‘ആ സ്വേച്ഛാധിപതി ഇനിയില്ല’; ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന് നെതന്യാഹു, വർഷിച്ചത് 30 ബോംബുകൾ

ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖമേനി ഇനി ജീവനോടെയില്ലെന്ന് സൂചിപ്പിക്കുന്ന നിരവധി തെളിവുകൾ പുറത്തുവരുന്നുണ്ടെന്ന് നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു. ഇറാനെതിരായ സൈനിക നടപടി ആവശ്യമായിടത്തോളം കാലം തുടരും. ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകാൻ സാധ്യതയുള്ളതിനാൽ, ഇസ്രയേൽ പൗരന്മാർ സുരക്ഷാ നിർദേശങ്ങൽ കർശനമായി പാലിക്കണമെന്നും നെതന്യാഹു അഭ്യർഥിച്ചു.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രമുഖ നേതാക്കളെ ശനിയാഴ്ചത്തെ ആക്രമണത്തിലൂടെ വധിച്ചതായി നെതന്യാഹു പറഞ്ഞു. ഖമനേയി ഉണ്ടായിരുന്ന കൃത്യമായ സ്ഥലംതന്നെ തങ്ങൾ ലക്ഷ്യംവെച്ചു. ഖമനേയി കൊല്ലപ്പെട്ടുവെന്ന് ഉറപ്പിക്കുന്ന സൂചനകൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ സ്വേച്ഛാധിപതി ഇനിയില്ലെന്നാണ് ഖമനേയിയെ നെതന്യാഹു തന്റെ പ്രസംഗത്തിൽ വിശേഷിപ്പിച്ചത്. ആയത്തുള്ള ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, റെവല്യൂഷണറി ഗാർഡ് കമാൻഡർമാർ എന്നിവരെയും വധിച്ചു. വരുംദിവസങ്ങളിൽ ഇറാന്റെ ആയിരക്കണക്കിന് കേന്ദ്രങ്ങളെ ലക്ഷ്യംവയ്ക്കുമെന്നും മുന്നറിയിപ്പ് നൽകിയ നെതന്യാഹു, ഇറാനികളോട് ഭരണം അട്ടിമറിക്കാൻ തെരുവിലിറങ്ങണമെന്നും ആഹ്വാനം ചെയ്തു.
ഖമനേയിയുടെ വസതിയും ഓഫീസും ഉൾക്കൊള്ളുന്ന സമുച്ചയത്തിൽ ഇസ്രയേലും അമേരിക്കയും ചേർന്ന് മുപ്പത് ബോംബുകൾ വർഷിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സമുച്ചയത്തിന് വലിയ കേടുപാടുകൾ സംഭവിച്ചതായുള്ള ഉപഗ്രഹ ചിത്രം നേരത്തേ പുറത്തുവന്നിരുന്നു. ഖമനേയിയെ ലക്ഷ്യംവെച്ചായിരുന്നു ആക്രമണം. ആക്രമണ സമയത്ത് അദ്ദേഹം ഭൂഗർഭ അരയിൽ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഖമനേയി സ്വന്തം സുരക്ഷിത ബങ്കറിൽ ആയിരുന്നില്ലെന്നും അതിനാൽ അദ്ദേഹത്തിന് എന്ത് സംഭവിച്ചെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഇസ്രയേൽ മാധ്യമം വ്യക്തമാക്കുന്നു.
ഖമനേയി കൊല്ലപ്പെട്ടെന്ന ഇസ്രയേൽ വാദങ്ങളെ ഇറാൻ നേരത്തേ തള്ളിയിരുന്നു. തനിക്ക് അറിയാവുന്നിടത്തോളം ഇറാനിയൻ പരമോന്നത നേതാവ് ജീവനോടെയുണ്ട് എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന് ഒന്നോ രണ്ടോ കമാൻഡർമാരെ നഷ്ടപ്പെട്ടേക്കാം. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ബി.സി. ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
യു.എസ്. - ഇസ്രയേൽ ആക്രമണത്തിൽ 200-ലധികം പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞത് 201 പേർ കൊല്ലപ്പെടുകയും 747 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച ഏകദേശം 200 ഫൈറ്റർ ജെറ്റുകൾ ഇറാനിൽ ആക്രമണം നടത്തിയെന്നാണ് ഇസ്രയേൽ പറയുന്നത്.
Content Highlights: Israeli PM Netanyahu's assertion that Ayatollah Khamenei may have been killed