ബന്ദികളെ വിട്ടയക്കാനുള്ള ചർച്ച പരാജയപ്പെട്ടാൽ...; ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ

പ്രതീകാത്മക ചിത്രം| Photo: AFP
പ്രതീകാത്മക ചിത്രം| Photo: AFP

ടെൽ അവീവ്: തടവിലാക്കപ്പെട്ട ബന്ദികളെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിലെ ആക്രമണം തുടരുമെന്നും അതിന് പിന്നെ ഒരിടവേള ഉണ്ടാകില്ലെന്നും ഇസ്രയേൽ.  ബന്ദികളെ വിട്ടയിക്കാൻ ഹമാസുമായി മധ്യസ്ഥരാജ്യങ്ങൾ ചർച്ചയ്ക്ക് കളം ഒരുക്കവെയാണ് ഇസ്രയേൽ കരസേന മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീറിന്റെ പ്രസ്താവന.

'ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ധാരണയിൽ എത്താൻ കഴിയുമോ എന്ന് വരുന്ന ദിവസങ്ങളിൽ അറിയാം. ഇല്ലെങ്കിൽ, പോരാട്ടം വിശ്രമമില്ലാതെ തുടരും.' ഗാസയ്ക്കുള്ളിലെ അധികാരികളുമായി സംസാരിക്കവെ അദ്ദേഹം പ്രസ്താവിച്ചു. ഇതിനു പിന്നാലെ ഗാസയിലെ കമാൻഡ് സെന്ററിൽ വെച്ച് സമീർ ഉദ്യോഗസ്ഥരുമായും സൈനികരുമായും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യം പുറത്തുവിട്ടു.

സൈന്യത്തിന്റെ കണക്കനുസരിച്ച്, ഹമാസിന്റെ 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിനിടെ ഇസ്രയേലിൽനിന്ന് തട്ടിക്കൊണ്ടുപോയ 251 പേരിൽ 49 പേർ ഇപ്പോഴും ഗാസയിലുണ്ട്, അവരിൽ 27 പേർ മരിച്ചതായാണു കരുതുന്നത്‌. ബന്ദികൾ രണ്ടുപേരുടെ വീഡിയോകൾ ഈ ആഴ്ച ഹമാസ് പുറത്തുവിട്ടിരുന്നു.

അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവരുടെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തലും ബന്ദികളുടെ മോചനവും ഉറപ്പാക്കാനുള്ള ചർച്ചകൾ കഴിഞ്ഞ മാസം പരാജയപ്പെട്ടതിനെത്തുടർന്ന് കൂടുതൽ ശക്തമായ സൈനിക നടപടിക്ക് ഇസ്രയേലിൽ സമ്മർദ്ദം കൂടിവരുന്നുണ്ട്. 

'മനഃപൂർവം പട്ടിണിക്കിട്ടു എന്ന നിലവിലെ വ്യാജ  പ്രചാരണം, ധാർമ്മികതയുള്ള സൈന്യമായ ഐഡിഎഫിന് (ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ്‌) എതിരെ യുദ്ധക്കുറ്റം ആരോപിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. ഗാസ നിവാസികളുടെ കൊലപാതകത്തിനും ദുരിതത്തിനും ഉത്തരവാദി ഹമാസാണ്.' ഇയാൽ സമീർ പറഞ്ഞു.

ഔദ്യോഗിക കണക്കുകൾ പ്രകാരം, ഹമാസിന്റെ 2023-ലെ ആക്രമണത്തിൽ  1,219 പേർ കൊല്ലപ്പെട്ടു. ഗാസയിലേക്ക് കരസേനയെ അയച്ചതിന് ശേഷം ആകെ 898 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ 60,332 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.

Content Highlights: Israel Army Chief Warns Of Combat In Gaza Unless Hostages Are Freed