ജെയ്‌ഷെയുടെ വനിതാ ചാവേറുകളാകാനൊരുങ്ങി 5000 പേര്‍, ലക്ഷ്യബോധം വന്നെന്ന് മസൂദ് അസര്‍

#ന്യൂസ് ഡെസ്ക്
ജെയ്‌ഷെ സ്ഥാപകൻ മൗലാന മസൂദ് അസര്‍ | Photo: Mian Kursheed
ജെയ്‌ഷെ സ്ഥാപകൻ മൗലാന മസൂദ് അസര്‍ | Photo: Mian Kursheed

ഇസ്ലാമാബാദ്: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗത്തിലേക്ക് 5,000 പേരെ റിക്രൂട്ട് ചെയ്തതായി തലവൻ മസൂദ് അസറിന്റെ അവകാശവാദം. ജെയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്ത്-ഉൽ-മോമിനാത്തിൽ അംഗങ്ങളായവരെ ചാവേർ ആക്രമണങ്ങൾക്കായി പരിശീലിപ്പിക്കുകയും ഇവരിൽ ഭീകരചിന്താഗതി വളർത്തുകയും ചെയ്യുന്നതായാണ് റിപ്പോർട്ട്.

മസൂദ് അസറിന്റെ സഹോദരി സയീദയുടെ നേതൃത്വത്തിലാണ് ജമാഅത്ത്-ഉൽ-മോമിനാത്ത് രൂപവത്കരിച്ചിരിക്കുന്നത്. വനിതാവിഭാഗത്തിലൂടെ ഭീകര സംഘടനയുടെ സാന്നിധ്യം ശക്തിപ്പെടുത്താനും സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിലൂടെ ശക്തി വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

സമീപകാലത്ത് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസൂദ് അസർ ഇതസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ജമാഅത്ത്-ഉൽ-മോമിനാത്തിന്റെ വളരുന്ന സ്വാധീനത്തെക്കുറിച്ച് മസൂദ് അസർ വിശദീകരിച്ചു. കഴിഞ്ഞ ആഴ്ചകളിൽ 5,000-ൽ അധികം സ്ത്രീകൾ ഈ ഗ്രൂപ്പിൽ ചേർന്നതായും റിക്രൂട്ട്മെന്റും പരിശീലനവും സുഗമമാക്കുന്നതിന് പാക് അധിനിവേശ കശ്മീരിൽ ജില്ലാ തലത്തിലുള്ള സംഘടനകൾ സ്ഥാപിക്കാനും മസൂദ് അസർ ആഹ്വാനം ചെയ്തു. ഓരോ ജില്ലയ്ക്കും വനിതാ മേധാവി അഥവാ ‘മുൻതസിമ’ നയിക്കുന്ന ഒരു പ്രത്യേക ആസ്ഥാനം ഉണ്ടാകും. ഗ്രൂപ്പിൽ ചേർന്ന പല സ്ത്രീകളും ജമാഅത്ത്-ഉൽ-മോമിനാത്തിൽ അംഗമായതിലൂടെ തങ്ങൾക്ക് ഒരു ലക്ഷ്യബോധം ഉണ്ടാകുകയും അവരുടെ വിശ്വാസം ശക്തമാകുകയും ചെയ്തവെന്ന് പറഞ്ഞതായി മസൂദ് അസറിന്റെ പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു.

അതിവേഗത്തിലുള്ളതും ചിട്ടയായതുമാണ് വനിതാവിഭാഗത്തിന്റെ വളർച്ച എന്ന് മസൂദ് അസർ വിശേഷിപ്പിച്ചു. ഭീകരസംഘടന അംഗങ്ങളെ ഒരു പ്രത്യയശാസ്ത്രത്തിന്റെയും ഘടനയുടെയും കീഴിൽ ഏകീകരിക്കാൻ ഉദ്ദേശിക്കുന്നുവെന്നും ലക്ഷ്യബോധവും വിശ്വാസവും വളർത്തുന്നതിനായി ആത്മീയ പരിശീലനങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താൻ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗത്തിന്റെ രൂപവത്കരണം പാക് ഭീകര സംഘടനയിലെ ശ്രദ്ധേയമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഭീകര പ്രവർത്തനങ്ങളിൽ സ്ത്രീകൾ പുതിയ മുഖങ്ങളായി ഉയർന്നുവരുന്നു എന്നാണ് ഈ മാറ്റത്തെ വിശകലന വിദഗ്ധർ സൂചിപ്പിക്കുന്നത്.

ജെയ്ഷെയുടെ ശത്രുക്കളെ നേരിടാൻ സ്ത്രീകളെ റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും വിന്യസിക്കാനുമുള്ള ഒരു വിശദമായ പദ്ധതി ആവിഷ്കരിക്കുന്നതായുള്ള മസൂദ് അസറിന്റെ ഓഡിയോ സന്ദേശം ഒക്ടോബറിലാണ് പുറത്തുവന്നത്. സംഘടനയുടെ ഭാഗമാകുന്ന ഏത് സ്ത്രീയും മരണശേഷം നേരിട്ട് സ്വർഗ്ഗത്തിലേക്ക് പോകും എന്നും മസൂദ് അസർ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.

Content Highlights: Jaish-e-Mohammed leader Masood Azhar claims 5,000 women recruited for female wing, Jamaat-ul-Mominaat. Trained for suicide attacks, fostering extremist ideology.