കിമ്മിന് ഒരു മകൻ കൂടിയുണ്ടോ, അടുത്ത പിൻഗാമി മകൾ തന്നെയോ? തലപുകച്ച് ദക്ഷിണ കൊറിയ

#ന്യൂസ് ഡെസ്ക്
കിം ജോങ് ഉന്നും മകളും | ഫയല്‍ചിത്രം | ഫോട്ടോ: എപി
കിം ജോങ് ഉന്നും മകളും | ഫയല്‍ചിത്രം | ഫോട്ടോ: എപി

പ്യോങ്യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ രാഷ്ട്രീയ പിൻഗാമിയായി അദ്ദേഹത്തിന്റെ 13 വയസ്സുള്ള മകൾ കിം ജു ഏ ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയൻ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS). കിമ്മിന് ഒരു മകനുണ്ടോ എന്ന് ഇന്റലിജൻസ് ഏജൻസി പരിശോധിച്ചുവരികയാണെങ്കിലും, അങ്ങനെയൊരു മകൻ നിലവിലുണ്ടെങ്കിൽ പോലും കിമ്മിന്റെ പിൻഗാമിയാകാൻ പ്രാപ്തനല്ലെന്നുമാണ് എൻ.ഐ.എസ് വിലയിരുത്തൽ.

കിം ജു ഏ പങ്കെടുത്ത പൊതുപരിപാടികളുടെ സമഗ്രമായ വിശകലനവും അവൾക്ക് നൽകുന്ന ഔദ്യോഗിക പ്രോട്ടോക്കോളുകളും അടിസ്ഥാനമാക്കിയാണ് ജു ഏയുടെ ശക്തമായ രാഷ്ട്രീയ പദവി എൻ.ഐ.എസ് ഉറപ്പിച്ചത്.

കിം ജു ഏയ്ക്ക് ഒരു സഹോദരനുണ്ടോ എന്നത് പരിശോധിച്ച് ഉറപ്പുവരുത്താൻ എൻ.ഐ.എസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അങ്ങനെയൊരു മകനുണ്ടെങ്കിൽ പോലും പിതാവിന്റെ പിൻഗാമിയാകാൻ കഴിയില്ലെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. കിമ്മിന് ഭാര്യ റി സോൽ ജുവിൽ മകനില്ലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയെന്നുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ, ഒരു ചെറിയ കുട്ടികൂടി കിമ്മിനുണ്ടാവാമെന്നും എൻ.ഐ.എസ് വ്യക്തമാക്കുന്നു.

2022 അവസാനത്തോടെ നടന്ന മിസൈൽ വിക്ഷേപണങ്ങളിലും വൻ സൈനിക പരേഡുകളിലും ഉൾപ്പെടെ നിരവധി പ്രമുഖ ചടങ്ങുകളിൽ ജു ഏ പിതാവിനൊപ്പം പങ്കെടുക്കുന്നുണ്ട്. 1948-ൽ രാജ്യം സ്ഥാപിതമായതുമുതൽ കിം ഇൽ സുങ്, കിം ജോങ് ഇൽ, കിം ജോങ് ഉൻ എന്നിങ്ങനെ കിം കുടുംബത്തിലെ പുരുഷന്മാരാണ് ഉത്തര കൊറിയ ഭരിച്ചിരുന്നത്. ഈ കടുത്ത പുരുഷാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യത്ത് ഒരു വനിതാ ഭരണാധികാരിയെ സ്വീകരിക്കുമോ എന്ന് ചില വിദഗ്ദ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.