റേസിസ്റ്റ്, സെക്‌സിസ്റ്റ്, ഇസ്ലാമോഫോബിക്; ട്രംപിനെ കടന്നാക്രമിച്ച് ലണ്ടൻ മേയർ സാദിഖ് ഖാൻ

ലണ്ടൻ: യുകെയുടെ തലസ്ഥാനമായ ലണ്ടനിൽ ശരിഅത്ത് നിയമം നടപ്പാക്കുന്നുവെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ മേയർ സാദിഖ് ഖാൻ. യുഎസ് പ്രസിഡന്റ് വംശീയവാദിയും ലിംഗവിവേചകനും സ്ത്രീവിരുദ്ധനും ഇസ്ലാം ഭീതി പരത്തുന്ന(racist, sexist and Islamophobic) ആളാണെന്നും സാദിഖ് ഖാൻ വിശേഷിപ്പിച്ചു.
ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ പ്രസംഗത്തിൽ സാദിഖ് ഖാനെ മോശം മേയർ എന്ന് ട്രംപ് വിശേഷിപ്പിക്കുകയും ലണ്ടൻ ശരിഅത്ത് നിയമത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
'ഒരു വംശീയവാദിയും ലിംഗവിവേചകനും സ്ത്രീവിരുദ്ധനും ഇസ്ലാം ഭീതി പരത്തുന്നയാളുമാണ് ഡൊണാൾഡ് ട്രംപ്. ലണ്ടൻ ലോകത്തിലെ ഏറ്റവും മികച്ച നഗരമാണ്. എല്ലാ യുഎസ് നഗരങ്ങളേക്കാളും സുരക്ഷിതമാണ്. ഇവിടേക്ക് മാറിത്താമസിക്കുന്ന യുഎസ് പൗരന്മാരെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.' സാദിഖ് ഖാൻ പറഞ്ഞു.
'ഉദാരവും ബഹുസ്വരവും പുരോഗമനപരവും വിജയകരവുമായ ഒരു നഗരത്തെ നയിക്കുന്ന ഈ മുസ്ലീം മേയർക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് ആളുകൾ അത്ഭുതപ്പെടുന്നുണ്ടാവാം. ഡൊണാൾഡ് ട്രംപിന്റെ തലയിൽ എപ്പോഴും ഞാനാണെന്നു തോന്നുന്നു.' മേയർ പറഞ്ഞു.
അതേസമയം, ഖാന്റെ പരാമർശങ്ങളോട് വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗിൾ രൂക്ഷമായി പ്രതികരിച്ചു. 'മേയർ ഖാൻ വ്യക്തമായും കടുത്ത ട്രംപ് ഡീറേഞ്ച്‌മെന്റ് സിൻഡ്രോം അനുഭവിക്കുന്നുണ്ട്, ഒരു മേയറെന്ന നിലയിൽ അദ്ദേഹം വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ പരിഹാസ്യമായ നയങ്ങളും അനിയന്ത്രിതമായ കുടിയേറ്റ നയങ്ങളും ലണ്ടനിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വ്യാപകമാക്കാൻ അനുവദിച്ചു.' അദ്ദേഹം പറഞ്ഞു
യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് മേയർക്ക് പിന്തുണയുമായി എത്തി. സാദിഖ് ഖാൻ ലണ്ടനിൽ ശരിഅത്ത് നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് പറഞ്ഞ വെസ് സ്ട്രീറ്റിങ് സാദിഖ് ഖാൻ മേയറായതിൽ അഭിമാനിക്കുന്നുവെന്നും പറഞ്ഞു. 'അദ്ദേഹം പ്രൈഡ് മാർച്ചിൽ പങ്കെടുക്കുന്ന, പശ്ചാത്തലത്തിലെയും അഭിപ്രായത്തിലെയും വ്യത്യാസങ്ങൾക്കായി നിലകൊള്ളുന്ന, ഗതാഗതം, വായു, തെരുവുകൾ, സുരക്ഷ, തിരഞ്ഞെടുപ്പുകൾ, അവസരങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മേയറാണ്.' സ്ട്രീറ്റിങ് പറഞ്ഞു.
രണ്ടാമത്തെ ഔദ്യോഗിക സന്ദർശനത്തിനായി ട്രംപ് കഴിഞ്ഞയാഴ്ച ബ്രട്ടണിൽ എത്തിയിരുന്നു. ട്രംപും സാദിഖ് ഖാനും ഇതാദ്യമായല്ല പരസ്പരം ചെളി വാരിയെറിയുന്നത്. ട്രംപിന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഎസിൽ മുസ്ലീങ്ങളെ നിരോധിക്കുമെന്ന് പ്രറഞ്ഞിരുന്നു. ഖാൻ അന്ന് ഇതിനെ 'അതിക്രൂരമായ നയം' എന്ന് വിശേഷിപ്പിച്ചു.
പിന്നീട് ഖാൻ, ഇസ്ലാമിനെക്കുറിച്ചുള്ള ട്രംപിന്റെ വീക്ഷണങ്ങളെ അറിവില്ലായ്മ എന്ന് വിളിച്ചു, ഞാൻ ആ പ്രസ്താവനകൾ ഓർത്തുവെക്കും. അവ വളരെ മോശം പ്രസ്താവനകളാണെന്നാണ് ട്രംപ് തിരിച്ചടിച്ചത്. 2016-ൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഖാൻ ട്രംപിന്റെ ശക്തനായ വിമർശകനാണ്. ജൂലൈയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായുള്ള സംയുക്ത സമ്മേളനത്തിനിടെ, ഖാനെ മോശം വ്യക്തിയെന്നും വളരെ മോശം പ്രകടനം കാഴ്ചവെക്കുന്നയാളാണെന്നും വിളിച്ച് ട്രംപ് വീണ്ടും തർക്കത്തിന് തിരികൊളുത്തി. എന്നാൽ, യഥാർത്ഥത്തിൽ അദ്ദേഹം എന്റെ ഒരു സുഹൃത്താണെന്നു പറഞ്ഞ് സ്റ്റാർമർ സംഭവം മയപ്പെടുത്തുകയായിരുന്നു.
Content Highlights: London Mayor Sadiq Khan criticizes Trump`s `racist, sexist, and Islamophobic` remarks about Sharia law in London, highlighting the city`s safety and welcoming environment.