ഇറാൻ കരാർ പരാജയപ്പെട്ടാൽ പശ്ചിമേഷ്യയുടെ സംരക്ഷകരായതിന് ഹോർമുസിൽ യുഎസിന്റെ ടോൾ; സൂചന നൽകി ട്രംപ്

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AP
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AP

വാഷിങ്ടൺ: 60 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്ക് കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഈടാക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായില്ലെങ്കിൽ, പശ്ചിമേഷ്യൻ രാജ്യങ്ങളുടെ സംരക്ഷകരമായി പ്രവർത്തിച്ചതിന് അമേരിക്ക ഹോർമുസിൽ ടോൾ ഈടാക്കിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 

ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇത് സംബന്ധിച്ചുള്ള സൂചന നൽകിയത്. '60 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്കിൽ ടോൾ ഉണ്ടായിരിക്കില്ല. 60 ദിവസത്തെ കാലാവധി കഴിഞ്ഞതിന് ശേഷവും ടോൾ ഉണ്ടായിരിക്കില്ല. എന്നാൽ ഈ കരാർ പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, മധ്യേഷ്യൻ രാജ്യങ്ങൾക്ക് സംരക്ഷണത്തിനായി നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫലമായി, കഴിഞ്ഞതും ഇപ്പോഴുള്ളതും ഭാവിയിലുള്ളതുമായ ചെലവുകൾക്കായി യുഎസിന് ടോൾ ഈടാക്കാം' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇറാൻ യുദ്ധത്തിലെ ചെലവുകൾ സംബന്ധിച്ച് അമേരിക്കയിൽ ട്രംപിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് ഇത്തരമൊരു പ്രസ്താവന. പ്രാഥമിക കരാറിന് ശേഷം സ്വിറ്റസർലൻഡിൽ ഇറാനും യുഎസും ഒന്നാഘട്ട ചർച്ച ആരംഭിക്കാനിരിക്കെ കൂടിയാണ് ട്രംപിന്റെ പ്രതികരണം.

ഇറാൻ പ്രതിനിധികളും മധ്യസ്ഥരമായ പാകിസ്താൻ നേതാക്കളും സ്വിറ്റ്‌സർലൻഡിൽ ഇതിനോടകം എത്തിയിട്ടുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇന്നെത്തും. മറ്റു യുഎസ് പ്രതിനിധികൾ നേരത്തെ എത്തിയിട്ടുണ്ട്.

ഒന്നോ രണ്ടോ ദിവസം മാത്രമേ താൻ സ്വിറ്റ്‌സർലൻഡിൽ ഉണ്ടാകൂവെന്ന് യാത്ര തിരിക്കുംമുമ്പ് വാൻസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആണവ വിഷയത്തിലും ലെബനൻ വിഷയത്തിലും പുരോഗതി കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലെബനനിൽ കാര്യങ്ങൾ മെച്ചപ്പെട്ട് വരുന്നുണ്ടെന്നും വാൻസ് കൂട്ടിച്ചേർത്തു. ലെബനനിൽ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചതോടെ ചർച്ച മാറ്റിവെച്ചിരുന്നു. കഴിഞ്ഞ ദിവസം ഹോർമുസ് അടക്കുകയാണെന്ന് ഇറാൻ അറിയിക്കുകയുമുണ്ടായി. വെടിനിർത്തൽ വീണ്ടും പുനഃസ്ഥാപിച്ചതായാണ് വിവരം.

Content Highlights: Trump announces no toll on Hormuz Strait during the 60-day ceasefire., US reserves the right to impose tolls if peace negotiations with Iran fail