നിലവിളികള്‍, പ്രാര്‍ഥന; കസാഖ്‌സ്താനിലെ വിമാന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കസാഖ്‌സ്താനിൽ തകർന്നു വീണ വിമാനത്തിൻ്റെ ദൃശ്യങ്ങൾ | Photo: AFP
കസാഖ്‌സ്താനിൽ തകർന്നു വീണ വിമാനത്തിൻ്റെ ദൃശ്യങ്ങൾ | Photo: AFP

അസ്താന: കൂട്ട നിലവിളികള്‍, പ്രാര്‍ഥനകള്‍. കസാഖ്സ്താനില്‍ വിമാനം തകര്‍ന്നുവീഴുമ്പോള്‍ മരണത്തെ മുഖാമുഖം കണ്ട യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ നേര്‍ചിത്രമാകുന്നു. 38 പേരാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. അഞ്ച് ജോലിക്കാരടക്കം 75 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 

വിമാനം താഴേക്ക് പതിക്കുമ്പോള്‍ വിമാനത്തിലെ ആളുകളുടെ പരിഭ്രാന്തി, ക്യാബിനുള്ളില്‍ നിന്ന് ആളുകള്‍ വീണുകിടക്കുന്നതും, ക്യാബിന്റെ മേല്‍കൂര തകര്‍ന്നതും, ആളുകള്‍ സഹായം ആഭ്യര്‍ത്ഥിച്ച് നിലവിളിക്കുന്നതും എല്ലാം വീഡിയോയിലുണ്ട്. ചിലഭാഗങ്ങളില്‍ രക്തകറയും കാണാം. 

പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്നാണ് നിഗമനം. ദുരന്തത്തില്‍ നിന്ന് 29 പേരെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ കഴിയുന്നവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്.

അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കസാഖ്സ്താനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു പക്ഷിക്കൂട്ടത്തെ വിമാനം ഇടിച്ചതായാണ് കരുതുന്നത്. പിന്നാലെ വിമാനം അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടി. തൊട്ടുപിന്നാലെ തകര്‍ന്നുവീണ് കത്തിയമരുകയായിരുന്നു.
 

Content Highlights: Passenger Captures Moments Before And After Plane Crash In Kazakhstan