവെച്ചിരിക്കുന്നത്. ഒരു യുഎസ് വാർത്താ പോർട്ടലിൽ വന്ന ലേഖനമാണ് ട്രംപ് പങ്കുവെച്ചത്.
ഇസ്ലാമാബാദിൽ നടന്ന ഇറാൻ യുഎസ് ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ വന്നതാണ് ഈ ലേഖനം.
'വലിയ സൈനിക നടപടിയിലൂടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനസ്വേലയുടെ ഏകാധിപതി നിക്കോളാസ് മഡൂറോയെ പുറത്താക്കാൻ ശ്രമിക്കുന്നതിന് മുമ്പ്, അമേരിക്കൻ നാവിക ഉപരോധത്തിലൂടെ വെനസ്വേലയുടെ സാമ്പത്തിക രംഗം തകർത്തുകളഞ്ഞിരുന്നു. ഈ ഉപരോധം രാജ്യത്തിന്റെ എണ്ണ വരുമാനത്തെ മുരടിപ്പിച്ചു' ലേഖനത്തിൽ പറയുന്നു. തുടർന്നാണ് ഇന്ത്യയെ അടക്കം സമ്മർദ്ദത്തിലാക്കുന്ന ഇറാനുമേലുള്ള നാവിക ഉപരോധത്തെ കുറിച്ച് ലേഖനത്തിൽ പറയുന്നത്.
'അമേരിക്ക മുന്നോട്ട് വെച്ച അവസാന കരാറിന് ഇറാൻ വഴങ്ങിയില്ലെങ്കിൽ, ട്രംപ് മുന്നറിയിപ്പ് നൽകിയതുപോലെ ടെഹ്റാനെ 'ശിലായുഗത്തിലേക്ക്' തിരിച്ചയക്കാൻ ബോംബിടാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ, ഇതിനകം തന്നെ ഇറാനിയൻ സമ്പദ് വ്യവസ്ഥയെ ശ്വാസം മുട്ടിക്കുന്നതിന് ഉപരോധ തന്ത്രം വീണ്ടും പ്രയോഗിച്ചേക്കാം. ചൈനയുടെയും ഇന്ത്യയുടെയും പ്രധാന എണ്ണ സ്രോതസ്സിനെ വിച്ഛേദിക്കുന്നതിലൂടെ നയതന്ത്ര സമ്മർദ്ദം വർദ്ധിപ്പിക്കാനും ട്രംപ് ലക്ഷ്യമിടുന്നു' ലേഖനത്തിൽ പറയുന്നു.
വെനസ്വേലൻ നടപടികൾക്ക് നേതൃത്വം നൽകിയ യുഎസ്എസ് ജെറാൾഡ് ഫോർഡ് എന്ന വിമാനവാഹിനിക്കപ്പൽ, അഗ്‌നിബാധയെ തുടർന്നുണ്ടായ അറ്റകുറ്റപ്പണികൾക്കും നാവിക സേനാംഗങ്ങളുടെ വിശ്രമത്തിനും ശേഷം ഇപ്പോൾ പേർഷ്യൻ കടലിലാണ്. യുഎസ്എസ് എബ്രഹാം ലിങ്കണടക്കമുള്ള മറ്റ് പ്രധാന നാവിക സന്നാഹങ്ങളും അവിടെയുണ്ടെന്നും ഇതിൽ പറയുന്നു.
Content Highlights: Trump highlights potential naval blockade strategies against Iran for 2026., Proposed strategy aims to pressure oil imports for major economies like India and China