പി.ഒ.കെ തിരഞ്ഞെടുപ്പിൽ വ്യാപക സംഘർഷം; സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 20 മരണം, 50 പേർക്ക് പരിക്ക്

പാക് അധീന കശ്മീരിലെ സംഘർഷത്തിന്റെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ. | Photo: x.com/kscChouhan
പാക് അധീന കശ്മീരിലെ സംഘർഷത്തിന്റെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ. | Photo: x.com/kscChouhan

ഇസ്‍ലാമാബാദ്: പാക് അധീന കശ്മീർ(പി.ഒ.കെ.) നിയമസഭയിലേക്ക് തിങ്കളാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിനിടെ വ്യാപകസംഘർഷം. തിരഞ്ഞെടുപ്പ് ബഹിഷ്കരണമാവശ്യപ്പെട്ട് നടന്ന ജനകീയപ്രതിഷേധങ്ങൾ പാക് സുരക്ഷാസേന അടിച്ചമർത്താൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ സംഘർഷങ്ങളിൽ 20 പേർ കൊല്ലപ്പെട്ടു. അൻപതോളം പേർക്ക് പരിക്കേറ്റു.

റാവൽക്കോട്ടിലെ ഡ്രെയ്ക് എട്ടാം മേഖലയിലാണ് വലിയ സംഘർഷമുണ്ടായത്. പോലീസ് വെടിവെപ്പിൽ തങ്ങളുടെ 14 അംഗങ്ങൾ കൊല്ലപ്പെട്ടതായി പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി(ജെ.എ.എ.സി.) പറഞ്ഞു. സംഘടനയുടെ സ്ഥാപകാംഗവും വക്താവുമായ ഉമർ നലീർ കശ്മീരിയുടെ സഹോദരൻ ഉസ്മാൻ നസീറും മരിച്ചവരിലുൾപ്പെടുന്നു.

ജെ.എ.എ.സി. പ്രക്ഷോഭകരാണ് പോലീസിനുനേരേ ആദ്യം വെടിയുതിർത്തതെന്ന് സൈന്യം ആരോപിച്ചു. മുസാഫറാബാദിലേക്ക് തിങ്കളാഴ്ച ആയിരങ്ങൾ പങ്കെടുത്ത മാർച്ച് മടന്നു. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പാക് ഫെഡറൽ സർക്കാർ മേഖലയിൽ സ്നിപ്പർമാരുൾപ്പെടെ 14,000 സുരക്ഷാസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

പി.ഒ.കെ. നിയമസഭയിലേക്കുള്ള 12 അഭയാർഥി സംവരണസീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജൂൺ ഒൻപതുമുതൽ ജെ.എ.എ.സി.യുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നുവരികയാണ്. തങ്ങൾക്ക് അനുകൂലമായ വ്യക്തിയെ പി.ഒ.കെ. പ്രധാനമന്ത്രിയാക്കാനുള്ള ഫെഡറൽ സർക്കാരിന്റെ രാഷ്ട്രീയലക്ഷ്യമാണ് സംവരണത്തിനുപിന്നിലെന്നാണ് ആരോപണം. ജനാധിപത്യപ്രക്രിയയെ അട്ടിമറിച്ചാണ് ഈ സീറ്റുകളിലൂടെ മേഖലാ ഭരണത്തിൽ ഇടപെടാൻ ശ്രമിക്കുന്നതെന്ന് ജെ.എ.എ.സി. ആരോപിച്ചു. ജമ്മു-കശ്മീരിൽനിന്ന് കുടിയേറി അവിടെ സ്ഥിരതാമസമാക്കിയവർക്കാണ് ഈ സംവരണം.

ജൂൺ മുതൽ പാക് സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ 80 പേർ മരിച്ചു. 400 പേർക്ക് ജീവൻ നഷ്ടമായെന്ന് ജെ.എ.എ.സി. അവകാശപ്പെട്ടു. ഫെഡറൽ സർക്കാരും പ്രാദേശിക സർക്കാരുകളും പി.ഒ.കെ.യെ തിരിഞ്ഞുനോക്കുന്നില്ലെന്നാരോപിച്ച് അവിടുത്തുകാർ കാലങ്ങളായി ജനകീയസമരത്തിലാണ്. പ്രതിഷേധങ്ങളുടെ പേരിൽ ജെ.എ.എ.സി.യെ നിരോധിച്ചിരുന്നു.

നവാസിന്റെ പാർട്ടിക്ക് ലീഡ്

മിർപുർ ഡിവിഷനിലെ 13 മണ്ഡലങ്ങളിൽ നടന്ന ആദ്യഘട്ടവോട്ടെടുപ്പിൽ ഒൻപത് സീറ്റുകൾ പാകിസ്താനിലെ ഭരണകക്ഷിയായ പാക്‌സിതാൻ മുസ്‍ലിം ലീഗ്- നവാസ്(പി.എം.എൽ.-എൻ.) നേടി. മൂന്നിടത്ത് പാകിസ്താൻ പീപ്പിൾസ് പാർട്ടി(പി.പി.പി.) വിജയിച്ചു. ഫെഡറൽ സർക്കാരിൽ ഇരുപാർട്ടികളും കൂട്ടുകക്ഷികളാണ്. തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നെന്ന ആരോപണം ശക്തമാണ്.

53 അംഗ പ്രാദേശികനിയമസഭയിലെ 45 സീറ്റിലേക്കാണ് മൂന്നുഘട്ട തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 10-നാണ് മൂന്നാംഘട്ടം. എട്ടു സീറ്റുകൾ സ്ത്രീകൾ, സാങ്കേതിവിദഗ്ധർ, മതപണ്ഡിതർ എന്നിവർക്കുവേണ്ടി സംവരണംചെയ്തിട്ടുള്ളതാണ്. പാർട്ടി ജയിച്ചാൽ തനിക്ക് പി.ഒ.കെ. പ്രധാനമന്ത്രിയാകാൻ മോഹമുണ്ടെന്ന് പാകിസ്താന്റെ മുൻ പ്രധാനമന്ത്രിയും പി.എം.എൽ-എൻ. അധ്യക്ഷുമായ നവാസ് ഷരീഫ് പറഞ്ഞിരുന്നു.