ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ ആക്രമിച്ചു, കപ്പലിന് തീപിടിച്ചു

ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായി സമുദ്രസുരക്ഷാ ഏജൻസികൾ അറിയിച്ചു. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലിന് നേരെയും ആക്രമണമുണ്ടായി. കപ്പലിന് തീപിടിച്ചു. യുഎസുമായും ഇസ്രയേലുമായും യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇറാൻ ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കെയാണ് ആക്രണങ്ങൾ.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ തായ് പതാകയുള്ള ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അടിയന്തര സഹായം നൽകുന്നതായി തായ്ലൻഡ് നാവികസേന അറിയിച്ചു. 23 തായ് ജീവനക്കാർ കപ്പലിലുണ്ടായിരുന്നതായും അവർ വ്യക്തമാക്കി.
ഒമാൻ നാവികസേന 20 ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ബാക്കിയുള്ള മൂന്ന് പേരെ 'രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും' തായ് അധികൃതർ പറയുന്നു. യുഎഇ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഈ കപ്പൽ ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തേക്ക് വരികയായിരുന്നുവെന്ന് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
തായ്ലൻഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. കപ്പലിന് കേടുപാടുകൾ സംഭവിച്ചതിന്റെയും പുക ഉയരുന്നതിന്റെ ചിത്രങ്ങളാണിത്. കപ്പലിന് 178 മീറ്റർ നീളവും 30,000 ടൺ ഭാരംവഹിക്കാനുള്ള ശേഷിയും ഉണ്ടെന്ന് തായ് നാവികസേന അറിയിച്ചു.
Content Highlights: Three ships attacked in the Strait of Hormuz including a Thai vessel., The targeted ship was carrying cargo to Kandla port