‘അത് സമ്മർദം കുറയ്ക്കാൻ’; റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് ഇളവ് അനുവദിച്ചതിൽ ട്രംപ്

വാഷിങ്ടൺ: ഗൾഫിലെയും പശ്ചിമേഷ്യയിലെയും വിതരണമാർഗങ്ങളിൽ പ്രതിസന്ധികൾ തുടരുന്ന പശ്ചാത്തലത്തിൽ, ആഗോള ഊർജ വിപണിക്ക് മീതേയുള്ള സമ്മർദം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് താൽക്കാലിക ഇളവ് അനുവദിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതിചെയ്യാൻ മുപ്പതുദിവസത്തെ ഇളവ് ഇന്ത്യക്ക് അനുവദിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.
വിപണികളിൽ സ്ഥിരത ഉറപ്പാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാൻ തന്റെ ഭരണകൂടം സജ്ജമാണെന്നായിരുന്നു ട്രംപിന്റെ മറുപടി. അങ്ങനെയുണ്ടെങ്കിൽ, സമ്മർദം അൽപം ലഘൂകരിക്കാൻ താൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലും ആഗോള ഊർജ വിതരണം ശക്തമായി തുടരുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് ഏതെങ്കിലും രാജ്യത്തിന്റെ അനുമതിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഒരു രാജ്യത്തിന്റെയും അനുമതിയെ ഇന്ത്യ ഒരിക്കലും ആശ്രയിച്ചിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതിചെയ്യുന്നത് തുടരുമെന്നും കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യയുടെ ഊർജവിതരണം തടസ്സങ്ങളില്ലാതെ സുരക്ഷിതമാണെന്നും സർക്കാർ വ്യക്തമാക്കി.
Content Highlights: US grants India a 30-day waiver for Russian oil imports., The move aims to stabilize global energy markets amidst Middle East tensions., Trump emphasizes the need to alleviate pressure on the global supply chain., US administration remains ready to intervene further to ensure market stability.