നെതന്യാഹുവിനെ പുറത്താക്കാൻ പ്രതിപക്ഷനീക്കം ശക്തം; ഭൂരിപക്ഷം ഉടൻ പ്രയോജനപ്പെടുത്തുമെന്ന് ഐസൻകോട്ട്

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷം ഉടൻ പ്രയോജനപ്പെടുത്തുമെന്ന് പ്രതിപക്ഷനേതാവും യഷാർ പാർട്ടി അധ്യക്ഷനുമായ ഗാദി ഐസൻകോട്ട്. തിരഞ്ഞെടുപ്പ് നെതന്യാഹുസർക്കാരിനെതിരായ ശക്തമായ വിധിയെഴുത്താണെന്ന് പറഞ്ഞ അദ്ദേഹം അറബ്, ഇടത് പാർട്ടികളെ ചേർത്ത് സർക്കാരുണ്ടാക്കാനുള്ള സന്നദ്ധത വ്യക്തമാക്കി.
ഇസ്രയേലിനെ ജൂത, ജനാധിപത്യ, ലിബറൽ, സമത്വാധിഷ്ഠിത രാഷ്ട്രമായി അംഗീകരിക്കുക, എല്ലാപൗരർക്കും സൈനികസേവനം നിർബന്ധമാക്കുക, ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുക തുടങ്ങിയ ഉപാധികൾ അംഗീകരിക്കുന്ന ഏത് പാർലമെന്റ് കക്ഷിയുമായും സർക്കാർ രൂപവത്കരണത്തിന് സഹകരിക്കാൻ തയ്യാറാണെന്ന് ഐസൻകോട്ട് വ്യക്തമാക്കി. അറബ് പാർട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെ സർക്കാരുണ്ടാക്കാനുള്ള സാധ്യതയാണ് പ്രതിപക്ഷം തേടുന്നത്.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് വഴിയൊരുക്കിയ സുരക്ഷാവീഴ്ച അന്വേഷിക്കാൻ പ്രത്യേക അന്വേഷണകമ്മിഷൻ, എല്ലാപൗരർക്കും നിർബന്ധിത സൈനികസേവനം, നെതന്യാഹുസർക്കാർ കൊണ്ടുവന്ന വിവാദ ജുഡീഷ്യൽ പരിഷ്കാരങ്ങൾ റദ്ദാക്കുക തുടങ്ങിയ നടപടികൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയസർക്കാർ അധികാരമേൽക്കുന്നതുവരെ ഇസ്രയേലിന് നേരിട്ടും ഉടനടിയും ഭീഷണിയാകുന്ന സാഹചര്യങ്ങളിലൊഴികെ ഇറാനെതിരായ സൈനികനടപടികളെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐസൻകോട്ടിന്റെ ആഹ്വാനത്തോട് ഏറക്കുറെ അനുകൂലമായാണ് അറബ് പാർട്ടികളുടെ നിലപാട്. നെതന്യാഹുവിനെ താഴെയിറക്കാൻ സയണിസ്റ്റ് പ്രതിപക്ഷത്തെ പുറത്തുനിന്ന് പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ജോയിന്റ് ലിസ്റ്റ് സഖ്യനേതാവായ അഹമ്മദ് തിബി പറഞ്ഞു. അറബ് പാർട്ടികൾക്ക് സർക്കാരിൽ പ്രാതിനിധ്യം നൽകണമെന്ന് ഇടതുപാർട്ടികളും ആവശ്യപ്പെട്ടു.
120 അംഗ പാർലമെന്റായ ‘നെസറ്റി’ൽ നെതന്യാഹു അനുകൂല സഖ്യത്തിന് 53 സീറ്റാണുള്ളത്. ഐസൻകോട്ടിന്റെ സഖ്യത്തിന് 48 സീറ്റും അറബ് പാർട്ടികൾക്ക് 19 സീറ്റുമുണ്ട്. പുതിയ സർക്കാരിനായുള്ള ചർച്ചകൾ നവംബർ അഞ്ചിന് പ്രസിഡന്റ് ഐസക് ഹെർസോഗുമായി പാർട്ടികൾ നടത്തുന്ന കൂടിക്കാഴ്ചകൾക്കുശേഷം സജീവമാകും. സർക്കാരുണ്ടാക്കാൻ നിയോഗിക്കപ്പെടുന്ന നേതാവിന് ആദ്യം 28 ദിവസം അനുവദിക്കും. ശ്രമങ്ങൾ പരാജയപ്പെട്ടാൽ വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവരും.