സിംഹാസനത്തിലേറിയാൽ ഹാരി–മേഗൻ ദമ്പതികളുടെ രാജകീയ പദവികൾ നീക്കാൻ വില്യം; ഔദ്യോഗിക ചുമതല ഉള്ളവർക്കുമാത്രം പദവി

ലണ്ടൻ: ബ്രിട്ടീഷ് സിംഹാസനത്തിലേറുന്നതോടെ സഹോദരൻ ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും മക്കളുടെയും രാജപദവികൾ നീക്കാൻ വില്യം രാജകുമാരൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. രാജകുടുംബത്തിൽ വലിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് സൂചന.
മാധ്യമപ്രവർത്തകൻ ടോം സൈക്സിന്റെ വരാനിരിക്കുന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ. രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നവർക്ക് മാത്രമായി പദവികൾ പരിമിതപ്പെടുത്താനാണ് വില്യത്തിന്റെ പദ്ധതിയെന്നാണ് പുസ്തകത്തിലെ പരാമർശം. ഇതോടെ ഹാരി–മേഗൻ ദമ്പതികളുടെ മക്കളായ ആർച്ചി, ലിലിബെറ്റ് എന്നിവരുടെ രാജകീയപദവികളും നഷ്ടപ്പെട്ടേക്കും.
ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കുന്നവർക്ക് മാത്രമായിരിക്കും രാജകീയ പദവികളും എച്ച്.ആർ.എച്ച് പദവിയും നൽകുക. ഇവർക്ക് ശമ്പളവും ഔദ്യോഗികവസതിയും നൽകും. രാജകീയ ചുമതലകൾ ഏറ്റെടുക്കാത്തവരെ സാധാരണ പൗരന്മാരായി കണക്കാക്കുമെന്നും സൂചനയുണ്ട്. വില്യത്തിന്റെ ഇളയ മക്കളായ ഷാർലറ്റിനും ലൂയിസിനും ഭാവിയിൽ രാജകുടുംബത്തിന്റെ ചുമതലകൾ ഏറ്റെടുക്കണോ എന്ന് സ്വയം തീരുമാനിക്കാം. എന്നാൽ, കിരീടാവകാശിയായ ജോർജിന്റെ ചുമതലകൾ ആദ്യമേതന്നെ നിശ്ചയിക്കപ്പെടും.
അതേസമയം, ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നത് അജൻഡയിലുണ്ടെന്ന് വില്യം നേരത്തേ വ്യക്തമാക്കിയിരുന്നു. പുസ്തകത്തിലെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ കെൻസിങ്ടൺ കൊട്ടാരം തയ്യാറായിട്ടില്ല.
2020-ലാണ് ഹാരി–മേഗൻ ദമ്പതികൾ രാജകുടുംബത്തിന്റെ ചുമതലകളിൽനിന്ന് പിന്മാറി അമേരിക്കയിൽ താമസമായത്. തുടർന്ന് രാജകുടുംബവുമായുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നു.
Content Highlights: Prince William plans to limit royal titles to working royals only upon ascending the throne., Harry and Meghan's children, Archie and Lilibet, may lose their royal titles., Working royals will receive official salaries and residences, while non-working members will be treated as private citizens., Prince George's duties are pre-determined as heir, while Charlotte and Louis can choose their paths., Kensington Palace has not responded to the claims made in Tom Sykes' upcoming book.