ഡിസംബറിൽ മോദി അമേരിക്കയിലേക്ക്; ട്രംപുമായുള്ള സൗഹൃദം ലോകം അസൂയയോടെ കാണുന്നുവെന്ന് യുഎസ് സ്ഥാനപതി

#ന്യൂസ് ഡെസ്ക്
MODI
MODI

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം ഡിസംബറിൽ അമേരിക്ക സന്ദർശിക്കുമെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോർ. ഡിസംബർ 14, 15 തീയതികളിൽ ഫ്ലോറിഡയിലെ മിയാമിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്.

ഇന്ത്യൻ സന്ദർശനത്തിനിടെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് പ്രധാനമന്ത്രിയെ ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചതെന്ന് സെർജിയോ ഗോർ വ്യക്തമാക്കി. അടുത്ത വർഷം ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതകളുണ്ടെന്നും സ്ഥാനപതി സൂചിപ്പിച്ചു. പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദം ലോകം അസൂയയോടെയാണ് നോക്കിക്കാണുന്നതെന്നും സെർജിയോ ഗോർ പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ ഉടൻ അന്തിമഘട്ടത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന് പ്രസിഡന്റ് ട്രംപിലുള്ള വിശ്വാസം നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ട്. പസിഫിക് മേഖലയിലെ സുരക്ഷ ചർച്ചചെയ്യുന്നതിനായുള്ള ക്വാഡ് ഉച്ചകോടി ഫിലിപ്പീൻസിൽ നടക്കാനിരിക്കുകയാണ്. ഇത് മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപും മോദിയും തമ്മിലുള്ള ബന്ധം ഇടക്കാലത്ത് ചില വെല്ലുവിളികൾ നേരിട്ടിരുന്നെങ്കിലും ഇപ്പോൾ അത് കൂടുതൽ കരുത്താർജിച്ചതായി യുഎസ്ഐഎസ്പിഎഫ് ഉപദേഷ്ടാവ് അൽ മേസൺ പറഞ്ഞു. ഇന്ത്യയുടെ വളർച്ചയിലും മോദിയുടെ നേതൃത്വത്തിലും ട്രംപ് സന്തോഷവാനാണ്.  ഇന്ത്യയുമായി വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ട്രംപ് ആഗ്രഹിക്കുന്നുണ്ടെന്നും അത് മോദിയെ അറിയിച്ചിട്ടുണ്ടെന്നും അൽ മേസൺ പറഞ്ഞു.

Content Highlights: PM Modi to attend the 2026 G20 Summit in Miami on December 14-15., US Ambassador Sergio Gor confirms invitation extended by Secretary Marco Rubio., Progress on the India-US interim trade agreement is accelerating., Donald Trump may visit India in 2027., First US-hosted G20 summit since 2009.