ഓപ്പറേഷൻ എപിക് ഫ്യൂറി: യുഎസ് സേന തകർത്തത് ഇറാനിലെ 5000-ത്തിലധികം കേന്ദ്രങ്ങൾ; വിശദാംശങ്ങൾ പുറത്ത്

#ന്യൂസ് ഡെസ്ക്
ഇറാനില്‍ നടന്ന യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍നിന്ന്: ഫോട്ടോ:AFP
ഇറാനില്‍ നടന്ന യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍നിന്ന്: ഫോട്ടോ:AFP

വാഷിങ്ടൺ: ഇറാന് നേരെ നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് യുഎസ് സെൻട്രൽ കമാൻഡ്. ഫെബ്രുവരി 28-ന് പുലർച്ചെ 1:15-ഓടെയാണ് ഇറാന് മേൽ യുഎസ് സെൻട്രൽ കമാൻഡ് 'ഓപ്പറേഷൻ എപിക് ഫ്യൂറി' ആരംഭിച്ചത്. ഇറാാനിലെ അയ്യായിരത്തിലധികം ലക്ഷ്യസ്ഥാനങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയതായി സെൻട്രൽ കമാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മേഖലയിൽ അടിയന്തര ഭീഷണിയാകുന്ന കേന്ദ്രങ്ങളെ മുൻഗണനാക്രമത്തിൽ തകർക്കാനാണ് സെൻട്രൽ കമാൻഡ് ലക്ഷ്യമിട്ടതെന്ന് ഔദ്യോഗിക എക്‌സ് പോസ്റ്റിൽ വ്യക്തമാക്കുന്നു. നാവികരംഗത്താണ് ഇറാൻ ഏറ്റവും വലിയ പ്രഹരം നേരിട്ടത്. യുഎസ് നടത്തിയ ശക്തമായ ആക്രമണത്തിൽ ഇതുവരെ അൻപതിലധികം ഇറാനിയൻ കപ്പലുകൾ തകരുകയോ ഭാഗികമായി നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇറാൻ നാവികസേനയുടെ കപ്പലുകൾക്കും അന്തർവാഹിനികൾക്കും പുറമെ, കപ്പലുകളെ തകർക്കാൻ ശേഷിയുള്ള ആന്റി-ഷിപ്പ് മിസൈൽ സൈറ്റുകളും യുഎസ് സേന ലക്ഷ്യമിട്ടിരുന്നു.

അത്യാധുനിക യുദ്ധവിമാനങ്ങളുടെയും ബോംബറുകളുടെയും വൻ നിരയാണ് ഈ ദൗത്യത്തിനായി അമേരിക്ക അണിനിരത്തിയത്. വലിയ പേലോഡുകൾ എത്തിക്കാൻ രൂപകൽപ്പന ചെയ്ത ദീർഘദൂര സൂപ്പർസോണിക് ബോംബറായ ബി-1, വ്യോമ പ്രതിരോധം ഭേദിക്കാൻ കഴിവുള്ള സ്റ്റെൽത്ത് ബോംബറായ ബി-2, തന്ത്രപ്രധാന ബോംബാക്രമണം, മിസൈൽ ആക്രമണം എന്നിവയ്ക്കായി ഉപയോഗിക്കുന്ന ദീർഘദൂര ഹെവി ബോംബറായ ബി-52 എന്നിവ ലക്ഷ്യസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ചു. കൂടാതെ എഫ്-22, എഫ്-35 തുടങ്ങിയ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനങ്ങളും എഫ്-15, എഫ്-16, എഫ്-18 യുദ്ധവിമാനങ്ങളും ഈ ഓപ്പറേഷന്റെ ഭാഗമായി വിന്യസിക്കപ്പെട്ടു. കരയിലെ ടാങ്കുകളെയും മറ്റും തകർക്കാൻ എ-10 അറ്റാക്ക് ജെറ്റുകളും നിരീക്ഷണത്തിനും ആക്രമണങ്ങൾക്കുമായി ലൂക്കാസ്, എംക്യു-9 റീപ്പർ ഡ്രോണുകളും, കടലിലെ നീക്കങ്ങൾക്കായി ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനവാഹിനിക്കപ്പലുകളും ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും പ്രയോജനപ്പെടുത്തി.

ആക്രമണത്തിന് പുറമെ വ്യോമ പ്രതിരോധ മേഖലയിലും യുഎസ് ശക്തമായ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പാട്രിയറ്റ് മിസൈൽ സംവിധാനങ്ങളും താഡ് ആന്റി-ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങളും പ്രത്യാക്രമണങ്ങളെ തടയാൻ സജ്ജമാക്കിയിരുന്നു. കൂടാതെ ഇറാന്റെ റഡാറുകളെയും ആശയവിനിമയ സംവിധാനങ്ങളെയും തകർക്കാൻ ഇഎ-18ജി ഇലക്ട്രോണിക് അറ്റാക്ക് വിമാനങ്ങളും യുഎസ് ഉപയോഗിച്ചു.

രഹസ്യാന്വേഷണത്തിനായി യു-2 ഡ്രാഗൺ ലേഡി, പി-8 മാരിടൈം പട്രോൾ, ആർസി-135 വിമാനങ്ങളും ഉപയോഗിച്ചു. യുദ്ധഭൂമിയിലെ ആശയവിനിമയത്തിനും ചരക്ക് നീക്കത്തിനുമായി ഇ-2ഡി ഹോക്കി, സി-17 ഗ്ലോബ്മാസ്റ്റർ, സി-130 വിമാനങ്ങൾക്കൊപ്പം ഇന്ധനം നിറയ്ക്കുന്നതിനുള്ള ടാങ്കർ വിമാനങ്ങളും കപ്പലുകളും, കൃത്യതയാർന്ന റോക്കറ്റുകൾ തൊടുക്കാൻ ഹൈമാർസ് സംവിധാനവും ഈ ഓപ്പറേഷന്റെ ഭാഗമായിരുന്നു.

ദീർഘകാല നാവിക വ്യോമ പ്രവർത്തനങ്ങൾക്കായി വിമാനങ്ങൾ വിന്യസിക്കാനും പിന്തുണയ്ക്കാനും കഴിവുള്ള വലിയ യുദ്ധക്കപ്പലുകളായ ആണവോർജത്തിൽ പ്രവർത്തിക്കുന്ന വിമാനവാഹിനികൾ, വ്യോമ, ഉപരിതല, മിസൈൽ പ്രതിരോധത്തിനായുള്ള നൂതന മിസൈലുകൾ ഘടിപ്പിച്ച മൾട്ടി-മിഷൻ യുദ്ധക്കപ്പലുകളായ ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകൾ, ആളില്ലാ വിമാനങ്ങളെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും നിർവീര്യമാക്കാനും രൂപകൽപ്പന ചെയ്ത കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ, കടലിൽ പ്രവർത്തിക്കുന്ന കപ്പലുകൾക്ക് ഇന്ധനവും ലോജിസ്റ്റിക്സ് പിന്തുണയും നൽകുന്ന റിഫ്യൂവലിങ് കപ്പലുകൾ, സൈനികരെയും ഭാരോപകരണങ്ങളെയും വേഗത്തിൽ വിന്യസിക്കാൻ ഉപയോഗിക്കുന്ന സി-17 ഗ്ലോബ്മാസ്റ്റർ കാർഗോ എയർക്രാഫ്റ്റ്, ടാക്റ്റിക്കൽ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് സി-130, ഇറാന്റെ ആശയവിനിമയങ്ങളെയും കമാൻഡ് ശൃംഖലകളെയും തടസ്സപ്പെടുത്തുന്നതിനായി ഇലക്ട്രോണിക് യുദ്ധ വിമാനമായ ഇസി-130എച്ച് കോമ്പസ് കോൾ എന്നിവയും ആക്രമണത്തിന്റെ ഭാഗമായിരുന്നതായി സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ഇറാന്റെ തന്ത്രപ്രധാനമായ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, ഐആർജിസി ആസ്ഥാനങ്ങൾ, ഇന്റലിജൻസ് കേന്ദ്രങ്ങൾ എന്നിവയാണ് ആക്രമണത്തിനിരയായത്. കൂടാതെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, മിസൈലുകളുടെയും ഡ്രോണുകളുടെയും നിർമ്മാണ യൂണിറ്റുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ യുഎസ് ബോംബറുകൾ തകർത്തതായും സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നു.

Content Highlights: Discover the full list of US military assets, bombers, and fighter jets deployed in Operation Epic Fury against Iran. Read the full CENTCOM report here.