'ലക്ഷ്യം കണ്ടു'; ഇറാന്റെ YAK-130 യുദ്ധവിമാനം വെടിവെച്ചിട്ട് F-35I 'അദിർ'; ദൃശ്യവുമായി ഇസ്രയേൽ സൈന്യം

ടെൽ അവീവ്: ഇറാന്റെ യാക്-130(YAK-130) യുദ്ധവിമാനം വെടിവെച്ചിടുന്നതിന്റെ വീഡിയോ പങ്കുവെച്ച് ഇസ്രയേൽ സൈന്യം. ബുധനാഴ്ച ടെഹ്‌റാന് മുകളിൽവെച്ച് എഫ്-35I 'അദിർ' സ്റ്റെൽത്ത് യുദ്ധവിമാനം ഉപയോഗിച്ചാണ് ഇസ്രയേൽ വ്യോമസേന ഇറാന്റെ യാക്-130 യുദ്ധവിമാനം തകർത്തത്.
യാക് യുദ്ധവിമാനം വെടിവെച്ചിടുന്നതിന്റെ 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ഇസ്രയേൽ വ്യോമസേന സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ''ഞാൻ ലക്ഷ്യം കണ്ടു, ലക്ഷ്യം കണ്ടു, ഞങ്ങൾ ആക്രമണം തുടരും'' എന്ന് ഇസ്രയേലി പൈലറ്റ് പറയുന്നതും വീഡിയോയിൽ കേൾക്കാം. ഇതാദ്യമായാണ് 'അദിർ' യുദ്ധവിമാനം പൈലറ്റുള്ള ഒരു യുദ്ധവിമാനത്തെ തകർക്കുന്നതെന്നും റിപ്പോർട്ടുകളിലുണ്ട്.
ഇറാന്റെ കൈവശമുള്ള യാക്-130 റഷ്യൻ നിർമിത യുദ്ധവിമാനമാണ്. 1990-കളിലാണ് റഷ്യ ഈ യുദ്ധവിമാനങ്ങളുടെ നിർമാണം ആരംഭിച്ചത്. ഇറാന്റെ കൈവശമുള്ള പഴക്കംചെന്ന യുദ്ധവിമാനങ്ങളിൽ താരതമ്യേന മികച്ചതെന്ന് കരുതാവുന്ന യുദ്ധവിമാനമാണ് യാക്-130. ഇതിനുപുറമേ എഫ്-4, എഫ്-5 തുടങ്ങിയ പഴയ യുദ്ധവിമാനങ്ങളാണ് ഇറാൻ വ്യോമസേനയുടെ പക്കലുള്ളതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Content Highlights: An Israeli F-35I 'Adir' stealth fighter shot down an Iranian Yak-130 jet., The incident occurred over Tehran, Iran's capital., The Israeli Air Force released a 16-second video of the engagement., This marks the first reported air-to-air kill for an F-35I against a manned aircraft.