ചർച്ചകൾ പരാജയപ്പെടുത്തിയത് നെതന്യാഹുവിന്റെ ഫോൺകോൾ?കരാറിനടുത്തെത്തിയിരുന്നെന്ന് ഇറാൻ

#ന്യൂസ് ഡെസ്ക്
ജെഡി വാന്‍സ്, ബെഞ്ചമിന്‍ നെതന്യാഹു |ഫോട്ടോ:AFP,PTI
ജെഡി വാന്‍സ്, ബെഞ്ചമിന്‍ നെതന്യാഹു |ഫോട്ടോ:AFP,PTI

വാഷിങ്ടൺ/ഇറാൻ: ഇസ്ലാമാബാദിൽ നടന്ന ഇറാൻ യുഎസ് ചർച്ചകളെ വഴിമുട്ടിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ജെഡി വാൻസുമായി നടത്തിയ ഫോൺവിളിയാണെന്ന് ആരോപണം. ഇറാനും അമേരിക്കയും തമ്മിലുള്ള നീണ്ട തർക്കത്തിൽ ഒരു വഴിത്തിരിവാകുമായിരുന്ന കരാറിനെ നെതന്യാഹുവിന്റ വിളി തകിടം മറിച്ചുവെന്ന് ഇറാൻ ആരോപിക്കുന്നു.

നിരവധി വിഷയങ്ങളിൽ ധാരണയായെന്നും ആണവായുധവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കരാറിലെത്താൻ സാധിക്കാതിരുന്നതെന്നും യുഎസ് പറഞ്ഞിരുന്നു.

പുറത്ത് നിന്നുള്ള ഒരു കക്ഷിയാണ് പ്രക്രിയയെ താളംതെറ്റിച്ചതെന്നാണ് ഇറാന്റെ ആരോപണം. ചർച്ചകൾക്കിടയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാൻസുമായി നടത്തിയ ഫോൺ വിളി ചർച്ചകളുടെ ഗതി മാറ്റിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കരാറിന് ഇഞ്ചുകൾ മാത്രം അകലെയായിരുന്നുവെന്ന് അരാഗ്ചി എക്‌സിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഗോൾ പോസ്റ്റുകൾ മാറ്റിയെന്ന് കൂട്ടിച്ചേർത്ത അരാഗ്ചി ഹോർമുസിലെ ട്രംപിന്റെ ഉപരോധത്തെ കുറിച്ചും സൂചിപ്പിച്ചു. എന്നാൽ ഇസ്രയേലിനെയോ നെതന്യാഹുവിനെയോ അദ്ദേഹം പോസ്റ്റിൽ നേരിട്ട് പരാമർശിച്ചിട്ടില്ല.

അതേസമയം അമേരിക്ക-ഇറാൻ ചർച്ചകളിൽ നിന്ന് ഇസ്രായേലിന്റെ മുൻഗണനകളിലേക്ക് സംഭാഷണം വഴിതിരിച്ചുവിട്ടെന്നും ഇത് ചർച്ചയുടെ പുരോഗതിയെ തടസ്സപ്പെടുത്തിയെന്നും അരാഗ്ചി പറഞ്ഞതായാണ് ഇറാനിയൻ മാധ്യമങ്ങൾ പറയുന്നത്.

യുദ്ധക്കളത്തിൽ നേടാൻ കഴിയാത്തത് അമേരിക്ക ചർച്ചകളിൽ നിന്ന് നേടിയെടുക്കാൻ ശ്രമിച്ചുവെന്ന് പ്രസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇറാന്റെ ആണവ പ്രവർത്തനങ്ങൾ, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകൽ, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയാണ് പരിഹാരം കാണാത്ത വിഷയങ്ങളെന്നാണ് ചർച്ചയിൽ പങ്കാളിയായവർ പറയുന്നത്.

അതേ സമയം ജെഡി വാൻസ് നയിച്ച ഇറാനുമായുള്ള സമാധാന ചർച്ചകൾ വിജയിച്ചില്ലെങ്കിലും 21 മണിക്കൂർ നീണ്ട ചർച്ചകൾ ടെഹ്‌റാനിലെ പുതിയ നേതൃത്വവുമായി നല്ല ബന്ധം സ്ഥാപിക്കാൻ യുഎസിനെ സഹായിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഹോർമുസ് കടലിടുക്കിൽ യുഎസ് ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഇറാനെ ഒരു കരാറിന് സമ്മതിക്കാൻ നിർബന്ധിതരാക്കിയേക്കാമെന്ന് യുഎസ് വിശ്വസിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

'ഞങ്ങൾ വളരെ തീവ്രമായ ഒരു ചർച്ചകളിലേക്ക് കടന്നു, അവസാനമായപ്പോഴേക്കും അത് വളരെ സൗഹൃദപരമായിത്തീർന്നു. അവർ അവരുടെ ആണവശേഷി ഉപേക്ഷിക്കാൻ വിസമ്മതിച്ചുവെന്ന വസ്തുത ഒഴികെ ഞങ്ങൾക്ക് ആവശ്യമായ എല്ലാ പോയിന്റുകളും ലഭിച്ചു' ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Content Highlights: Iran-US talks in 2026 stalled following alleged phone intervention by Netanyahu., Abbas Araghchi claims negotiations were close to a deal before external interference