ട്രംപിന്റെ വിശ്വസ്തൻ, കുടിയേറ്റ നയങ്ങളുടെ ബുദ്ധികേന്ദ്രം; സ്റ്റീഫൻ മില്ലർ വൈറ്റ് ഹൗസിന്റെ പുതിയ ചീഫ് ഓഫ് സ്റ്റാഫ്

വാഷിങ്ടൺ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് സൂസി വൈൽസ് പടിയിറങ്ങിയതിനു പിന്നാലെ സ്റ്റീഫൻ മില്ലറെ പുതിയ ചുമതലയിലേക്ക് നിയമിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നവംബർ ആറിനാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. തന്റെ ഏറ്റവും വിശ്വസ്തരായ ഉപദേശകരിൽ ഒരാളാണ് മില്ലറെന്ന് സമൂഹമാധ്യമത്തിലെ കുറിപ്പിൽ ട്രംപ് വിശേഷിപ്പിച്ചു. തുടക്കംമുതൽ തനിക്കൊപ്പമുള്ളയാളാണ് മില്ലറെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സൂസി വൈൽസ് വ്യാഴാഴ്ച രാത്രിയാണ് രാജിക്കത്ത് സമർപ്പിച്ചത്. ട്രംപിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതലയിലേക്ക് വൈൽസ് മാറും. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിതയായിരുന്നു വൈൽസ്.
ട്രംപിന്റെ വിശ്വസ്തൻ
കാലിഫോർണിയയിലെ സാന്റാ മോണിക്കയിലാണ് സ്റ്റീഫൻ മില്ലറുടെ ജനനം. റിപ്പബ്ലിക്കൻ പാർട്ടിയിലെ വിവിധ ജനപ്രതിനിധികളുടെ സഹായിയായി പ്രവർത്തിച്ച മില്ലർ, മുൻ സെനറ്റർ ജെഫ് സെഷൻസിന്റെ സഹായിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദീർഘകാലം ട്രംപിനൊപ്പമുണ്ടായിരുന്ന സഹായികളിലൊരാളാണ് മില്ലർ. ഭരണത്തിന്റെ രണ്ട് കാലയളവുകളിലും അദ്ദേഹത്തിനൊപ്പം തുടർന്ന ചുരുക്കം ചിലരിൽ ഒരാളും. 2025 ജനുവരിമുതൽ നയരൂപീകരണത്തിനും ആഭ്യന്തര സുരക്ഷയ്ക്കുമുള്ള വകുപ്പിൽ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായി പ്രവർത്തിച്ചുവരികയായിരുന്നു.
കുടിയേറ്റനയങ്ങളിലെ തന്റെ കടുത്ത നിലപാടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട മില്ലർ, നയത്തിന്റെ ഭാഗമായി പ്രതിദിനം 3,000 പേരെ അറസ്റ്റ് ചെയ്യുകയെന്ന നിലപാട് മുന്നോട്ടുവെച്ചതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് ക്രിമിനൽ കേസുകളിൽ പ്രതികളല്ലാത്തവരും വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്നവരുമായ നിരവധി പേർ അറസ്റ്റിലായിരുന്നു.
ഫെഡറൽ സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികളിലും മില്ലറുണ്ടായിരുന്നു. 2025-ൽ പതിനായിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാൻ ഇത് ഇടയാക്കി. മയക്കുമരുന്ന് കടത്താരോപിച്ച് ബോട്ടുകൾക്കുനേരെയുണ്ടാകുന്ന യുഎസ് ആക്രമണങ്ങളെയും ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളെയും മില്ലർ പിന്തുണച്ചിരുന്നു.
എന്നാൽ, കുടിയേറ്റ നയങ്ങളിലെ കടുത്ത നടപടികൾ സ്വീകരിച്ചിട്ടും വോട്ടർമാർക്കിടയിൽ വലിയ പിന്തുണ ലഭിച്ചില്ലെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. സ്വകാര്യ സർവ്വേകൾ പ്രകാരം, 36 ശതമാനം പേർ മാത്രമാണ് കുടിയേറ്റ നിയന്ത്രണ നടപടികളെ അനുകൂലിച്ചത്. 54 ശതമാനം പേർ എതിർപ്പ് രേഖപ്പെടുത്തി. നിയമനടപടികൾ അതിരുകടന്നുവെന്നാണ് പത്തിൽ ആറോളം വോട്ടർമാരുടെ അഭിപ്രായം.
പുതിയ ചുമതലയെക്കുറിച്ച് എക്സിൽ പ്രതികരിച്ച മില്ലർ, ദൗത്യം ഇപ്പോൾ മുമ്പത്തേക്കാൾ വ്യക്തമായിരിക്കുകയാണെന്ന് കുറിച്ചു. പ്രസിഡന്റിനെ പിന്തുണയ്ക്കുന്നതിനായി ആത്മാർഥമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മില്ലറുടെ നിയമനത്തിനെതിരെ ഡെമോക്രാറ്റിക് നേതാക്കൾ രംഗത്തെത്തി. മില്ലർ നിയമസഹായം തേടുന്നതാണ് നല്ലതെന്നും അപകടകാരിയായ തീവ്രവാദിയാണ് മില്ലറെന്നും നേതാക്കൾ പ്രതികരിച്ചു. കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സമിതി അന്വേഷിക്കുമെന്നും ഇവർ വ്യക്തമാക്കി.
മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന മാർക്ക് ഷോർട്ടും നിയമനത്തെക്കുറിച്ച് പ്രതികരിച്ചു. ട്രംപിനോട് പൂർണമായും വിധേയനായ ഒരാളെയാണ് പുതിയ ചുമതലയിലേക്ക് കൊണ്ടുവരുന്നതെന്നും ഇതോടെ റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് കക്ഷികൾക്ക് ഒരുമിച്ച് നിയമനിർമാണം നടത്താനുള്ള സാധ്യതകൾ കുറയുകയാണെന്നും അദ്ദേഹം വിലയിരുത്തി.
Content Highlights: Stephen Miller has been appointed as the new White House Chief of Staff by Donald Trump., Miller is known for his hardline stance on immigration and domestic security policies., Susie Wiles stepped down from the position and transitioned to political operations., Democratic leaders and critics have strongly opposed Miller's appointment due to his extreme policies.