സൂപ്പർ എൽനിനോ പൊള്ളിക്കും: 6 മാസത്തിനുള്ളിൽ നാലര ലക്ഷം മരണങ്ങൾക്ക് സാധ്യത; ഫെബ്രുവരി വരെ കൊടും ചൂട്

ന്യൂഡൽഹി: ശക്തമായിക്കൊണ്ടിരിക്കുന്ന എൽനിനോ പ്രഭാവവും കടുത്ത ഉഷ്ണതരംഗവും മൂലം സെപ്റ്റംബർ മുതൽ 2027 ഫെബ്രുവരി വരെ ലോകത്താകമാനം 4.5 ലക്ഷം അധിക മരണങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പഠന റിപ്പോർട്ട്. 'ക്ലൈമറ്റ് ഇംപാക്ട് ലാബ്' പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. 1996 മുതൽ 2025 വരെയുള്ള വർഷങ്ങളിലെ ശരാശരി താപനിലയുമായി താരതമ്യം ചെയ്യുമ്പോൾ സംഭവിക്കാനിടയുള്ള അധിക മരണനിരക്കാണിത്.
ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ റിപ്പോർട്ടിൽ പ്രവചിക്കപ്പെടുന്ന മരണങ്ങളിൽ ഭൂരിഭാഗവും വികസിച്ചുകൊണ്ടിരിക്കുന്നതും ദരിദ്രവുമായ ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലായിരിക്കും. ആഫ്രിക്കൻ സാഹെൽ മേഖലയിൽ മാത്രം 67,000 അധിക മരണങ്ങളാണ് ഈ റിപ്പോർട്ടിൽ പ്രവചിക്കുന്നത്. നൈജീരിയ, സുഡാൻ, നൈജർ, ചാഡ് എന്നീ മേഖലകളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയെന്നാണ് മുന്നറിയിപ്പ്. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം, തായ്ലൻഡ്, കംബോഡിയ എന്നീ രാജ്യങ്ങളിലായി ഇരുപതിനായിരത്തോളം മരണങ്ങളാണ് പ്രവചിക്കുന്നത്.
ഇന്ത്യയിൽ കടുത്ത ചൂട് കാരണം 15,800 അധിക മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട് പറയുന്നത്. ലോക കാലാവസ്ഥാ സംഘടനയുടെ വിലയിരുത്തൽ അനുസരിച്ച് എൽനിനോ നിലവിൽ കൂടുതൽ ശക്തിപ്പെടുകയാണ്. 2026 നവംബർ-ഡിസംബർ മാസങ്ങളിൽ ഇത് ഉച്ചസ്ഥായിയിലെത്തുകയും 2027 ഫെബ്രുവരി വരെ അതേനില തുടരാൻ ശക്തമായി തുടരാൻ സാധ്യതയുമുണ്ടെന്നാണ് സംഘടന വ്യക്തമാക്കുന്നത്. 2027 ഫെബ്രുവരിക്ക് ശേഷം ഇന്ത്യയും പാകിസ്താനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വേനൽക്കാലത്തേക്ക് കടക്കും. ഒപ്പം ഉഷ്ണതരംഗ ലക്ഷണങ്ങളും മരണനിരക്കും ഇനിയും ഉയരുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Content Highlights: India may witness 15,800 additional deaths due to the super El Nino heat wave, with extreme temperatures persisting until February 2027.