'മുമ്പൊരിക്കലും ഇത്ര അടുത്തെത്തിയിട്ടില്ല'; യുഎസുമായുള്ള കരാറിന്റെ തൊട്ടടുത്തെത്തിയെന്ന് ഇറാൻ

ടെഹ്‌റാൻ: യുഎസുമായുള്ള കരാറിന് തൊട്ടടുത്ത് എത്തിയതായി ഇറാന്റെ സ്ഥിരീകരണം. മുമ്പൊരിക്കലും ഇത്രയധികം അടുത്തെത്തിയിടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്‌സിലൂടെ അറിയിച്ചു. അതേസമയം കരാറിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഊഹാപോഹങ്ങളിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
ഇറാന്റെ ആസ്തികൾ വിട്ടുനൽകുന്നതടക്കം കരാറിലുണ്ടെന്ന് നേരത്തെ ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജെ.ഡി.വാൻസുമടക്കം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ എക്‌സിലൂടെയുള്ള പ്രസ്താവന.
ഇസ്ലാമാബാദ് ധാരണപത്രമെന്നാണ് ഇറാൻ-യുഎസ് കരാറിനെ അബ്ബാസ് അരാഗ്ചി വിശേഷിപ്പിച്ചിരിക്കുന്നത്. ഇറാൻ-യുഎസ് ചർച്ചയ്ക്ക് പാകിസ്താൻ മധ്യസ്ഥത വഹിച്ചിരുന്നു. 'ഇസ്ലാമാബാദ് ധാരണാപത്രത്തിന് മുമ്പൊരിക്കലും ഇത്രയധികം അടുത്തെത്തിയിട്ടില്ല. ഇതിന്റെ അന്തിമരൂപം പൂർത്തിയാകുന്നതുവരെ, ഇതിലെ ഉള്ളടക്കത്തെക്കുറിച്ച് ഊഹാപോഹങ്ങളിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണം. ഞങ്ങളുടെ ഉത്തരവാദിത്തവും സുതാര്യവുമായ സമീപനത്തിന് അനുസൃതമായി, എല്ലാ വിശദാംശങ്ങളും യഥാസമയം പൊതുജനങ്ങളുമായി പങ്കിടും' ഇറാൻ വിദേശകാര്യമന്ത്രി എക്‌സിൽ കുറിച്ചു.
കരാറിന്റെ ഭാഗമായി ഇറാനികൾക്ക് പണം ലഭിക്കുന്നില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുയരുന്ന വ്യാജ വാർത്തകളും അതിനെ അടിസ്ഥാനമാക്കിയുള്ള വിമർശനങ്ങളും അദ്ദേഹം തള്ളി 'അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആശങ്കകൾക്ക് മുൻഗണന നൽകുന്ന രീതിയിലാണ് കരാർ തയ്യാറാക്കിയിരിക്കുന്നത്, ഇറാൻ തങ്ങളുടെ കടമകൾ നിറവേറ്റുകയാണെങ്കിൽ, അവർക്കും ഈ മേഖലക്ക് മുഴുവനും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഈ കരാർ ഈ മേഖലയെ പുനർനിർമ്മിക്കാനും ശാശ്വത സമാധാനത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്' വാൻസ് അറിയിച്ചു.
'ഏത് വിധേനയും പ്രസിഡന്റ് നമുക്ക് നല്ല ഫലം നേടിത്തരും' എന്നും വാൻസ് കൂട്ടിച്ചേർത്തു. ഇറാൻ-യുഎസ് ചർച്ചയിൽ പ്രധാന പങ്കാളിത്തം വഹിക്കുന്ന ആൾകൂടിയാണ് വാൻസ്. ഇസ്ലാമാബാദിൽ നടന്ന ഒന്നാം ഘട്ട ചർച്ചയിൽ യുഎസിനെ പ്രതിനിധീകരിച്ച് അദ്ദേഹം പങ്കെടുത്തിരുന്നു.
Content Highlights: Abbas Araghchi confirms Iran-US deal is closer than ever., Islamabad served as the mediator for the agreement., JD Vance clarifies no direct cash transfers to Iran., The agreement focuses on regional stability and economic benefits., Official details pending finalization to avoid media speculation.