ഇസ്രായേൽ-ഇറാൻ സംഘർഷം:പ്രധാനമന്ത്രി മോദിയുടെ ഒരു ഫോൺകോളിന് പ്രശ്നം പരിഹരിക്കാനാകുമെന്ന് യുഎഇ സ്ഥാനപതി

അബുദാബി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ ഹുസൈൻ ഹസൻ മിർസ.
ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുമായി നരേന്ദ്ര മോദി നടത്തുന്ന ഒരു ഫോൺ സംഭാഷണം കൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നും ഗൾഫ് നേതാക്കൾക്കിടയിലും പൊതുസമൂഹത്തിലും മോദിക്കുള്ള വലിയ സ്വാധീനവും വിശ്വാസ്യതയുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം എൻ.ഡി ടിവിയോട് പറഞ്ഞു. ഇറാൻ, ഇസ്രയേൽ എന്നീ രണ്ട് രാജ്യ ങ്ങളുമായും മോദിക്കുള്ള അടുത്ത ബന്ധം ഈ സമാധാന ശ്രമങ്ങൾക്ക് കരുത്തേകുമെന്നാണ് യുഎഇ സ്ഥാനപതിയുടെ വിലയിരുത്തൽ.
ഈ സംഘർഷത്തിൽ ഏതെങ്കിലും ഒരു പക്ഷം ചേരാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും യുഎഇയുടെ മണ്ണ് മറ്റൊരു രാജ്യത്തെ ആക്രമിക്കാനുള്ള താവളമായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും മിർസ വ്യക്തമാക്കി.
അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്താബ ഖമനേയി ചുമതലയേറ്റെങ്കിലും മേഖലയിൽ ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം മധ്യ ഇറാനിലും ബെയ്റൂത്തിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ സമർപ്പിച്ച കണക്കുകൾ പ്രകാരം 1,332 പൗരന്മാർ ഇതിനോടകം കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: PM Modi's diplomatic influence can help resolve the Iran-Israel standoff., UAE maintains neutrality and refuses to allow its soil for military operations., The ongoing conflict has resulted in significant civilian casualties., Strategic ties between India, Iran, and Israel strengthen the case for Indian mediation.