നിക്ഷേപം വിട്ടുനൽകാൻ യുഎസ് സമ്മതിച്ചതായി ഇറാൻ,നിഷേധിച്ച് US, ഹോർമുസിലേക്ക് നീങ്ങി കപ്പലുകൾ

ഇസ്ലാമാബാദ്: ഇറാൻ-യുഎസ് നയതന്ത്ര പ്രതിനിധി ചർച്ചകൾ ഇസ്ലാമാബാദിൽ ആരംഭിച്ചതായി സൂചന. യുഎസ് പ്രതിനിധികളുമായുള്ള നേരിട്ടുള്ള ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ പ്രതിനിധി സംഘം പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, ഇറാൻ, യുഎസ് പ്രതിനിധികൾ മുഖാമുഖം ചർച്ചകൾ നടത്തുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ് പ്രതിനിധികളേയും പിന്നീട് ഇറാനിയൻ പ്രതിനിധികളേയും പാകിസ്താൻ നയതന്ത്രജ്ഞർ മാറി മാറി സന്ദർശിച്ച് വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തിയേക്കാനാണ് സാധ്യതയെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, നേരിട്ടുള്ള ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് ചില ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ് നേതൃത്വം നൽകുന്ന പ്രതിനിധി സംഘത്തിൽ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അടക്കമുള്ളവരുണ്ട്.
യുഎസ് പ്രതിനിധി സംഘത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രത്യേക ഉപദേഷ്ടാവുമായ ജാരെഡ് കുഷ്‌നറും പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും ഉൾപ്പെടുന്നവരാണുള്ളത്.
ചർച്ചകൾക്ക് മുമ്പായി യുഎഇയിലും ഖത്തറിലും മറ്റ് വിദേശ ബാങ്കുകളിലും സൂക്ഷിച്ചിരുന്ന ഇറാനിയൻ നിക്ഷേപങ്ങൾ വിട്ടുനൽകാൻ യുഎസ് സമ്മതിച്ചതായി ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി അടക്കം റിപ്പോർട്ട് ചെയ്തു. എന്നാൽ, അമേരിക്കൻ ഉദ്യോഗസ്ഥർ ഇത് പിന്നീട് നിഷേധിച്ചു.
ഇതിനിടെ, ഇസ്ലാമാബാദിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകളിൽ ശുഭവാർത്ത പ്രതീക്ഷിച്ച് ഒട്ടേറെ കപ്പലുകൾ ഹോർമുസ് കടലിടുക്കിലേക്ക് നീങ്ങുകയാണെന്ന് കപ്പൽ ട്രാക്കിംഗ് ഡാറ്റകൾ കാണിക്കുന്നു. ചൈനീസ് കപ്പലുകൾ ഉൾപ്പെടെ ഏതാനും കപ്പലുകൾ കടലിടുക്ക് വഴി കടന്നുപോയതായും റിപ്പോർട്ടുകളുണ്ട്. ഏതാണ്ട് ഒരു മാസം മുമ്പ് ഇറാഖി തുറമുഖമായ ഉംഖസ്‌റിൽനിന്ന് പുറപ്പെട്ട ഒരു ചൈനീസ് ചരക്ക് കപ്പൽ കഴിഞ്ഞ രാത്രിയോടെ കടന്നുപോയെന്ന് ട്രാക്കിങ് ഡാറ്റയിൽ കാണിക്കുന്നു.
Content Highlights: High-level US and Iranian delegations meet in Islamabad for indirect diplomatic mediation., Delegation members include JD Vance, Jared Kushner, and Abbas Araghchi