ഹൂതികളെ നേരിടാൻ സൗദി ഇസ്രയേലിനോട് സഹായം തേടി - റിപ്പോർട്ടുമായി ഇസ്രയേലി മാധ്യമം

ടെൽ അവീവ്: യെമെനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതികളെ നേരിടാൻ സൗദി അറേബ്യ ഇസ്രയേലിന്റെ സഹായം തേടിയതായി റിപ്പോർട്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യു.എസ്. സെൻട്രൽ കമാൻഡ്(സെന്റ്കോം) മുഖേന ഇസ്രയേലിനോട് പരോക്ഷമായി രഹസ്യാന്വേഷണ സഹായം തേടിയതെന്ന് ഇസ്രയേലി മാധ്യമമായ ‘ജറുസേലം പോസ്റ്റ്’ റിപ്പോർട്ടുചെയ്തു.
ഹൂതികളുടെ സൈനികവിന്യാസം നിരീക്ഷിക്കുന്നതിനും ഭാവി ആക്രമണ സാധ്യത കണ്ടെത്തുന്നതിനുമുള്ള സഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മിസൈൽ-ഡ്രോൺ പ്രതിരോധം, രഹസ്യാന്വേഷണം, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയിൽ സൗദി-ഇസ്രയേൽ സഹകരണത്തിനുള്ള സാധ്യതയും റിപ്പോർട്ടിലുണ്ട്.
ഹൂതികൾക്കെതിരായ ‘സമഗ്ര യുദ്ധത്തിൽ’ അറേബ്യൻ ഉപദ്വീപിലെ രാജ്യങ്ങൾക്ക് ഇസ്രയേൽ സഹായം വാഗ്ദാനം ചെയ്തെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതായി ലെബനീസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഹൂതികൾ ചെങ്കടൽതീരത്തെ മോഖ തുറമുഖവും ബാബ് എൽ മാണ്ടെബ് കടലിടുക്കിലെ തന്ത്രപ്രധാന ദ്വീപുകളും പിടിച്ചെടുത്തത് ചെങ്കടൽവഴിയുള്ള കപ്പൽഗതാഗതത്തിന് കൂടുതൽ ഭീഷണിയുയർത്തിയിരിക്കേയാണ് നീക്കം.
സൗദിയുടെ എണ്ണക്കയറ്റുമതിയിൽ നിർണായകമായതാണ് ഈ കടലിടുക്ക്. അവിടെനിന്ന് ഹൂതികളെ തുരത്താനും എണ്ണ അടിസ്ഥാനസൗകര്യങ്ങൾക്ക് സംരക്ഷണം നൽകാനും സൗദി, ബ്രിട്ടന്റെ സഹായം തേടിയതായി ബ്ലൂംബെർഗും റിപ്പോർട്ട് ചെയ്തു. ഹൂതികളെ നേരിടാൻ സൗദി നേരത്തേ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമീച്ചെങ്കിലും സംഘർഷത്തിൽ നേരിട്ടിടപെടില്ലെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചതെന്നാണ് വിവരം. ഇസ്രയേലുമായി അറബ് രാഷ്ട്രങ്ങളുടെ നയതന്ത്രബന്ധം നേരേയാക്കാനുള്ള അബ്രഹാം ഉടമ്പടിയിൽ ചേരാൻ യു.എസ്. ഏറെനാളായി സൗദിയെ നിർബന്ധിക്കുന്നു. ഹൂതികൾക്കെതിരേ സൗദി-ഇസ്രയേൽ സഹകരണം സാധ്യമായാൽ അതിലേക്കുള്ള ചുവടുവെപ്പുകൂടിയാകുമത്.
മക്ക പ്രതിരോധക്കരാർ പൊളിഞ്ഞു?
ഓഗസ്റ്റിൽ സൗദി പാകിസ്താനും തുർക്കിയുമായി ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ ഉടമ്പടി പാളിയെന്ന സൂചന പുറത്തുവന്ന സാഹചര്യത്തിലാണ് ഇസ്രയേലിനോട് സഹായം തേടിയത്. ഒരു രാജ്യത്തിനെതിരേയുള്ള ആക്രമണം മൂന്നുരാജ്യത്തിനെതിരേയുമുള്ളതായി കണക്കാക്കി സംയുക്തമായി പ്രതികരിക്കുമെന്ന വ്യവസ്ഥയുള്ളതാണ് മക്ക കരാർ. ഹൂതികൾ ആക്രമണം തുടർന്നാൽ കരാറിലെ വ്യവസ്ഥകൾ പ്രാബല്യത്തിലാകുമെന്ന് പാക് പ്രതിരോധമന്ത്രി പറഞ്ഞിരുന്നു. ഇതോടെ ഹൂതികളെ നേരിടാൻ പാകിസ്താൻ സൈന്യത്തെ അയക്കുമെന്ന ശ്രുതി പരന്നു. എന്നാൽ, നിലവിൽ സൈനിക നടപടി പരിഗണനയിലില്ലെന്ന് പാകിസ്താൻ പിന്നീട് നിലപാട് മയപ്പെടുത്തി.
Content Highlights: Saudi Arabia allegedly sought indirect intelligence assistance from Israel via US CENTCOM to monitor Houthi movements., The move comes amid escalating threats to Red Sea shipping and Saudi oil infrastructure by Houthi rebels., Reports suggest the failure of the Mecca joint defense pact with Pakistan and Turkey prompted this strategic shift., Potential security cooperation could pave the way for broader diplomatic alignments under the Abraham Accords.