താലിബാന്റെ അഞ്ചുവർഷം; അഫ്ഗാനിൽ സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 24 ലക്ഷം പെൺകുട്ടികൾക്ക്

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ 24 ലക്ഷത്തോളം പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി യുനെസ്‌കോയുടെ റിപ്പോർട്ട്. അധികാരം പിടിച്ച് അഞ്ചുകൊല്ലമാകുമ്പോഴത്തെ കണക്കുകളാണിത്.
സെക്കൻഡറി, ഉന്നത വിദ്യാഭ്യാസത്തിൽനിന്ന് പെൺകുട്ടികളെയും സ്ത്രീകളെയും ഔദ്യോഗികമായി വിലക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് അഫ്ഗാനിസ്താനെന്നും യുനെസ്‌കോ ചൂണ്ടിക്കാണിക്കുന്നു.
രണ്ടുപതിറ്റാണ്ട് നീണ്ട യുദ്ധത്തിന് പിന്നാലെ യുഎസും നാറ്റോയുടെ സുരക്ഷാസേനയും സമ്പൂർണമായി പിൻവാങ്ങിയതോടെ 2021 ഓഗസ്റ്റ് പതിനഞ്ചാം തീയതിയാണ് അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചെടുക്കുന്നത്. താലിബാൻ ഭരണകൂടം അധികാരം പിടിച്ചെടുത്തതോടെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്ക് മേൽ വലിയ നിയന്ത്രണങ്ങളാണ് നിലവിൽ വന്നത്. പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം വിലക്കപ്പെട്ടു. പിന്നാലെ ഇത് ഉന്നതവിദ്യാഭ്യാസത്തിനുള്ള വിലക്കായും പരിണമിച്ചു. സ്ത്രീകൾക്ക് തൊഴിൽമേഖലയിൽനിന്നും പൊതുജീവിതത്തിൽനിന്നും ഏറെക്കുറേ പരിപൂർണമായും പിൻവാങ്ങേണ്ടിവന്നു.
തുടർച്ചയായ നിയന്ത്രണങ്ങൾ അഫ്ഗാൻ സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് വിലയിരുത്തിയ യുനെസ്‌കോ, ഉപാധിരഹിതമായി സെക്കൻഡറി, ഉന്നതവിദ്യാഭ്യാസം എന്നിവയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തിക്കൊടുക്കാൻ താലിബാൻ അധികൃതരോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Five years of Taliban rule in Afghanistan has denied secondary education to 2.4 million girls., UNESCO highlights Afghanistan as the only country banning women and girls from secondary and higher education., The Taliban takeover in August 2021 led to severe restrictions on women's rights, employment, and public life., UNESCO urges the Taliban administration to unconditionally restore educational access for girls and women.