'ഇന്ത്യയില്‍ ഉത്പാദനം നടത്തേണ്ട, അവരുടെ കാര്യം അവര്‍ നോക്കട്ടെ'; ആപ്പിളിനോട് ട്രംപിന്റെ കല്‍പന!

ടിം കുക്ക്, ഡൊണാള്‍ഡ് ട്രംപ് | ഫോട്ടോ: എഎഫ്പി
ടിം കുക്ക്, ഡൊണാള്‍ഡ് ട്രംപ് | ഫോട്ടോ: എഎഫ്പി

വാഷിങ്ടണ്‍: ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടതില്ലെന്ന് സിഇഒ ടിം കുക്കിനോട് നിര്‍ദേശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുടെ കാര്യം അവര്‍തന്നെ നോക്കിക്കോളുമെന്നും ട്രംപ് പറഞ്ഞു. ദോഹയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.

എനിക്ക് ആപ്പിളിന്റെ ടിം കുക്കുമായി ചെറിയ പ്രശ്‌നമുണ്ട്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഞാന്‍ നിങ്ങളോട് വളരെ നല്ലരീതിയിലാണ് പെരുമാറുന്നത്. നിങ്ങള്‍ അഞ്ഞൂറ് ബില്യണ്‍ ഡോളറാണ് കൊണ്ടുവരുന്നത്. എന്നാല്‍, നിങ്ങള്‍ ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുകയാണെന്നാണ്  ഇപ്പോള്‍ കേള്‍ക്കുന്നത്. നിങ്ങള്‍ ഇന്ത്യയില്‍ ഉല്‍പാദനം നടത്തേണ്ടതില്ല. നിങ്ങള്‍ ഇന്ത്യയെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് അവിടെ ഉല്‍പാദനം നടത്താം. കാരണം, ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീരുവ ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയില്‍ കച്ചവടം നടത്തുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്, ട്രംപ് പറഞ്ഞു. 

യുഎസ് ഉല്‍പന്നങ്ങള്‍ക്ക് യാതൊരു തീരുവയും ഈടാക്കില്ലെന്ന് ഇന്ത്യ പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. ഇക്കാലമത്രയും ആപ്പിള്‍ ചൈനയില്‍ ഉത്പാദനം നടത്തിയത് ഞങ്ങള്‍ ക്ഷമിച്ചു. എന്നാല്‍ ഇന്ത്യയില്‍ നിങ്ങള്‍ പ്ലാന്റുകള്‍ നിര്‍മിക്കുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഇന്ത്യക്കാരുടെ കാര്യം അവര്‍തന്നെ നോക്കട്ടെയെന്നും ട്രംപ് പറഞ്ഞു. 

തങ്ങളുടെ ഉല്‍പാദനം ചൈനയില്‍നിന്ന് മാറ്റാനും ഇന്ത്യയില്‍ കൂടുതല്‍ പ്ലാന്റുകള്‍ ആരംഭിക്കാനും ഉത്പാദനം വര്‍ധിപ്പിക്കാനും ആപ്പിള്‍ തീരുമാനിച്ചിരുന്നു. യുഎസ് തീരുവ വന്‍തോതില്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലായിരുന്നു ആപ്പിളിന്റെ ഈ നീക്കം. ഇതിനെതിരേയാണ് ട്രംപ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതിച്ചുങ്കം മറികടക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി നിര്‍മാണ ശാലകളില്‍ ഐഫോണ്‍ ഉത്പാദനം വര്‍ധിപ്പിച്ച കമ്പനി, ഇന്ത്യയില്‍ നിന്ന് 600 ടണ്‍ ഐഫോണുകൾ യുഎസിലേക്ക് കയറ്റി അയച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ ഉത്പാദനം 20 ശതമാനം ആപ്പിള്‍ വര്‍ധിപ്പിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.

ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചതോടെ യുഎസിലേക്കുള്ള ഐഫോണ്‍ ഇറക്കുമതി കമ്പനിക്ക് അധികചെലവാകുന്ന സ്ഥിതിയുണ്ട്. ഇന്ത്യയ്ക്ക് 26 ശതമാനമാണ് നികുതി പ്രഖ്യാപിച്ചതെങ്കില്‍, ഐഫോണിന്റെ 90 ശതമാനം ഉത്പാദനവും നടക്കുന്ന ചൈനയ്ക്ക് 125 ശതമാനം ഇറക്കുമതിച്ചുങ്കമാണ് യുഎസ് പ്രഖ്യാപിച്ചത്. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലാണ് ഇന്ത്യയിൽ പ്രധാനമായും ഐഫോൺ ഉത്പാദനം നടക്കുന്നത്.

Content Highlights: Don't Want You Building In India; Donald Trump To Apple CEO Tim Cook