ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: ജെൻസൻ ഹുവാങ്ങിനെതിരെ അന്വേഷണം; എൻവിഡിയ ഓഹരികൾ കൂപ്പുകുത്തി

വാഷിങ്ടൺ: ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന സ്ത്രീയുമായുള്ള ബന്ധത്തെക്കുറിച്ച് കമ്പനി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എൻവിഡിയയുടെ ഓഹരി വിലയിൽ വൻ ഇടിവ്. അമേരിക്കൻ ഓഹരി വിപണിയായ നാസ്ഡാക്കിൽ പ്രീ-മാർക്കറ്റ് വ്യാപാരത്തിൽ വലിയ തകർച്ച നേരിട്ട ഓഹരികൾ, വ്യാപാരം ആരംഭിച്ചപ്പോൾ എട്ടു ശതമാനത്തിലധികം ഇടിഞ്ഞ് ഓഹരിയൊന്നിന് 171.80 ഡോളറിലേക്ക് താഴ്ന്നു. പിന്നീട് അല്പം കരകയറി 177.85 ഡോളർ എന്ന നിലയിലെത്തിയെങ്കിലും ഓഹരി വില മുൻ ദിവസത്തേക്കാൾ നാല് ശതമാനത്തോളം ഇടിവിലാണ് വ്യാപാരം തുടരുന്നത്.
ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെടുന്ന അലിസ് ഹുവാങ് എന്ന ബിസിനസ് എക്സിക്യൂട്ടീവുമായി തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് എൻവിഡിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സി.ഇ.ഒ.) സഹസ്ഥാപകനുമായ ജെൻസൻ ഹുവാങ് വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന് പിന്നാലെയാണ് കമ്പനി ഹുവാങ്ങിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അലിസ് ഹുവാങ് ചൈനീസ് രഹസ്യാന്വേഷണ ഏജന്റാണെന്ന് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഞായറാഴ്ച ജീവനക്കാർക്ക് അയച്ച ഇമെയിലിൽ ജെൻസൻ ഹുവാങ് തനിക്ക് ഒരു വനിതാ എക്സിക്യൂട്ടീവുമായി ബന്ധമുണ്ടായിരുന്ന കാര്യം സമ്മതിക്കുകയും ജീവനക്കാരോടും സ്വന്തം കുടുംബത്തോടും മാപ്പ് ചോദിക്കുകയും ചെയ്തു. ‘ഞാൻ എന്റെ ഭാര്യയോട് അവിശ്വസ്തത കാണിച്ചു. എന്റെ പ്രവൃത്തികൾ അവളെയും ഞങ്ങളുടെ മക്കളെയും വേദനിപ്പിച്ചു. ഞാൻ ചെയ്തതിന് യാതൊരു ന്യായീകരണവുമില്ല. ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’, എന്ന് അദ്ദേഹം ഇമെയിലിൽ വ്യക്തമാക്കി.
1993-ൽ ജെൻസൻ ഹുവാങും പങ്കാളികളും ചേർന്ന് തുടക്കം കുറിച്ച കമ്പനിയാണ് എൻവിഡിയ. പതിറ്റാണ്ടുകൾ കൊണ്ട് കമ്പനിയെ ലോകത്തിലെ ഏറ്റവുംവലിയ സ്ഥാപനമാക്കി വളർത്തുന്നതിൽ ഹുവാങ് നിർണായക പങ്കുവഹിച്ചു. എന്നാൽ, നിലവിലുണ്ടായ വെളിപ്പെടുത്തലുകളും കമ്പനിയുടെ അന്വേഷണവും എൻവിഡിയയിൽ അദ്ദേഹത്തിന്റെ ഭാവി എന്താകും എന്നതിനെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
Content Highlights: Nvidia shares experienced a sharp decline in market trading after the company announced an internal investigation into CEO Jensen Huang following revelations of a personal relationship linked to security concerns.