വിവാദ കാര്‍ട്ടൂണ്‍ വരച്ച ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ് അന്തരിച്ചു

കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ് | ഫോട്ടോ: എ.പി.
കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ് | ഫോട്ടോ: എ.പി.

കോപ്പന്‍ഹേഗന്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂൺ വരച്ചതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായ ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ് (86) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.

2005 ല്‍ ആണ് ഡാനിഷ് പത്രമായ ജയ്ല്ലാന്‍ഡ്‌സ്-പോസ്റ്റണില്‍ കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡിന്റെ വിവാദ കാര്‍ട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതോടെ വിവിധ മുസ്ലിം സംഘടനകളില്‍നിന്ന് ലോകവ്യാപകമായി കടുത്ത പ്രതിഷേധങ്ങള്‍ അരങ്ങേറി.

ഡെന്‍മാര്‍ക്കിനെതിരേ ലോകവ്യാപക രാഷ്ട്രീയ നീക്കങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇത് ഇടയാക്കി. നിരവധി ഇടങ്ങളില്‍ ഡാനിഷ് എംബസികള്‍ ആക്രമിക്കപ്പെട്ടു. പ്രതിഷേധങ്ങളോടനുബന്ധിച്ച് നടന്ന കലാപങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ലഷ്‌കറെ തൊയ്ബ അടക്കമുള്ള തീവ്രവാദ സംഘടനകളും ആക്രമണം അഴിച്ചുവിട്ടു.

കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡിനു നേരെ നിരവധി വധ ഭീഷണികളും വധ ശ്രമങ്ങളും അരങ്ങേറി. കനത്ത സുരക്ഷയില്‍ ആര്‍ഹസ് നഗരത്തിലായിരുന്നു ഏറെക്കാലം അദ്ദേഹം കഴിഞ്ഞിരുന്നത്. കൊലപാതക ശ്രമങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതോടെ അദ്ദേഹം പോലീസ് സുരക്ഷയില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരുന്നു.

Content Highlights: Kurt Westergaard, Danish cartoonist behind Muhammad cartoon, dies


WATCH VIDEO

പെട്രോൾ വില കൂടിയതിന് രാഗേഷിന്റെ പ്രതികാരം;
സുഡൂസ് കസ്റ്റം സ്കൂട്ടർ | POWERED BY HATERS

Content Highlights: