കടക്കെണിയിൽ പാകിസ്താൻ, 300 കോടി ഡോളറിന്റെ നിക്ഷേപ വാഗ്ദാനവുമായി സൗദി

ഇസ്ലാമാബാദ്: കടബാധ്യത രൂക്ഷമാകുന്ന സാഹചര്യത്തിൽ പാകിസ്താന് വീണ്ടും സാമ്പത്തിക പിന്തുണയുമായി സൗദി അറേബ്യ. 300 കോടി ഡോളറിന്റെ അധികനിക്ഷേം കൂടി സൗദി അറേബ്യ പാകിസ്താന് അനുവദിച്ചു. കടബാധ്യത തിരിച്ചടവിന് സാമ്പത്തികമായി വലയുന്ന പാകിസ്താന് ഏറെ സഹായകരമാണ് സൗദിയുടെ ഈ നിക്ഷേപം.
റിയാദ് 300 കോടി ഡോളർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വൈകാതെ തന്നെ അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ നൽകിയിരുന്ന 500 കോടി ഡോളറിന്റെ തിരിച്ചടവ് കാലാവധി നീട്ടാനും സൗദി തയ്യാറായിട്ടുണ്ടെന്ന് പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് പറഞ്ഞു. വാഷിങ്ടൺ ഡിസിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം സൗദിയുടെ പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഇക്കാര്യം സൗദി അറേബ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്താന്റെ കടബാധ്യത തിരിച്ചടവിനായി പിന്തുണയെന്നോണം 300 കോടി ഡോളർ നിക്ഷേപിക്കാൻ സൗദി അറേബ്യ സമ്മതിച്ചിട്ടുണ്ടെന്ന് സൗദി ധനമന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
യുഎഇയിൽ നിന്ന് കടമെടുത്ത പണം തിരിച്ചടക്കാനുള്ള കാലാവധി അടുത്തിരുന്നു. കാലാവധി നീട്ടിത്തരണമെന്ന പാക് ആവശ്യം യുഎഇ അംഗീകരിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താൻ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങിയത്.
Content Highlights: Saudi Arabia approves $3 billion additional investment for Pakistan in 2026., Extension granted on the repayment period for existing $5 billion loans., Financial support aims to stabilize Pakistan's critical debt repayment obligations., Confirmation provided by Pakistan Finance Minister Muhammad Aurangzeb and Saudi officials.