ചർച്ചയ്ക്കിടെ സ്വന്തം നഗ്നചിത്രം പ്രദർശിപ്പിച്ച് യുഎസ് കോൺഗ്രസ് അംഗം; മുൻ പ്രതിശ്രുത വരനെതിരെ ആരോപണം

വാഷിങ്ടൺ: യുഎസ് കോണ്‍ഗ്രസിലെ ഒരു ചര്‍ച്ചയ്ക്കിടെ റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാവ് നാന്‍സി മേസ് തന്റെ നഗ്നചിത്രം പ്രദര്‍ശിപ്പിച്ചത് നാടകീയ സംഭവവികാസങ്ങള്‍ക്കിടയാക്കി. ഇത് തന്റെ മുന്‍ പ്രതിശ്രുത വരന്‍ സമ്മതമില്ലാതെ രഹസ്യമായി റെക്കോര്‍ഡ് ചെയ്തതാണെന്ന് അവകാശപ്പെട്ടായിരുന്നു നാന്‍സി മേസ് ഇത്തരമൊരു പ്രവൃത്തി ചെയ്തത്.
ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് യുഎസ് കോണ്‍ഗ്രസിലെ ഓവര്‍സൈറ്റ് കമ്മിറ്റിയുടെ ഒരു യോഗത്തിനിടെയാണ് ഈ സംഭവമുണ്ടായത്. അടുപ്പത്തിലായിരിക്കുന്ന ഘട്ടത്തില്‍ മറ്റുള്ളവരുടെ നഗ്നതകളും ലൈംഗികവേഴ്ചകളും സ്വകാര്യമായി പകര്‍ത്തുന്നതിനെതിരായ ശക്തമായ നിയമത്തിന് വേണ്ടി വാദിക്കുന്നതിനിടെയാണ് നാന്‍സി മേസ് തന്റെ നഗ്നചിത്രം പ്രദര്‍ശിപ്പിച്ചത്.
'സ്വാതന്ത്ര്യം എന്നത് ഒരു സിദ്ധാന്തമല്ല, അത് മറ്റൊരാളുടെ ക്യാമറ നിങ്ങളുടെ നഗ്‌ന ശരീരം ചിത്രീകരിക്കാതെ ഉറങ്ങാനുള്ള അവകാശംകൂടിയാണ്. ഞാന്‍ സംസാരിക്കുന്നത് ഒരു നിയമനിര്‍മ്മാതാവ് എന്ന നിലയിലല്ല, മറിച്ച് ഇത്തരമൊരു സംഭവം അതിജീവിച്ച ഒരാള്‍ എന്ന നിലയിലാണ്' ഇങ്ങനെ പറഞ്ഞുകൊണ്ടാണ് തന്റെ നഗ്ന ചിത്രം നാന്‍സി മേസ് പ്രദര്‍ശിപ്പിച്ചത്..
സ്വകാര്യ വസതിയില്‍ വെച്ച് തന്റെ അറിവില്ലാതെയാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്നും അവര്‍ അവകാശപ്പെട്ടു. എന്റെ ദൃശ്യങ്ങള്‍ പകർത്തിയെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അതെന്റെ സമ്മതത്തോടെ ആയിരുന്നില്ല'. അവര്‍ പറഞ്ഞു.
തന്റെ മുന്‍ പ്രതിശ്രുത വരനായ പാട്രിക് ബ്രയന്റിനെതിരെ ബലാത്സംഗം, ലൈംഗികാതിക്രമം എന്നിവ ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട് നാന്‍സി മേസ്. എന്നാല്‍ ഈ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിക്കുകയാണ് ഉണ്ടായത്.
'ഞാന്‍ ആരെയും ബലാത്സംഗം ചെയ്തിട്ടില്ല. ഞാന്‍ രഹസ്യ ക്യാമറകള്‍ ഒളിപ്പിച്ചിട്ടില്ല. ഈ ആരോപണങ്ങള്‍ ദുരുദ്ദേശ്യപരവും വ്യക്തിപരവുമാണ്' പാട്രിക് ബ്രയന്റ പറഞ്ഞു.
യുഎസ് ഭരണഘടനയുടെ 'സ്പീച്ച് ആന്‍ഡ് ഡിബേറ്റ്' വകുപ്പ് പ്രകാരം, ഔദ്യോഗിക പദവിയില്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് ജനപ്രതിനിധികള്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കുമെന്നും, അത് ഉപയോഗിച്ചാണ് മെയ്സ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ആരോപണങ്ങള്‍ ശരിയാണെങ്കില്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. അതേസമയം പാട്രിക് ബ്രയന്റിനെതിരെ ഇതാദ്യമായിട്ടല്ല നാന്‍സി മേസ് ആരോപണങ്ങളുന്നയിക്കുന്നത്.
'തനിക്കെതിരെയും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്ത്രീകള്‍ക്കെതിരെയും, ബ്രയന്റും അദ്ദേഹത്തിന്റെ മൂന്ന് ബിസിനസ് പങ്കാളികളും മോശമായ രീതിയില്‍ ലൈംഗീകാതിക്രമം നടത്തി. അദ്ദേഹത്തിന്റെ ഉപകരണത്തില്‍ നിന്ന്, താന്‍ ബലാത്സംഗം, ഒളിഞ്ഞുനോട്ടം, മറ്റ് തരത്തിലുള്ള അതിക്രമങ്ങള്‍ തുടങ്ങിയവയുടെ 10,000-ലധികം വീഡിയോകളും ചിത്രങ്ങളും കണ്ടെത്തുകയും ചെയ്തു' ഫെബ്രുവരിയില്‍ ഒരു പ്രസംഗത്തിനിടെ നാന്‍സി മേസ് പറയുകയുണ്ടായി.
Content Highlights: Nancy Mace displayed a nude photo during a congressional hearing