‘നരകതുല്യം’; ഉപരോധ ബിൽ യുക്രൈൻ സമാധാന ശ്രമങ്ങളെ തകർക്കും; അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്

#ന്യൂസ് ഡെസ്ക്
Russian President Vladimir Putin | Photo: Gavriil Grigorov, Sputnik, Kremlin Pool Photo via AP
Russian President Vladimir Putin | Photo: Gavriil Grigorov, Sputnik, Kremlin Pool Photo via AP

മോസ്‌കോ: റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെതിരെ അമേരിക്കൻ ജനപ്രതിനിധി സഭ പുതിയ ബിൽ പാസാക്കിയതിന് തൊട്ടുപിന്നാലെ മുന്നറിയിപ്പുമായി റഷ്യ. ഇത് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. ജനപ്രതിനിധി സഭ ബിൽ അംഗീകരിച്ചത് സൗഹൃദപരമല്ലാത്ത നടപടിയാണെന്നും 'നരകതുല്യമായ ഉപരോധ ബിൽ' പ്രാബല്യത്തിൽ വരുന്നത് യുക്രൈനിൽ സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും റഷ്യ പ്രസ്താവനയിൽ വ്യക്തമാക്കി.

റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്താനും എണ്ണ-വാതക വ്യാപാര പങ്കാളികളായ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ ഉയർന്ന തീരുവ ചുമത്താനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്നതാണ് പുതിയ ബിൽ. ബുധനാഴ്ച നടന്ന വോട്ടെടുപ്പിലാണ് 'ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026' എന്ന ബിൽ ജനപ്രതിനിധി സഭ പാസാക്കിയത്. 203 റിപ്പബ്ലിക്കൻമാരും 58 ഡെമോക്രാറ്റുകളും ഒരു സ്വതന്ത്രനും ബില്ലിനെ അനുകൂലിച്ചപ്പോൾ ഏഴ് റിപ്പബ്ലിക്കൻമാരും 152 ഡെമോക്രാറ്റുകളും ഇതിനെ എതിർത്തു. നേരത്തെ, യുഎസ് സെനറ്റ് അംഗീകരിച്ച ഈ ബില്ലിൽ ഇനി ട്രംപ് ഒപ്പുവെക്കുന്നതോടെ നിയമമായി മാറും.

റഷ്യൻ ഭരണനേതൃത്വത്തിനും ഊർജ മേഖലയ്ക്കും പുറമെ, റഷ്യൻ എണ്ണവിതരണത്തിനെതിരായ ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന കപ്പലുകളുടെ ‘ഷാഡോ ഫ്ലീറ്റി’ന് മേലും ഉപരോധം ഏർപ്പെടുത്താൻ ഈ ബിൽ ലക്ഷ്യമിടുന്നു. അതോടൊപ്പം, റഷ്യൻ എണ്ണയെയും വാതകത്തെയും ആശ്രയിക്കുന്നത് കുറയ്ക്കാൻ ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്കുമേൽ കടുത്ത തീരുവ ചുമത്താനും ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനും ബിൽ ട്രംപിന് അധികാരം നൽകുന്നു.

Content Highlights: Russia warned the US that the newly passed 'hellish' sanctions bill targeting crude oil and energy partners will severely damage peace efforts to end the Ukraine war.