മുഹമ്മദ് അലി ജഫാരിയുടെ ബുദ്ധിയിൽ പിറന്ന 'മൊസൈക് ഡിഫൻസ്'; ഇറാനെ തകരാതെ കാക്കുന്ന തന്ത്രം

ടെഹ്റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും അതിശക്തമായ ആക്രമണങ്ങളിൽ തങ്ങളുടെ ഉന്നത നേതൃത്വം പൂർണ്ണമായും ഇല്ലാതായിട്ടും, ഇറാൻ ഇപ്പോഴും ശക്തമായ പ്രതിരോധവും തിരിച്ചടിയും തുടരുകയാണ്. ലോകത്തെ വിസ്മയിപ്പിക്കുന്ന ഈ സൈനിക പ്രതിരോധത്തിന് പിന്നിലെ കാരണമാണ് എല്ലാവരും തിരയുന്നത്. അതിനെക്കുറിച്ചുള്ള അന്വേഷണങ്ങളെല്ലാം വിരൽചൂണ്ടുന്നത് - മേജർ ജനറൽ മുഹമ്മദ് അലി ജഫാരി എന്ന തന്ത്രജ്ഞനിലേക്കും അദ്ദേഹം ആവിഷ്കരിച്ച 'വികേന്ദ്രീകൃത മൊസൈക് ഡിഫൻസ്' (Decentralised Mosaic Defence) എന്ന സിദ്ധാന്തത്തിലേക്കുമാണ്.
2003-ലെ ഇറാഖ് അധിനിവേശത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്, രാജ്യത്തിന്റെ ഉന്നത നേതൃത്വം കൊല്ലപ്പെട്ടാലും തിരിച്ചടി നൽകാൻ ശേഷിയുള്ള വികേന്ദ്രീകൃതമായ ഒരു സൈനിക സംവിധാനമാണ് ജഫാരി വികസിപ്പിച്ചെടുത്തത്. 2026-ലെ യുദ്ധത്തിൽ ഇറാന്റെ പ്രധാന നേതാക്കൾ കൊല്ലപ്പെട്ടിട്ടും, സ്വയംഭരണാധികാരമുള്ള 31 പ്രാദേശിക യൂണിറ്റുകൾ വഴി രാജ്യം ശക്തമായി പോരാട്ടം തുടരുന്നത് ഈ തന്ത്രത്തിന്റെ വിജയമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്രീകൃതമായ സൈനിക നിയന്ത്രണം തകർന്നാലും പരാജയപ്പെടാത്ത വിധം ഇറാനെ ഒരു പ്രതിരോധ കോട്ടയായി മാറ്റാൻ ഈ പദ്ധതിക്ക് സാധിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശത്രുക്കളുടെ പെട്ടെന്നുള്ള വിജയം അസാധ്യമാക്കുന്ന ഇറാന്റെ സവിശേഷമായ യുദ്ധതന്ത്രത്തെയും അതിന്റെ പിന്നിലെ ബുദ്ധികേന്ദ്രത്തെയും അടുത്തറിയാം.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (IRGC) മുൻ കമാൻഡർ-ഇൻ-ചീഫ് ആണ് മേജർ ജനറൽ മുഹമ്മദ് അലി ജഫാരി. ഇസ്ലാമിക വിപ്ലവത്തിന് ശേഷം കുർദിസ്ഥാൻ പ്രവിശ്യയിലെ രഹസ്യാന്വേഷണ വിഭാഗത്തിലൂടെ സൈനിക ജീവിതം തുടങ്ങിയ അദ്ദേഹം ഇറാൻ-ഇറാഖ് യുദ്ധത്തിലൂടെയാണ് ശ്രദ്ധേയനായത്. 1979 മുതൽ 1989 വരെ നീണ്ടുനിന്ന ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം ആ കാലയളവിൽ സൈന്യത്തിന്റെ വിവിധ പദവികളിലേക്ക് ഉയർത്തപ്പെട്ടു. 1992-ൽ ഐആർജിസി ഗ്രൗണ്ട് ഫോഴ്സിന്റെയും ടെഹ്റാൻ പ്രതിരോധത്തിനായുള്ള 'സറല്ല' എന്ന എലൈറ്റ് യൂണിറ്റിന്റെയും കമാൻഡറായി അദ്ദേഹം നിയമിതനായി.
2005-ൽ ഐആർജിസിയുടെ സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ഡയറക്ടറായിരിക്കെയാണ് അദ്ദേഹം ഇറാന്റെ പ്രതിരോധ നയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന മൊസൈക് ഡിഫൻസ് എന്ന തന്ത്രം വികസിപ്പിച്ചത്. 2007-ൽ ഐആർജിസിയുടെ കമാൻഡർ-ഇൻ-ചീഫ് ആയി നിയമിതനായ അദ്ദേഹം തന്റെ കാലാവധിയിൽ മൊസൈക് ഡിഫൻസ് സിദ്ധാന്തം പൂർണ്ണമായി നടപ്പിലാക്കി. ഐആർജിസിയും ബസിജ് (Basij) സൈനിക വിഭാഗത്തെയും സംയോജിപ്പിച്ചുകൊണ്ട് അസിമട്രിക് (asymmetric) യുദ്ധമുറകൾ അദ്ദേഹം ശക്തിപ്പെടുത്തി.
2003-ൽ അമേരിക്ക ഇറാഖ് കീഴടക്കിയ രീതി പഠിച്ച ശേഷമാണ് ജഫാരി ഈ സിദ്ധാന്തം രൂപീകരിച്ചത്. സദ്ദാം ഹുസൈന്റെ സൈന്യം പൂർണ്ണമായും കേന്ദ്രീകൃതമായ കമാൻഡ് ഘടനയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിനാൽ സദ്ദാമുമായുള്ള ബന്ധം തകർന്നതോടെ ഇറാഖ് സൈന്യം വെറും 26 ദിവസത്തിനുള്ളിൽ തകർന്നു. ഇത് ആവർത്തിക്കാതിരിക്കാനാണ് ഇറാൻ സൈന്യത്തെ സ്വതന്ത്രമായ പല വിഭാഗങ്ങളായി ജഫാരി പുനഃസംഘടിപ്പിച്ചത്.
തന്ത്രത്തിന്റെ ഭാഗമായി, ഇറാന്റെ സൈന്യത്തെ 31 അർദ്ധ-സ്വയംഭരണാധികാരമുള്ള (semi-autonomous) പ്രവിശ്യാ കമാൻഡുകളായി വിഭജിക്കുകയാണ് ജഫാരി ആദ്യം ചെയ്തത്. ഓരോ പ്രവിശ്യയും ഒരു സ്വതന്ത്ര യൂണിറ്റായി പ്രവർത്തിക്കുന്ന തരത്തിലായിരുന്നു വിഭജനം. ഓരോ കമാൻഡിനും സ്വന്തമായി ആസ്ഥാനം, കമാൻഡ്-ആൻഡ്-കൺട്രോൾ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ ശേഖരങ്ങൾ, ബസിജ് (Basij) സൈനിക വിഭാഗങ്ങൾ, ഇന്റലിജൻസ് സംവിധാനങ്ങൾ, യുദ്ധോപകരണ ശേഖരം എന്നിവയുണ്ടാകും.
കേന്ദ്ര നേതൃത്വവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടാലും, മുൻകൂട്ടി നിശ്ചയിച്ച പദ്ധതികൾ അനുസരിച്ച് സ്വതന്ത്രമായി ആക്രമണങ്ങൾ നടത്താൻ ഓരോ പ്രവിശ്യാ കമാൻഡർക്കും അധികാരം നൽകിയിട്ടുണ്ട്. ഇത് ഇറാന്റെ സൈന്യത്തെ ഒരു 'ഓട്ടോപൈലറ്റ്' മോഡിൽ പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നു.
ഇറാന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഉപയോഗപ്പെടുത്തി ദീർഘകാല ഒളിപ്പോര് നടത്താനാകുന്ന വിധമാണ് ഈ തന്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇറാന്റെ പർവ്വതനിരകളും വിശാലമായി ഉൾപ്രദേശങ്ങളും ജനസാന്ദ്രതയുള്ള നഗരങ്ങളും പ്രയോജനപ്പെടുത്തി ശത്രുക്കൾക്ക് ദീർഘകാലം പ്രതിരോധം തീർക്കാൻ ഈ തന്ത്രം സഹായിക്കുന്നു. ശക്തമായ ശത്രുസൈന്യത്തെ നേരിടാൻ നേരിട്ടുള്ള യുദ്ധത്തിന് പകരം ഒളിപ്പോരും ഡ്രോൺ-മിസൈൽ ആക്രമണങ്ങളും വഴി ശത്രുവിനെ തളർത്തുന്ന അസിമട്രിക് യുദ്ധമുറയാണിത്.
അതുപോലെതന്നെ ഇറാന്റെ 'മൊസൈക് ഡിഫൻസ്' തന്ത്രത്തിൽ ബസിജ് (Basij) സൈനിക വിഭാഗത്തിന് നിർണായകമായ പങ്കാണുള്ളത്. തന്ത്രത്തിന്റെ ഭാഗമായി ബസിജ് സേനയെ സൈന്യത്തിന്റെ പ്രധാന ഘടനയായ ഐആർജിസിയുമായി ജഫാരി ആഴത്തിൽ സംയോജിപ്പിച്ചു. ഓരോ പ്രവിശ്യാ കമാൻഡിനും കീഴിലും ബസിജ് യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. ഇറാൻ-ഇറാഖ് യുദ്ധകാലത്ത് 'ഹ്യൂമൻ വേവ് അറ്റാക്കുകൾ' വഴി ശത്രുവിനെ തളർത്തിയ ബസിജ് സേനയെ ഇപ്പോൾ ആഭ്യന്തര സുരക്ഷയ്ക്കും അസിമട്രിക് (asymmetric) യുദ്ധമുറകൾക്കുമായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് ശത്രു സൈന്യത്തിന് വലിയ ആൾനാശമുണ്ടാക്കാനും അവരെ യുദ്ധത്തിൽ തളച്ചിടാനും സഹായിക്കുന്നു.
2026 ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന പേരിൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, ഐആർജിസി കമാൻഡർ ജനറൽ മുഹമ്മദ് പാക്പുർ തുടങ്ങി ഒട്ടുമിക്ക ഉന്നത നേതാക്കളും കൊല്ലപ്പെട്ടിരുന്നു. നേതൃത്വം നഷ്ടപ്പെട്ടതോടെ ഇറാൻ തകരുമെന്നായിരുന്നു ശത്രുക്കൾ കരുതിയത്. എന്നാൽ, ഇവിടെ ജഫാരിയുടെ മൊസൈക് ഡിഫൻസ് തന്ത്രം സജീവമായി. ടെഹ്റാനിലെ കേന്ദ്ര കമാൻഡുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടെങ്കിലും ഓരോ പ്രവിശ്യാ യൂണിറ്റും ഒരു സ്വതന്ത്ര സൈന്യത്തെപ്പോലെ പ്രവർത്തിച്ചു.
കേന്ദ്രത്തിൽ നിന്നുള്ള ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ തന്നെ വിവിധ പ്രവിശ്യകളിൽ നിന്ന് അമേരിക്കൻ താവളങ്ങൾക്കും ഇസ്രായേലിനും നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചു. ബഹ്റൈൻ, ഖത്തർ, യുഎഇ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളിലും ഇസ്രായേലിന് ഉള്ളിലും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തി. യുദ്ധം 14 ദിവസം പിന്നിടുമ്പോഴും (മാർച്ച് 13), ഇറാൻ ഒരു 'ഓട്ടോപൈലറ്റ്' മോഡിലെന്നപോലെ ശക്തമായ പ്രതിരോധം തുടരുകയാണ്. ചുരുക്കത്തിൽ, മുഹമ്മദ് അലി ജഫാരിയുടെ മൊസൈക് ഡിഫൻസ് ഇറാനെ ഒരു യുദ്ധത്തിൽ വിജയിപ്പിക്കണമെന്നില്ല, പക്ഷേ രാജ്യത്തിന്റെ തോൽവി അസാധ്യമാക്കുന്നു എന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Content Highlights: Decentralised military command structure across 31 provinces. Eliminates dependency on a single central command point. Integrated Basij and IRGC units for asymmetric warfare. Designed to withstand decapitation strikes by foreign adversaries. Enables autonomous retaliation capabilities even if central leadership is lost.