സദ്ദാമിനെ തീർക്കാൻ മൊസാദിന്റെ ' ഓപ്പറേഷൻ ബ്രാംബിൾ ബുഷ്; ദുരന്തത്തിൽ കലാശിച്ച ഇസ്രയേൽ നീക്കം

സദ്ദാം ഹുസെെൻ| Photo: AP
സദ്ദാം ഹുസെെൻ| Photo: AP

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ഒരാഴ്ച പിന്നിടുമ്പോഴും അയവില്ലാതെ തുടരുകയാണ്. ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍മാരെയും ആണവ ശാസ്ത്രജ്ഞരെയുംകൊലപ്പെടുത്തിയ ഇസ്രയേല്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെയാണ് ലക്ഷ്യമിടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കണമെങ്കിൽ ഖമീനി ഇല്ലാതാവണമെന്ന് ഇസ്രയേൽ പറയുന്നു. ഇറാന്റെ പരമോന്നത നേതാവിനെതിരേ ഇസ്രയേല്‍ പരസ്യമായി ഭീഷണി ഉയര്‍ത്തുമ്പോള്‍ മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കം പരാജയപ്പെട്ടതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 1990-കളുടെ തുടക്കത്തിലായിരുന്നു സദ്ദാമിനെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്.  'ഓപ്പറേഷന്‍ ബ്രാംബിള്‍ ബുഷ്' എന്നാണ് ഈ ദൗത്യത്തിന് മൊസാദ് നല്‍കിയ പേര്.

ഓപ്പറേഷന്‍ ബ്രാംബിള്‍ ബുഷ്

1991-ലെ ഗള്‍ഫ് യുദ്ധത്തെത്തുടര്‍ന്നാണ് സദ്ദാം ഹുസൈനെ അപകടകാരിയായി ഇസ്രയേല്‍ കണക്കാക്കി തുടങ്ങുന്നത്.  യുദ്ധത്തില്‍ പങ്കാളി അല്ലായിരുന്നിട്ട് കൂടി ഇസ്രയേലിന് ഇറാഖില്‍നിന്ന് സ്‌കഡ് മിസൈല്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നു. ഇറാഖിന്റെ ആണവ, രാസ, ജൈവ ആയുധശേഷിയെ സംബന്ധിച്ച് യുഎന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വെളിപ്പെടുത്തലും ദൗത്യത്തിന് പ്രചോദനമായി.  സദ്ദാം മരകമായ ആയുധങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളും വന്നതോടെ ഇസ്രയേലിന്റെ ഉറക്കം നഷ്ടപ്പെട്ടു. 1991-ല്‍ ഇസഹാക്ക് ഷാമിറായിരുന്നു ഇസ്രയേലിന്റെ പ്രധാനമന്ത്രി. ഓപ്പറേഷന് അംഗീകാരം നല്‍കാന്‍ ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് യെഹൂദ് ബരാക്,  പ്രധാനമന്ത്രി ഇസഹാക്ക് ഷാമിറിനെയും പിന്നീട് അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഇസഹാക്ക് റാബിനെയും പ്രേരിപ്പിച്ചു. 1992 ജനുവരിയില്‍, സദ്ദാമിനെ വധിക്കാനുള്ള വഴികള്‍ പരിശോധിക്കാന്‍ അദ്ദേഹം അമിറാം ലെവിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ രൂപീകരിച്ചു. 

ലോകത്തെ ഞെട്ടിച്ച ഒരു രക്ഷാദൗത്യത്തിന്റെ കഥ; ഇസ്രയേലിന്റെ 'പിടിവാശി'യുടെയും

സദ്ദാമിനെ കൊലപ്പെടുത്താന്‍ വിവിധ വഴികള്‍ ആലോചിച്ചു. സദ്ദാം പങ്കെടുക്കുന്ന പരിപാടിയില്‍ വിമാനം ഇടിച്ചിറക്കാനും ആധുനിക സൗകര്യങ്ങളുള്ള ഒരു സ്റ്റുഡിയോ യൂറോപ്യന്‍ ഷെല്‍ കമ്പനി വഴി സദ്ദാമിന് വിറ്റ് അദ്ദേഹം പ്രസംഗിക്കുമ്പോള്‍ സ്‌ഫോടനം സൃഷ്ടിക്കാനും ഇസ്രയേല്‍ ആലോചിച്ചു. അതിനിടെയാണ് സദ്ദാമിന്റെ അമ്മാവനായ ഖൈറുള്ള തല്‍ഫയ്ക്ക് മാരകമായ അസുഖം ബാധിച്ചതായി ഇസ്രയേല്‍ അറിയുന്നത്. ജോര്‍ദ്ദാനില്‍ ചികിത്സയിലുള്ള തല്‍ഫ മരിച്ച് കഴിഞ്ഞാല്‍ തിക്രിത്തിലെ കുടുംബ സെമിത്തേരിയിൽ ശവസംസ്‌കാര ചടങ്ങുകൾ നടക്കും. ഈ സമയത്ത് സദ്ദാമിനെ പതിയിരുന്ന് ആക്രമിക്കാൻ മൊസാദ് പദ്ധതിയിട്ടു. അറബികളുടെ വേഷം ധരിച്ച് ഇസ്രയേൽ കമാൻഡോ യൂണിറ്റായ സയറെത് മത്കലിലെ അംഗങ്ങൾ നുഴഞ്ഞുകയറി സദ്ദാമിന്റെ വാഹനവ്യൂഹത്തിന് നേരേ മിസൈലുകൾ അയക്കാനായിരുന്നു പദ്ധതി. മൊസാദ് രഹസ്യവിവരങ്ങൾ നൽകിയപ്പോൾ, ഐഡിഎഫിന്റെ ഉന്നത ഉദ്യോഗസ്ഥർ ഓപ്പറേഷന് അംഗീകാരം നൽകി.

1992 നവംബര്‍ 5-ന്, സയറെത് മത്കല്‍ അംഗങ്ങള്‍ നെഗേവ് മരുഭൂമിയില്‍ പരിശീലനം നടത്താന്‍ ഒത്തുകൂടി. ലൈവ് മിസൈലുകളാണ് സംഘം പരിശീലനത്തിനായി ഉയോഗിച്ചത്.  സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന ധാരണയിലായിരുന്നു അത്. എന്നാല്‍, പരിശീലനത്തിനിടെ  ഒരു കമാന്‍ഡോ അബദ്ധത്തില്‍ സ്വന്തം ടീമിന് നേരേ യഥാര്‍ഥ മിസൈല്‍ ഉപയോഗിച്ചു. അഞ്ച് പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ ഓപ്പറേഷൻ ദുരന്തത്തില്‍ കലാശിച്ചു. 

ആഭ്യന്തര അന്വേഷണത്തില്‍ ആസൂത്രണം, ആശയവിനിമയം, അപകടസാധ്യത വിലയിരുത്തല്‍ എന്നിവയില്‍ ഗുരുതരമായ വീഴ്ചകള്‍  കണ്ടെത്തി. രണ്ട് ദിവസത്തിന് ശേഷം, ഓപ്പറേഷന്‍ ബ്രാംബിള്‍ ബുഷ് ഔദ്യോഗികമായി റദ്ദാക്കി. എന്നിരുന്നാലും കമാന്‍ഡോകളുടെ മരണം വര്‍ഷങ്ങളോളം പൊതുജനങ്ങളില്‍നിന്ന് രഹസ്യമായി സൂക്ഷിക്കുകയും സദ്ദാമിനെ വധിക്കാനുള്ള ഓപ്പറേഷന്‍ രഹസ്യമായി തുടരുകയും ചെയ്തു.

Content Highlights: How Mossad's Saddam Hussain murder plot Plot operation bramble bush failed