പോളണ്ടിൽ സംഭവിക്കുന്നത് എന്ത്? ജഡ്ജിയെ പുറത്താക്കൽ, രാഷ്ട്രീയ നാടകം, വിമാനം തിരിച്ചുവിട്ട് പ്രസിഡന്റ്

#ന്യൂസ് ഡെസ്ക്
പോളണ്ടിലെ ഭരണഘടനാ ട്രൈബ്യൂണലിന്റെ മുന്നില്‍നിന്നുള്ള ദൃശ്യം |ഫോട്ടോ:AFP
പോളണ്ടിലെ ഭരണഘടനാ ട്രൈബ്യൂണലിന്റെ മുന്നില്‍നിന്നുള്ള ദൃശ്യം |ഫോട്ടോ:AFP

വാർസോ: ഒക്ടോബർ 30-ന് പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്, പോളണ്ടിലെ ഭരണഘടനാ ട്രൈബ്യൂണലിന്റെ വെബ്സൈറ്റിൽ ഒരു ചെറിയ അറിയിപ്പ് പ്രത്യക്ഷപ്പെട്ടു. ട്രൈബ്യൂണൽ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും സസ്‌പെൻഡ് ചെയ്തതായി അതിൽ വ്യക്തമാക്കിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ, വിദേശയാത്ര പോകുകയായിരുന്ന പോളണ്ട് പ്രസിഡന്റ് ആകാശത്തുവെച്ചുതന്നെ തന്റെ വിമാനം തിരിച്ചുവിട്ടു. തെരുവുകളിൽ പ്രതിഷേധക്കാർ ഒത്തുകൂടി, കോടതിക്ക് മുന്നിൽ സംഘർഷഭരിതമായ അന്തരീക്ഷം തീർത്തു.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ നിയന്ത്രണം ആർക്കായിരിക്കണം എന്നതിനെച്ചൊല്ലിയുള്ള നീണ്ടുനിൽക്കുന്ന തർക്കത്തിത്തിന്റെ ഏറ്റവും പുതിയ ഘട്ടമാണിത്. ഡൊണാൾഡ് ടസ്‌കിന്റെ നേതൃത്വത്തിലുള്ള, യൂറോപ്യൻ യൂണിയൻ അനുകൂല സർക്കാരും പ്രതിപക്ഷത്തുള്ള 'ലോ ആൻഡ് ജസ്റ്റിസ്' (PiS) പാർട്ടിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമാണിത്.

തർക്കത്തിന് പിന്നിൽ

യൂറോപ്യൻ യൂണിയനെ അനുകൂലിക്കുന്ന പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കിന്റെ നേതൃത്വത്തിലുള്ള സർക്കാരും, മുൻ സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട വലതുപക്ഷ അനുകൂല പ്രസിഡന്റ് കരോൾ നാവ്‌റോക്കിയും തമ്മിലുള്ള കോടതിയുടെ അധികാരത്തെച്ചൊല്ലിയുള്ള തർക്കമാണ് പുതിയ സംഭവവികാസങ്ങൾക്ക് കാരണം.

പോളണ്ടിലെ പരമോന്നത കോടതിയാണ് 'ഭരണഘടനാ ട്രൈബ്യൂണൽ'. പാർലമെന്റ് പാസാക്കുന്ന നിയമങ്ങളും ഭരണകൂടത്തിന്റെ മറ്റ് നടപടികളും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അനുസൃതമാണോ എന്ന് തീരുമാനിക്കുക എന്നതാണ് ഇതിന്റെ പ്രധാന ചുമതല. രാജ്യത്തെ നിയമങ്ങളുടെയും സർക്കാർ നയങ്ങളുടെയും കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്ന അതീവ നിർണായകമായ സ്ഥാപനമായതിനാൽ, ഇതിന്റെ നിയന്ത്രണം കൈക്കലാക്കാൻ ഇരുപക്ഷവും തമ്മിൽ കടുത്ത മത്സരമാണുള്ളത്.

ഇതിന്റെ തുടർച്ചയായി ഭരണഘടനാ ട്രൈബ്യൂണൽ പ്രസിഡന്റ് ബോഗ്ദാൻ സ്വീച്‌കോവ്‌സ്‌കിയെ കോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജി അന്ന കോർവിൻ-പിയോട്രോവ്‌സ്‌ക സസ്പെൻഡ് ചെയ്തതാണ് പുതിയ സംഭവവികാസങ്ങൾക്കിടയാക്കിയത്.

മുൻപ് ഭരണത്തിലുണ്ടായിരുന്ന കൺസർവേറ്റീവ് പാർട്ടിയായ ലോ ആൻഡ് ജസ്റ്റിസ് തങ്ങളുടെ രാഷ്ട്രീയ അനുഭാവികളായ ജഡ്ജിമാരെ മാനദണ്ഡങ്ങൾ മറികടന്ന് ട്രിബ്യൂണലിൽ നിയമിച്ചതായി ആരോപണമുണ്ട്. ഡൊണാൾഡ് ടസ്കിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അധികാരത്തിൽ വന്നതോടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട ജഡ്ജിമാരെ പുറത്താക്കാനുള്ള നീക്കം തുടങ്ങി. ഇതാണ് തർക്കങ്ങളുടെ കേന്ദ്രബിന്ദു. 

യാത്രാമധ്യേ വിമാനം തിരിച്ച് വിട്ട് പ്രസിഡന്റ്

പോളണ്ട് പ്രസിഡന്റ് നാവ്റോക്കി സെനഗലിലേക്കുള്ള ഔദ്യോഗിക യാത്രയിലായിരുന്നപ്പോഴാണ് ഈ സംഭവം അറിയുന്നത്. ഉടൻ വിമാനം വഴിതിരിച്ചുവിട്ട് പെട്ടെന്നുതന്നെ പോളണ്ടിലേക്ക് മടങ്ങിയെത്തി. സസ്പെൻഷനെത്തുടർന്ന് നൂറുകണക്കിന് വലതുപക്ഷ പ്രവർത്തകർ കോടതിക്ക് പുറത്ത് പ്രതിഷേധവുമായെത്തിയിരുന്നു.

ഈ സസ്പെൻഷൻ ഭരണഘടനാ വിരുദ്ധമാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും ട്രൈബ്യൂണൽ ഔദ്യോഗികമായി പ്രതികരിക്കുകയും ചെയ്തു. പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്നത് ഒരു 'ഭരണഘടനാ അട്ടിമറി' ആണെന്ന് കോടതി ആരോപിച്ചു.

പ്രതിപക്ഷ പാർട്ടിയായ 'ലോ ആൻഡ് ജസ്റ്റിസ്' അനുകൂലികൾ കോടതി കെട്ടിടത്തിന് പുറത്ത് തടിച്ചുകൂടുകയും സർക്കാരിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധക്കാർ പോലീസിന് നേരെ സാധനങ്ങൾ എറിയുകയും ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തതോടെ സംഘർഷമുണ്ടാവുകയും പോലീസ് ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Content Highlights: Poland's Constitutional Tribunal President and Vice-President were suspended by senior judge Anna Korwin-Piotrowska., President Karol Nawrocki recalled his flight from an official trip to Senegal to return to Warsaw., Clashes erupted outside the court as Right-wing Law and Justice (PiS) supporters protested against Prime Minister Donald Tusk's government., The Tribunal labeled the suspension an unconstitutional coup attempt by the government.