ഇന്ത്യക്കെതിരായ യുഎസ് നീക്കം എലി ആനയെ ഇടിക്കുംപോലെ,ബാധിക്കുക അമേരിക്കയേത്തന്നെ- US സാമ്പത്തികവിദഗ്ധൻ

നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ് | Photo: PTI
നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ് | Photo: PTI

വാഷിങ്ടണ്‍: ഇന്ത്യക്കെതിരേയുള്ള യുഎസിന്റെ പെരുമാറ്റം ലോകചട്ടമ്പിയെ പോലെയാണെന്ന വിമര്‍ശനവുമായി അമേരിക്കന്‍ സാമ്പത്തികവിദഗ്ധന്‍ റിച്ചാര്‍ഡ് വൊള്‍ഫ്. എന്നാല്‍, യുഎസിന്റെ ഇത്തരം നടപടികള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരായ സാമ്പത്തിക ബദലായിമാറാൻ ബ്രിക്‌സിന് സഹായകമാകും. ഇത് അമേരിക്കന്‍ താല്‍പര്യങ്ങളേത്തന്നെയാണ് ദോഷകരമായി ബാധിക്കുകയെന്നും അന്താരാഷ്ട്ര മാധ്യമമായ റഷ്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്രസംഘടന പറയുന്നത് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് നിലവില്‍ ഇന്ത്യ. യുഎസ് ഇന്ത്യയോട് എന്തുചെയ്യണമെന്ന് നിര്‍ദേശിക്കുന്നത്, എലി ആനയെ ഇടിക്കുന്നത് പോലെയാണെന്നും വൊള്‍ഫ് പറഞ്ഞു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മുന്നില്‍ യുഎസ് വാതില്‍ അടച്ചാല്‍ ഇന്ത്യ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മറ്റ് വിപണികള്‍ കണ്ടെത്തും. ഇത് ബ്രിക്‌സ് രാജ്യങ്ങളെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. റഷ്യ അവരുടെ ഊര്‍ജോല്‍പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനും മറ്റിടങ്ങള്‍ കണ്ടെത്തിയതുപോലെ ഇന്ത്യ യുഎസിലേക്കുള്ള കയറ്റുമതി അവസാനിപ്പിച്ച് ബ്രിക്‌സ് രാജ്യങ്ങളിലേക്ക് തിരിയും, വൊള്‍ഫ് പറഞ്ഞു.

ചൈന, ഇന്ത്യ, റഷ്യ, ബ്രിക്‌സ് എന്നിവ പരിഗണിച്ചാല്‍ ഈ രാജ്യങ്ങളുടെ ഉത്പാദനം ലോകത്തിന്റെ ആകെ ഉത്പാദനത്തിന്റെ 35 ശതമാനമാണ്. അമേരിക്ക ഉള്‍പ്പെട്ട പടിഞ്ഞാറന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 രാജ്യങ്ങളുടേത് 28 ശതമാനമാണെന്നും വൊള്‍ഫ് പറഞ്ഞു. ട്രംപിന്റെ താരിഫ് നീക്കം ബ്രിക്‌സ് കൂട്ടായ്മയെ പരിപോഷിപ്പിക്കുകയാണെന്നും അമേരിക്കന്‍ മാര്‍ക്‌സിയന്‍ സാമ്പത്തിക വിദഗ്ധനായ വൊള്‍ഫ് കൂട്ടിച്ചേര്‍ത്തു.

Content Highlights: mouse hitting an elephant us economist on american action against in india