യുദ്ധം വൈകാതെ അവസാനിക്കും, എന്തുചെയ്യണമെന്ന് ട്രംപിനോട് ആർക്കെങ്കിലും പറയാൻ പറ്റുമോ?-നെതന്യാഹു

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപിനൊപ്പം ബെഞ്ചമിന്‍ നെതന്യാഹു | File Photo: AP
ഡൊണാൾഡ് ട്രംപിനൊപ്പം ബെഞ്ചമിന്‍ നെതന്യാഹു | File Photo: AP

ടെൽഅവീവ്: 20 ദിവസത്തെ യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണങ്ങളെ തുടർന്ന് ഇറാന്റെ സൈനികശേഷി ഏതാണ്ട് പൂർണമായും തകർത്തതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ആണവ ഇന്ധനം സമ്പുഷ്ടമാക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനോ ഉള്ള കഴിവ് ഇറാന് ഇല്ലെന്ന് നെതന്യാഹു വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആളുകൾ കരുതുന്നതിനേക്കാൾ വേഗത്തിൽ യുദ്ധം അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ഇറാൻ ഭരിക്കുന്നത് ആരാണെന്ന് ഉറപ്പില്ലെന്നും പുതിയ പരമോന്നതനേതാവ് മുജ്തബ ഖമനേയി ഇനിയും മുഖം കാണിച്ചിട്ടില്ലെന്നും ഭരണതലപ്പത്തെ വ്യക്തികൾക്കിടയിൽ വലിയ സംഘർഷം നിലനിൽക്കുന്നതായും നെതന്യാഹു പറ‍ഞ്ഞു.

"ഞങ്ങൾ വിജയിക്കുകയാണ്, ഇറാൻ നശിപ്പിക്കപ്പെടുകയാണ്," നെതന്യാഹു പറഞ്ഞു, ഇറാന്റെ മിസൈൽ, ഡ്രോൺ ശേഖരം വലിയ തോതിൽ തരംതാഴ്ത്തപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു."ഞങ്ങൾ ഇപ്പോൾ നശിപ്പിക്കുന്നത് മിസൈലുകൾ നിർമിക്കുന്നതിനും ആണവ ബോംബുകൾ നിർമ്മിക്കുന്നതിനുമുള്ള ഘടകങ്ങൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളാണ്," നെതന്യാഹു പറഞ്ഞു.

അതേസമയം നെതന്യാഹുവിൻ്റെ വാദത്തിന് അദ്ദേഹം തെളിവുകളൊന്നും നൽകിയില്ല. ഏകദേശം മൂന്നാഴ്ചത്തെ യുദ്ധമുണ്ടായിട്ടും ഇറാനിലെ ജനങ്ങൾ തെരുവിലിറങ്ങി ഭരണകൂടത്തെ താഴെയിടാൻ ശ്രമിക്കുമോ എന്ന് പറയാൻ സമയമായിട്ടില്ലെന്ന് നെതന്യാഹു പറഞ്ഞു. യുദ്ധം ഇതുവരെ വ്യോമാക്രമണങ്ങളിലൂടെയാണ് നടന്നിട്ടുള്ളതെങ്കിലും കരസേനയുടെ ഇടപെടൽ കൂടി ആവശ്യമാണെന്നും നെതന്യാഹു പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം നൽകിയില്ല.

യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴച്ചെന്ന ആരോപണവും നെതന്യാഹു നിഷേധിച്ചു. "പ്രസിഡന്റ് ട്രംപിനോട് എന്തുചെയ്യണമെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമെന്ന് കരുതുന്നുണ്ടോ?" അദ്ദേഹം ചോദിച്ചു. ഇറാനിയൻ ഗ്യാസ് ഫീൽഡിൽ നടത്തിയ ആക്രമണം ഇസ്രയേലിന്റെ സ്വന്തം തീരുമാനമായിരുന്നുവെന്നും ഭാവിയിൽ അത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തുന്നത് നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായും അതിനാൽ അത്തരം ആക്രണമണങ്ങൾ തങ്ങൾ നിർത്തിവെച്ചിരിക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുമെന്നും നെതന്യാഹു പറഞ്ഞു.

Content Highlights: Netanyahu claims Iran's missile and nuclear production capabilities are decimated., Claims of internal power struggles within the Iranian leadership., Denial of dragging the US into the conflict., Strategic focus on halting Iran's nuclear and ballistic missile development.